ഫിലിം ക്രിട്ടിക്‌സ് അവാര്‍ഡ് നിറവില്‍ 'ചതി': വയനാട്ടിലെ ഗോത്രജനതയുടെ ജീവിതകാഴ്ചയാണ് സിനിമയെന്ന് ശരത്ചന്ദ്രന്‍ വയനാട്

google news
chathi

കല്‍പ്പറ്റ: വയനാടിന്റെ പശ്ചാത്തലത്തില്‍ ഒരുക്കിയ ചതി ഗോത്രജനതയുടെ സന്തോഷവും സങ്കടവും നിറഞ്ഞ ജീവിതത്തിന്റെ നേര്‍ക്കാഴ്ചയാണെന്ന് സംവിധായകന്‍ ശരത്ചന്ദ്രന്‍ വയനാട്. വയനാട് പ്രസ്സ്‌ക്ലബ്ബില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സിനിമ പ്രേക്ഷകരുടെ മികച്ച പ്രതികരണവുമായി പ്രദര്‍ശനം തുടരുന്നതിലും, കേരളത്തില്‍ സംസ്ഥാന അവാര്‍ഡ് കഴിഞ്ഞാല്‍ അപേക്ഷ ക്ഷണിച്ച് ജൂറി കണ്ട് നിര്‍ണയിക്കുന്ന ഒരേയൊരു ചലച്ചിത്ര പുരസ്‌കാരമായ ഫിലിം ക്രിട്ടിക്‌സ് അവാര്‍ഡില്‍ മികച്ച സാമൂഹിക പ്രതിബദ്ധതയുള്ള ചിത്രമായായി 'ചതി' തിരഞ്ഞെടുക്കപ്പെട്ടതില്‍ സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

chathii

സിനിമയില്‍ കരിന്തണ്ടനെന്ന ചരിത്രപുരുഷന്റെ റോളിലേക്ക് തന്നെ തിരഞ്ഞെടുത്തതിലും, അഭിനയിക്കാന്‍ സാധിച്ചും ജീവിതത്തിലെ മറക്കാനാവാത്ത അനുഭവമാണെന്ന് അഭിനേതാവ് അബുസലീമും പറഞ്ഞു. വയനാടിന്റെ പ്രകൃതി മനോഹാരിതയില്‍ ആക്ഷനും, സെന്റിമെന്റ്‌സിനും, പ്രണയത്തിനും പ്രാധാന്യം നല്‍കി മെയ് 12ന് പുറത്തിറങ്ങിയ 'ചതി'ക്ക് പ്രേക്ഷകരുടെയും, നിരൂപകരുടെയും മികച്ച അഭിപ്രായമാണ് തീയേറ്ററില്‍ നിന്നും ലഭിക്കുന്നതെന്ന് സിനിമയുടെ ഭാഗമായ ധനേഷ് ദാമോദര്‍, എടക്കല്‍ മോഹനന്‍, സുബൈര്‍ വയനാട് എന്നിവരും പറഞ്ഞു. പ്രദര്‍ശനം തുടരുമ്പോള്‍ തന്നെ പുരസ്‌കാരം കൂടി ലഭിച്ചതിന്റെയും, ഒപ്പം വിദേശരാജ്യങ്ങളില്‍ അടക്കമുള്ള അന്താരാഷ്ട്ര ചലച്ചിത്ര മേളകളിലേക്ക് മത്സരവിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കാന്‍ ക്ഷണം ലഭിച്ചതിലും ഇരട്ടി സന്തോഷത്തിലാണ് അണിയറപ്രവര്‍ത്തകരെന്നും അവര്‍ പറഞ്ഞു.

ഡബ്ല്യു എം മൂവീസിന്റെ ബാനറില്‍ എന്‍ കെ മുഹമ്മദ്ആണ് 'ചതി' നിര്‍മിച്ചിരിക്കുന്നത്. ജാഫര്‍ ഇടുക്കിയുടെയും, അബുസലിമിന്റെയും വ്യത്യസ്തമാര്‍ന്ന അഭിനയ മുഹൂര്‍ത്തങ്ങളാണ് ചിത്രത്തിന്റെ ഹൈലൈറ്റ്. ഇവരെ കൂടാതെ സംവിധായകന്‍ ലാല്‍ജോസ്, അഖില്‍ പ്രഭാകര്‍, ശ്രീകുമാര്‍ (മറിമായം), ശിവദാസ് മട്ടന്നൂര്‍, ഉണ്ണി രാജ്, ബാബു വള്ളിത്തോട്, അഖില നാഥ്, ലത ദാസ്, ഋതു മന്ത്ര, സായി കൃഷ്ണ, ശിശിര സെബാസ്റ്റ്യന്‍ എന്നിവര്‍ക്കൊപ്പം വയനാട്ടില്‍ നിന്നടക്കമുള്ള ഒട്ടനവധി പുതുമുഖങ്ങളും ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. ചതിക്ക് ശേഷം തെന്നിന്ത്യയിലെ പ്രഗത്ഭതാരങ്ങളും, അണിയറ പ്രവര്‍ത്തകരും ഒന്നിക്കുന്ന ഉടന്‍ ചിത്രീകരണം ആരംഭിക്കുന്ന പുതിയ ചിത്രത്തിന്റെ അവസാനഘട്ട പണിപ്പുരയിലാണ് സംവിധായകന്‍ ശരത്ചന്ദ്രന്‍ വയനാട്.

Tags