ആക്ഷന്‍ ഹീറോ ബിജു-2 സിനിമയുടെ പേര് വ്യാജ ഒപ്പിട്ട് സ്വന്തമാക്കിയെന്ന് പരാതി ; നിര്‍മ്മാതാവ് പിഎ ഷംനാസിനെതിരെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തു

Action Hero Biju-2: Complaint filed against producer PA Shamnas for allegedly using fake signature to acquire the title of the movie
Action Hero Biju-2: Complaint filed against producer PA Shamnas for allegedly using fake signature to acquire the title of the movie

ആക്ഷന്‍ ഹീറോ ബിജു-2 എന്ന സിനിമയുടെ പേര് വ്യാജ ഒപ്പിട്ട് സ്വന്തമാക്കിയെന്ന പരാതിയില്‍  നിര്‍മ്മാതാവ് പിഎ ഷംനാസിനെതിരെ പോലീസ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തു. ചിത്രത്തിന്‍റെ നിര്‍മ്മാതാവും നായകനുമായ നിവിന്‍ പോളി നല്‍കിയ പരാതിയേത്തുടര്‍ന്നാണ് നടപടി.

ആക്ഷന്‍ ഹീറോ ബിജു-2 എന്ന ചിത്രവുമായി ബന്ധപ്പെട്ട് 2023ല്‍ നിവിന്‍ പോളി, സംവിധായകന്‍ ഏബ്രിഡ് ഷൈന്‍, തലയോലപ്പറമ്പ് സ്വദേശി ഷംനാസ് എന്നിവര്‍ ഒപ്പിട്ട കരാറില്‍ സിനിമയുടെ എല്ലാത്തരം അവകാശങ്ങളും നിവിന്‍ പോളിയുടെ നിര്‍മ്മാണ കമ്പനിയായ പോളി ജൂനിയറിനായിരുന്നു. ഇക്കാര്യം മറച്ച് വച്ച് ഫിലിം ചേംബറില്‍ നിന്നും ചിത്രത്തിന്‍റെ പേരിന്‍റെ അവകാശം ഷംനാസ് സ്വന്തമാക്കുകയായിരുന്നു. ഇതിനായി നിവിന്‍ പോളി യുടെ ഒപ്പ് വ്യാജമായി ചേര്‍ത്ത രേഖ ഹാജരാക്കി. പോലീസ് അന്വേഷണത്തില്‍ ഇക്കാര്യങ്ങള്‍ തെളിഞ്ഞതോടെ ഷംനാസിനെതിരെ പാലാരിവട്ടം പോലീസ് കേസെടുക്കുകയായിരുന്നു.

tRootC1469263">

വ്യാജ ഒപ്പിട്ടതായി തെളിഞ്ഞതോടെ ഫിലിം ചേംബറും ഷംനാസിനെതിരെ നടപടികള്‍ സ്വീകരിക്കും. പോലീസ് കേസ് നല്‍കുന്നത് കൂടാതെ ഇയാളുടെ നിര്‍മ്മാണ കമ്പനിക്ക് ഫിലിം ചേംബര്‍ നിരോധനം ഏര്‍പ്പെടുത്താനും സാധ്യതയുണ്ട്.

ഈ ചിത്രത്തിന്‍റെ അവകാശങ്ങള്‍ തനിക്കാണെന്നും, പോളി ജൂനിയര്‍ കമ്പനി ഓവര്‍സീസ് അവകാശം താനറിയാതെ മറ്റൊരു കമ്പനിക്ക് നല്‍കിയെന്നും കാണിച്ച്  ഷംനാസ് നല്കിയ പരാതിയില്‍ നേരത്തെ നിവിന്‍ പോളിക്കെതിരെ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. വ്യാജ രേഖകള്‍ ഹാജരാക്കിയാണ് ഈ പരാതി നല്‍കിയതെന്ന് മനസിലായതോടെ ആ കേസ് റദ്ദാക്കപ്പെട്ടേക്കും. ഇതിനുള്ള നിയമ നടപടികള്‍ സ്വീകരിച്ചതായി നിവിന്‍ പോളിയുമായി അടുത്ത വൃത്തങ്ങള്‍ സൂചിപ്പിച്ചു.

കരാര്‍ സംബന്ധിച്ച് തര്‍ക്കങ്ങള്‍ നിലനില്‍ക്കേ, നിവിന്‍ പോളിയെ സമൂഹമധ്യത്തില്‍ അപമാനിക്കുന്നതിനും ‍‍ഭീഷണിപ്പെടുത്തി തന്‍റെ കാര്യം നേടുന്നതിനും വേണ്ടി ഷംനാസ് ഗൂഡാലോചന നടത്തിയതായി പരാതിയില്‍ പറയുന്നു. വ്യാജ രേഖ ഹാജരാക്കിയത് ഉള്‍പ്പെടെ തെളിഞ്ഞതിനാല്‍ ജാമ്യമില്ലാത്ത വകുപ്പുകളാണ് ഷംനാസിനെതിരെ പോലീസ് ചുമത്തിയിട്ടുള്ളത്
 

Tags