ക്രിസ്റ്റഫർ നോളന്റെ ബിഗ് ബജറ്റ് ചിത്രം 'ദി ഒഡീസി' ചോർന്നു
ക്രിസ്റ്റഫർ നോളന്റെ ബിഗ് ബജറ്റ് ചിത്രം 'ദി ഒഡീസി' ഓൺലൈനിൽ ചോർന്ന സംഭവത്തിൽ കർശന നടപടിയുമായി യൂണിവേഴ്സൽ പിക്ചേഴ്സ്. ചിത്രം തിയറ്ററുകളിലെത്തി ദിവസങ്ങൾക്കകം വ്യാജപതിപ്പ് സോഷ്യൽ മീഡിയയിൽ പ്രചരിച്ചതിനെത്തുടർന്നാണ് നിർമാതാക്കൾ ലീഗൽ ടേക്ക്ഡൗൺ പ്രോട്ടോക്കോൾ അടക്കമുള്ള നടപടികളിലേക്ക് കടന്നത്.
ഞായറാഴ്ചയാണ് ചിത്രത്തിന്റെ ഒരു ലോ-ക്വാളിറ്റി പതിപ്പ് എക്സിൽ പോസ്റ്റ് ചെയ്യപ്പെട്ടത്. സംഭവം ശ്രദ്ധയിൽപ്പെട്ട ഉടൻ തന്നെ അധികൃതർ ഇടപെടുകയും രണ്ട് മണിക്കൂറിനുള്ളിൽ ഈ വിഡിയോ ലിങ്ക് എക്സിൽ നിന്നും നീക്കം ചെയ്യുകയും ചെയ്തു. എന്നാൽ, ആ ചുരുങ്ങിയ സമയത്തിനുള്ളിൽ തന്നെ അരലക്ഷത്തിലധികം കാഴ്ചക്കാർ ഈ പതിപ്പ് കണ്ടുകഴിഞ്ഞിരുന്നു. എക്സിന് പുറമെ, ടെലിഗ്രാമിലെ വിവിധ ചാനലുകളിലൂടെയും ചിത്രത്തിന്റെ നിരവധിയായ വ്യാജപതിപ്പുകൾ ലഭ്യമായതായി റിപ്പോർട്ടുകളുണ്ട്.
ചിത്രം ഇന്റർനെറ്റിൽ അനധികൃതമായി പ്രചരിക്കുന്ന സംഭവത്തിൽ നിർമാതാക്കളായ യൂണിവേഴ്സൽ പിക്ചേഴ്സ് ഔദ്യോഗികമായി പ്രതികരിച്ചു. ‘ചിത്രത്തിന്റെ അനധികൃതമായ പ്രചരണത്തെക്കുറിച്ച് ഞങ്ങൾ ബോധവാന്മാരാണ്. വിവരം ലഭിച്ച ഉടൻ തന്നെ അത് നീക്കം ചെയ്യാനുള്ള ടേക്ക്ഡൗൺ പ്രോട്ടോക്കോളുകൾ ഞങ്ങൾ ആരംഭിച്ചുകഴിഞ്ഞു. പകർപ്പവകാശ ലംഘനങ്ങളെ വളരെ ഗൗരവത്തോടെയാണ് ഞങ്ങൾ കാണുന്നത്. ഞങ്ങളുടെ ഉള്ളടക്കവും ബൗദ്ധിക സ്വത്തവകാശവും സംരക്ഷിക്കുന്നതിനായി ആവശ്യമായ എല്ലാവിധ നിയമനടപടികളും ഞങ്ങൾ സ്വീകരിക്കുമെന്ന് യൂണിവേഴ്സൽ പിക്ചേഴ്സ് അറിയിച്ചു. ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകളുമായി സഹകരിച്ച് വ്യാജപതിപ്പുകളുടെ ലിങ്കുകൾ അടിയന്തരമായി നീക്കം ചെയ്യാനുള്ള നടപടികളാണ് യൂണിവേഴ്സൽ പിക്ചേഴ്സ് ഇപ്പോൾ സ്വീകരിച്ചുവരുന്നത്.
സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ ചിത്രത്തിന്റെ വ്യാജപതിപ്പുകൾ പ്രചരിക്കുന്നുണ്ടെങ്കിലും, തിയറ്ററുകളിലെ ആധിപത്യത്തിന് ഒട്ടും കുറവുവരുത്താതെ 'ദി ഒഡീസി' മുന്നേറുകയാണ്. റിലീസ് ചെയ്ത് രണ്ടാമത്തെ വാരാന്ത്യത്തിൽ തന്നെ ചിത്രം ആഗോളതലത്തിൽ 600 ദശലക്ഷം ഡോളർ എന്ന വൻ നാഴികക്കല്ല് പിന്നിട്ടു. നിലവിൽ ആഗോളതലത്തിൽ ഏകദേശം 640 ദശലക്ഷം ഡോളറോളമാണ് ചിത്രത്തിന്റെ ആകെ വരുമാനം.
മറ്റ് വിദേശ വിപണികളിൽ നിന്ന് ഇതുവരെ 350 ദശലക്ഷത്തിലധികം ഡോളറാണ് ചിത്രം വാരിയത്. വരുമാനത്തിന്റെ വലിയൊരു പങ്കും ലഭിച്ചത് പ്രീമിയം ലാർജ്-ഫോർമാറ്റ് സ്ക്രീനുകളിൽ നിന്നാണ്. കഴിഞ്ഞ വാരാന്ത്യത്തിൽ മാത്രം ഐമാക്സ് സ്ക്രീനുകളിൽ നിന്ന് 48 ദശലക്ഷം ഡോളറാണ് ചിത്രത്തിന് ലഭിച്ചത്. നോളന്റെ തന്നെ മുൻ സൂപ്പർഹിറ്റ് ചിത്രമായ 'ഓപ്പൺഹൈമറിന്റെ' ആദ്യ വാരാന്ത്യ കളക്ഷനേക്കാൾ കൂടുതലാണ് 'ദി ഒഡീസി' തങ്ങളുടെ രണ്ടാം വാരാന്ത്യത്തിൽ മാത്രം നേടിയത് എന്നത് ഏറെ ശ്രദ്ധേയമാണ്.
.jpg)

