'ദൃഢം' 11 ദിവസം കൊണ്ട് നേടിയത്

'Druddham' with its realistic police story; Audiences respond well

ദൃശ്യം 3 എത്തുന്നതിന് മുന്‍പ് ജീത്തു ജോസഫും ഇ 4 എക്സ്പെരിമെന്‍റ്സും ചേര്‍ന്ന് അവതരിപ്പിച്ച ഒരു ചിത്രം തിയറ്ററുകളില്‍ എത്തിയിരുന്നു. ജീത്തു ജോസഫിന്‍റെ സംവിധാന സഹായിയായി പ്രവര്‍ത്തിച്ചിട്ടുള്ള മാര്‍ട്ടിന്‍ ജോസഫ് സംവിധാനം ചെയ്ത ദൃഢം എന്ന ചിത്രമായിരുന്നു അത്. മിസ്റ്ററി ക്രൈം ത്രില്ലര്‍ ഗണത്തില്‍ പെട്ട ചിത്രത്തില്‍ ഷെയ്ന്‍ നിഗം ആണ് നായകന്‍. 2020 മുതല്‍ ജീത്തുവിന്‍റെ സംവിധാന സഹായിയായി പ്രവര്‍ത്തിച്ച മാര്‍ട്ടിന്‍റെ സംവിധാന അരങ്ങേറ്റമായിരുന്നു ദൃഢം. ഈ മാസം എട്ടിന് ആയിരുന്നു ചിത്രത്തിന്‍റെ റിലീസ്. കണ്ട പ്രേക്ഷകരില്‍ നിന്നും പോസിറ്റീവ് അഭിപ്രായം സോഷ്യല്‍ മീഡിയയില്‍ വന്ന ചിത്രമാണ് ഇത്. എന്നാല്‍ ബോക്സ് ഓഫീസില്‍ ഇത് നേട്ടമുണ്ടാക്കിയോ? ഇപ്പോഴിതാ ചിത്രം ഇതുവരെ നേടിയ കളക്ഷന്‍ സംബന്ധിച്ച കണക്കുകള്‍ ട്രാക്കര്‍മാര്‍ പുറത്തുവിട്ടിട്ടുണ്ട്.

വ്യത്യസ്ത ട്രാക്കര്‍മാരുടെ കണക്കുകള്‍ പ്രകാരം ചിത്രം കേരളത്തില്‍ നിന്ന് 11 ദിവസം കൊണ്ട് നേടിയത് 3.76 കോടി മുതല്‍ 3.88 കോടി വരെയാണ്. ആഗോള ബോക്സ് ഓഫീസില്‍ നിന്ന് ഇക്കാലയളവില്‍ നേടിയ കളക്ഷന്‍ 6.80 കോടിയും. യൂണിഫോം അണിയുന്ന ഓരോ പൊലീസുകാരനും കടന്നുപോകുന്ന യാഥാര്‍ഥ്യങ്ങള്‍ തുറന്നുകാട്ടുന്ന ചിത്രം എന്നാണ് ദൃഢത്തെ അണിയറക്കാര്‍ വിശേഷിപ്പിച്ചിരിക്കുന്നത്. എസ് ഐ വിജയ് രാധാകൃഷ്ണൻ എന്ന കഥാപാത്രമായാണ് ചിത്രത്തിൽ ഷെയ്ൻ എത്തിയിരിക്കുന്നത്. കുഴിനിലം എന്നൊരു നാട്ടിൻപുറത്തെ പൊലീസ് സ്റ്റേഷനിൽ വിജയ് രാധാകൃഷ്ണൻ എന്ന പുതിയ എസ് ഐ ചാർജ്ജെടുക്കുകയാണ്. താൻ ഏറെ ആഗ്രഹിച്ച ജോലിയിൽ വലിയ ആത്മവിശ്വാസത്തോടെ പ്രവേശിക്കുന്ന അയാള്‍ സ്റ്റേഷനിൽ തീരെ പ്രതീക്ഷിക്കാത്ത ഒട്ടേറെ സാഹചര്യങ്ങളെ നേരിടേണ്ടി വരുന്നതും തുടര്‍ സംഭവങ്ങളുമാണ് സിനിമയുടെ ഇതിവൃത്തം. ഏറെ കൈയടക്കത്തോടെ ഷെയ്ൻ തനിക്ക് ലഭിച്ച വേഷം സ്ക്രീനിൽ എത്തിച്ചിട്ടുണ്ട് എന്നാണ് തിയറ്റർ ടോക്ക്.

'കൊറോണ പേപ്പേഴ്സി'നും 'വേല'യ്ക്കും ശേഷം വീണ്ടും വേറിട്ട ഒരു പോലീസ് കഥാപാത്രമായി ഷെയ്ൻ എത്തിയിരിക്കുന്ന ചിത്രമാണിത്. പവർഫുൾ ആയ ഒരു ഹീറോ കോപ്പിനെയല്ല ഈ ചിത്രത്തിൽ ഷെയ്ൻ അവതരിപ്പിക്കുന്നത്. മറിച്ച് സാഹചര്യങ്ങളെ ഒറ്റയ്ക്ക് നേരിടാനും കാര്യങ്ങൾ മനസ്സിലാക്കിയെടുക്കാനും ശ്രമിക്കുന്ന ഒരു സാധാരണ പൊലീസുകാരനെയാണ്. ജോലിയില്‍ പുതുമുഖമായ നായകൻ ചില തെറ്റുകൾ വരുത്തുന്നതും അതിലൂടെ കാര്യങ്ങൾ പഠിച്ചെടുക്കുന്നതും ഉത്തരവാദിത്തങ്ങളും മാനസിക സമ്മർദ്ദങ്ങളും ഒരാളെ എങ്ങനെ രൂപപ്പെടുത്തുന്നു എന്നതും ചർച്ച ചെയ്യുന്നതാണ് ചിത്രം.

Tags