‘വെല്ലുവിളികൾ മറികടന്ന് സംസ്ഥാനത്തെ പുതിയ ഉയരങ്ങളിലെത്തിക്കാൻ നിനക്ക് കഴിയുമെന്ന് എനിക്ക് ഉറപ്പുണ്ട്’ ; മുഖ്യമന്ത്രി വിജയ്ക്ക് ആശംസകളും ഉപദേശവുമായി സമുദ്രക്കനി

samudrakani

സിനിമയിലെ തിളക്കമാർന്ന കരിയർ അവസാനിപ്പിച്ച് രാഷ്ട്രീയത്തിൽ സജീവമായ വിജയ് തമിഴ്‌നാട് മുഖ്യമന്ത്രിയായി അധികാരമേറ്റ വേളയിൽ, അഭിനന്ദനങ്ങളുമായി നടനും സംവിധായകനുമായ സമുദ്രക്കനി രംഗത്തെത്തി. തിരുമല ദർശനത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. “പ്രിയ സഹോദരാ, ബഹുമാനപ്പെട്ട മുഖ്യമന്ത്രി, ഈ തടസ്സങ്ങളൊന്നും ഒന്നുമല്ല. ഇനിയും വലിയ വെല്ലുവിളികൾ മുന്നിലുണ്ടാകും. അവയെല്ലാം മറികടന്ന് സംസ്ഥാനത്തെ പുതിയ ഉയരങ്ങളിലെത്തിക്കാൻ നിനക്ക് കഴിയുമെന്ന് എനിക്ക് ഉറപ്പുണ്ട്” എന്ന് സമുദ്രക്കനി ആശംസിച്ചു.

വിജയ്‌യുടെ വ്യക്തിജീവിതവുമായി ബന്ധപ്പെട്ട് മുമ്പ് ചില വിമർശനങ്ങൾ സമുദ്രക്കനി ഉയർത്തിയിരുന്നത് വലിയ വാർത്തയായിരുന്നു. എന്നാൽ അത് സ്നേഹക്കൂടുതൽ കൊണ്ടും ആത്മബന്ധം കൊണ്ടുമാണെന്ന് അദ്ദേഹം ഇപ്പോൾ വ്യക്തമാക്കിയിട്ടുണ്ട്. താൻ വിജയ്‌യെ എക്കാലവും പിന്തുണയ്ക്കുന്നവരിൽ ഒരാളാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മുഖ്യമന്ത്രിയായി അധികാരമേറ്റ ശേഷം നടന്ന ആദ്യ പ്രസംഗത്തിൽ തമിഴ്‌നാട്ടിൽ സാമൂഹിക നീതിയുടെ പുതിയ കാലം പിറക്കുമെന്ന് വിജയ് പ്രഖ്യാപിച്ചു. ആദവ് അർജുന, കെ.ജി. അരുൺരാജ് എന്നിവർ ഉൾപ്പെടെ ഒൻപത് മന്ത്രിമാരാണ് വിജയ്‌ക്കൊപ്പം സത്യപ്രതിജ്ഞ ചെയ്തത്.

രാഷ്ട്രീയത്തിലേക്ക് പൂർണ്ണമായും ചുവടുമാറ്റുന്നതിന്റെ ഭാഗമായി വിജയ് സിനിമയോട് വിടപറയുകയാണെന്ന സൂചനകളും ശക്തമാണ്. അദ്ദേഹത്തിന്റെ അവസാന ചിത്രമായി കരുതപ്പെടുന്ന ‘ജനനായകൻ’ ചില സെൻസർ ബോർഡ് പ്രതിസന്ധികൾ നേരിടുന്നുണ്ടെങ്കിലും വൈകാതെ റിലീസ് ചെയ്യുമെന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്. തമിഴക വെട്രി കഴകം എന്ന പാർട്ടി രൂപീകരിച്ച് വളരെ ചുരുങ്ങിയ കാലത്തിനുള്ളിൽ ഭരണകൂടത്തിന്റെ അമരത്തെത്തിയ വിജയ്‌യുടെ ഈ രാഷ്ട്രീയ മുന്നേറ്റത്തെ വലിയ കൗതുകത്തോടെയാണ് രാജ്യം നോക്കിക്കാണുന്നത്.

Tags