ഹൊറർ ഫാമിലി ഇമോഷണൽ ത്രില്ലർ ചിത്രം ‘ചിത്തിനി’യുടെ ഫസ്റ്റ് ലുക്ക്‌ പോസ്റ്റർ പുറത്തിറങ്ങി

chithini

‘കള്ളനും ഭഗവതിയും’ എന്ന ചിത്രത്തിനു ശേഷം കെ.വി. അനിലിന്റെ കഥയ്ക്ക് ഈസ്റ്റ് കോസ്റ്റ് വിജയനും, കെ.വി. അനിലും ചേര്‍ന്ന്  തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്ന ചിത്രം ‘ചിത്തിനി’യുടെ ഫസ്റ്റ് ലുക്ക്‌ പോസ്റ്റർ പുറത്തിറങ്ങി. ഈസ്റ്റ് കോസ്റ്റ് വിജയൻ തന്നെയാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

ബിഗ് ബഡ്ജറ്റിൽ, ഹൊറർ ഫാമിലി ഇമോഷണൽ ത്രില്ലർ വിഭാഗത്തിലൊരുങ്ങുന്ന ചിത്രത്തിൽ അമിത്ത് ചക്കാലക്കൽ, വിനയ് ഫോർട്ട്, മോക്ഷ (കള്ളനും ഭഗവതിയും ഫെയിം), പുതുമുഖങ്ങളായ ആരതി നായർ, എനാക്ഷി എന്നിവരാണ് മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഈസ്റ്റ് കോസ്റ്റ് കമ്മ്യൂണിക്കേഷൻസാണ് ചിത്രം നിർമ്മിക്കുന്നത്. ഈസ്റ്റ് കോസ്റ്റ് നിർമ്മിക്കുന്ന ഏഴാമത്തെ ചിത്രമാണ് ‘ചിത്തിനി’.

ഈസ്റ്റ് കോസ്റ്റ് വിജയന്‍, സന്തോഷ്‌ വര്‍മ്മ, സുരേഷ് എന്നിവരുടെ വരികള്‍ക്ക് യുവ സംഗീത സംവിധായകരില്‍ ശ്രദ്ധേയനായ രഞ്ജിൻ രാജാണ് സംഗീത സംവിധാനം നിർവ്വഹിക്കുന്നത്. നാല് ഗാനങ്ങളാണ് ചിത്രത്തിലുള്ളത്. ഷൂട്ടിംഗ് പൂർത്തിയാക്കിയ ചിത്രത്തിൻറെ പോസ്റ്റ് പ്രോഡക്‌ഷൻ ജോലികൾ ആരംഭിച്ചു കഴിഞ്ഞു.