കുട്ടിക്കാലത്ത് വീട്ടിൽ സിനിമ കാണുന്നതിന് കർശന നിയന്ത്രണങ്ങളുണ്ടായിരുന്നു, പ്രത്യേകിച്ച് പ്രണയചിത്രങ്ങൾ കാണാൻ ; ആമിർ ഖാൻ

Aamir Khan hints at quitting films

 ലോകമെമ്പാടും ദശലക്ഷക്കണക്കിന് ആരാധകരുള്ള താരമാണ് ആമിർ ഖാൻ. താൻ ഒരു കടുത്ത സിനിമാ പ്രേമിയല്ലെന്ന് വെളിപ്പെടുത്തി ആമിർ ഖാൻ. കുട്ടിക്കാലത്ത് വീട്ടിൽ സിനിമ കാണുന്നതിന് കർശന നിയന്ത്രണങ്ങളുണ്ടായിരുന്നുവെന്നും പ്രത്യേകിച്ച് പ്രണയചിത്രങ്ങൾ കാണാൻ അനുവാദമില്ലായിരുന്നുവെന്നും താരം പറഞ്ഞു. വെറൈറ്റി ഇന്ത്യക്ക് നൽകിയ അഭിമുഖത്തിലാണ് തൻ്റെ വേറിട്ട സിനിമാ കാഴ്ചപ്പാടുകളെക്കുറിച്ച് ആമിർ ഖാൻ സംസാരിച്ചത്.

സിനിമയേക്കാൾ കൂടുതൽ വായനയെ സ്നേഹിക്കുന്ന ആളാണ് താനെന്ന് ആമിർ ഖാൻ പറയുന്നു. “കുട്ടിക്കാലത്ത് സിനിമ കാണാൻ അത്ര എളുപ്പത്തിൽ അനുവാദം കിട്ടുമായിരുന്നില്ല. ഏതെങ്കിലും സിനിമ കാണാൻ അമ്മയോട് അനുവാദം ചോദിച്ചാൽ ചിലപ്പോൾ സമ്മതിക്കും, പക്ഷേ റൊമാന്റിക് സിനിമകൾക്ക് കർശന വിലക്കായിരുന്നു. പഴയകാല ബ്ലാക്ക് ആൻഡ് വൈറ്റ് ചിത്രങ്ങൾ മാത്രമാണ് താൻ സ്ഥിരമായി കണ്ടിട്ടുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

18-ാം വയസ്സിൽ അസിസ്റ്റന്റ് ഡയറക്ടറായി കരിയർ തുടങ്ങിയ താരത്തിന് സിനിമ കാണുന്നതിനേക്കാൾ താൽപ്പര്യം അത് നിർമിക്കാനാണ്. ഫുട്ബോൾ കളിക്കുന്നവരും അത് ഗാലറിയിലിരുന്ന് കാണുന്നവരും തമ്മിലുള്ള വ്യത്യാസമാണ് തൻ്റെ സിനിമാ ജീവിതമെന്ന് അദ്ദേഹം തമാശയായി പറഞ്ഞു. ഹോളിവുഡിലോ മറ്റോ നിലവിൽ എന്ത് നടക്കുന്നു എന്നതിനെക്കുറിച്ച് തനിക്ക് വലിയ ധാരണയില്ലെന്നും അദ്ദേഹം തുറന്നുസമ്മതിച്ചു. 'ധുരന്ധർ 2' ബോക്സ് ഓഫീസിൽ തരംഗമാകുമ്പോഴും താൻ ആ ചിത്രം ഇതുവരെ കണ്ടിട്ടില്ലെന്ന് താരം വെളിപ്പെടുത്തി.

അഭിനയത്തിൽ നിന്ന് ചെറിയ ഇടവേളകൾ എടുക്കാറുണ്ടെങ്കിലും ശക്തമായ തിരക്കഥകളുമായി തിരിച്ചുവരാൻ ഒരുങ്ങുകയാണ് ആമിർ ഖാൻ. സണ്ണി ഡിയോളിനെ നായകനാക്കി അമീർ ഖാൻ നിർമിക്കുന്ന ലാഹോർ 1947 ആഗസ്റ്റിൽ റിലീസ് ചെയ്യും. ഏറ്റവും ഒടുവിലായി 'ഹാപ്പി പട്ടേൽ' എന്ന ചിത്രത്തിൽ അതിഥി വേഷത്തിൽ എത്തിയ ആമിർ ഖാൻ, വരും വർഷങ്ങളിൽ നിർമാതാവായും നടനായും സജീവമായിരിക്കുമെന്ന സൂചനയാണ് നൽകുന്നത്.

Tags