2010-ലെ ആത്മഹത്യാ പ്രേരണക്കേസ് ; രാഖി സാവന്റിന്റെ ജാമ്യമില്ലാ വാറണ്ട് റദ്ദാക്കി കോടതി

2010 abetment to suicide case: Court cancels non-bailable warrant against Rakhi Sawant

 ബോളിവുഡ് താരവും ടെലിവിഷൻ വ്യക്തിത്വവുമായ രാഖി സാവന്റിന് ആശ്വാസമായി കോടതി ഉത്തരവ്. 2010-ലെ ആത്മഹത്യാ പ്രേരണക്കേസിൽ വിചാരണയ്ക്ക് ഹാജരാകാത്തതിനെ തുടർന്ന് പുറപ്പെടുവിച്ച ജാമ്യമില്ലാ അറസ്റ്റ് വാറണ്ട് ഉത്തർപ്രദേശിലെ ഝാൻസി കോടതി റദ്ദാക്കി. ‘രാഖി കാ ഇൻസാഫ്’ എന്ന ടെലിവിഷൻ ഷോയിൽ നടത്തിയ പരാമർശങ്ങളുമായി ബന്ധപ്പെട്ടതാണ് ഈ കേസ്. കേസിന്റെ അടുത്ത വാദം ഡിസംബർ ഒന്നിന് നടക്കും.

ഝാൻസിയിലെ സിവിൽ ജഡ്ജ് (ജൂനിയർ ഡിവിഷൻ) ഫാസ്റ്റ് ട്രാക്ക് കോടതിയാണ് വ്യാഴാഴ്ച വാറണ്ട് റദ്ദാക്കിക്കൊണ്ടുള്ള ഉത്തരവ് പുറപ്പെടുവിച്ചത്. അലഹബാദ് ഹൈക്കോടതി നേരത്തെ പുറപ്പെടുവിച്ച സ്റ്റേ ഉത്തരവിന്റെ പകർപ്പ് രാഖിയുടെ അഭിഭാഷകൻ കോടതിയിൽ ഹാജരാക്കുകയായിരുന്നു. 2011 ഡിസംബർ 7-നാണ് ഹൈക്കോടതി ഈ കേസിന്റെ തുടർനടപടികൾ സ്റ്റേ ചെയ്തത്.

2010 നവംബർ 10-ന് ഝാൻസിയിലെ ഹൻസാരി സ്വദേശിയായ 24 കാരൻ ലക്ഷ്മൺ അഹിർവാർ ആത്മഹത്യ ചെയ്ത സംഭവത്തിലാണ് രാഖി സാവന്തിനെതിരെ കേസെടുത്തത്. ‘രാഖി കാ ഇൻസാഫ്’ ഷോയിൽ രാഖി നടത്തിയ അപകീർത്തിപരമായ പരാമർശങ്ങളിൽ മനംനൊന്താണ് മകൻ ജീവനൊടുക്കിയതെന്ന് ആരോപിച്ച് യുവാവിന്റെ അമ്മയാണ് പൊലീസിൽ പരാതി നൽകിയത്. രാജ്ഗഡ് സ്വദേശിയായ അനിത എന്ന യുവതിയുമായുള്ള ദാമ്പത്യ തർക്കങ്ങളെ തുടർന്നാണ് ലക്ഷ്മണിനെ റിയാലിറ്റി ഷോയിലേക്ക് ക്ഷണിച്ചിരുന്നത്.

ഹൈക്കോടതിയുടെ സ്റ്റേ ഉത്തരവ് മുൻനിർത്തി പ്രതിഭാഗം സമർപ്പിച്ച അപേക്ഷ പരിഗണിച്ചാണ് ഝാൻസി ഫാസ്റ്റ് ട്രാക്ക് കോടതി അറസ്റ്റ് വാറന്റ് റദ്ദാക്കിയത്. നടൻ ഗോവിന്ദയുമായുള്ള തർക്കത്തിൽ ഭാര്യ സുനിത അഹൂജയുടെ പക്ഷം പിടിച്ചതിന്റെ പേരിൽ രാഖി അടുത്തിടെയും വാർത്തകളിൽ ഇടം നേടിയിരുന്നു.

Tags