‘കാക്ക കാക്ക’ സിനിമയുടെ കാലം മുതൽ ഇവരുടെ കെമിസ്ട്രി വളരെ സവിശേഷമാണ് ; സൂര്യയുടെയും ജ്യോതികയുടെയും സ്നേഹത്തെക്കുറിച്ച് കാർത്തി

karthi

 സൂര്യയുടെയും ജ്യോതികയുടെയും സ്നേഹത്തെക്കുറിച്ചും അവരുടെ ദാമ്പത്യജീവിതത്തെക്കുറിച്ചും വാചാലനായി നടൻ കാർത്തി. തങ്ങളുടെ പുതിയ ചിത്രത്തിന്റെ പ്രമോഷൻ പരിപാടിക്കിടെയാണ് സൂര്യയുടെയും ജ്യോതികയുടെയും പ്രണയത്തെക്കുറിച്ച് കാർത്തി രസകരമായ അനുഭവങ്ങൾ പങ്കുവെച്ചത്.

‘കാക്ക കാക്ക’ സിനിമയുടെ കാലം മുതൽ ഇവരുടെ കെമിസ്ട്രി വളരെ സവിശേഷമാണെന്ന് കാർത്തി പറഞ്ഞു. അടുത്തിടെ ഇരുവരുടെയും ഇരുപതാം വിവാഹ വാർഷികാഘോഷത്തിന്റെ ഭാഗമായി സ്കോട്ട്ലൻഡിലേക്ക് നടത്തിയ യാത്രയെക്കുറിച്ചും അദ്ദേഹം ഓർത്തെടുത്തു. “ചുമ്മാ വാ” എന്ന് പറഞ്ഞ് തന്നെയും ഒപ്പം കൂട്ടിയതാണെന്നും എന്നാൽ അവിടെയെത്തിയപ്പോൾ ഒന്നിനുപിറകെ ഒന്നായി വലിയ സർപ്രൈസുകളാണ് തങ്ങളെ കാത്തിരുന്നതെന്നും കാർത്തി വ്യക്തമാക്കി.

ഈ ദാമ്പത്യബന്ധത്തിൽ ജ്യോതിക നൽകുന്ന എഫേർട്ട് വളരെ വലുതാണെന്നും അവർ ‘വേറെ ലെവൽ’ ആണെന്നും കാർത്തി പ്രശംസിച്ചു. ഇവരുടെ അമിത സ്നേഹം കണ്ട് ഒപ്പമുണ്ടായിരുന്ന മറ്റ് ദമ്പതികൾക്കൊക്കെ വലിയ ‘പണിയാണ്’ കിട്ടിയതെന്നും, തനിക്കുണ്ടായ അനുഭവം പുറത്തുപറയാൻ പോലും പറ്റില്ലെന്നും താരം തമാശരൂപേണ പറഞ്ഞു. അവരുടെ സ്നേഹം കണ്ട ശേഷം പല വീട്ടിലും ഭർത്താക്കന്മാർക്ക് ചോറ് കിട്ടുന്നില്ല എന്നാണ് കേട്ടത്. എങ്ങനെ സ്നേഹിക്കണമെന്ന് ഇതു കണ്ട് പഠിക്ക് എന്നാണ് എല്ലാവരും പറയുന്നത്… തമാശ മാറ്റിവച്ചാൽ, അവരുടെ സ്നേഹം അതിമനോഹരമാണ്. അത് നിങ്ങൾ എല്ലാവരും കണ്ടിരിക്കും. അത് ശരിക്കും സ്പെഷ്യൽ തന്നെയാണ്.’ കാർത്തി ചിരിയോടെ കൂട്ടിച്ചേർത്തു.

തമാശകൾക്കപ്പുറം ഇരുവരുടെയും പരസ്പരമുള്ള സ്നേഹം അതിമനോഹരവും ഏവരെയും അത്ഭുതപ്പെടുത്തുന്നതുമാണെന്ന് വ്യക്തമാക്കിയാണ് കാർത്തി സംസാരിച്ചുനിർത്തിയത്. സ്കോട്ട്ലൻഡിൽ വെച്ച് രണ്ടാമതും വിവാഹം കഴിച്ചുകൊണ്ടായിരുന്നു സൂര്യയും ജ്യോതികയും തങ്ങളുടെ ഇരുപതാം വിവാഹ വാർഷികം ആഘോഷിച്ചത്. ‘ദ് സീക്വൽ’ എന്ന് പേരിട്ട ഈ വിവാഹാഘോഷ ചടങ്ങിൽ മക്കളായ ദേവും ദിയയും മാതാപിതാക്കളുടെ വിവാഹത്തിന് സാക്ഷികളാകാൻ ഒപ്പമുണ്ടായിരുന്നു. ഈ ചിത്രങ്ങളും വീഡിയോകളും സമൂഹമാധ്യമങ്ങളിൽ വലിയ തരംഗമായിരുന്നു.

Tags