ടെലിവിഷൻ ചാനലുകളുടെ 12 മിനിറ്റ് പരസ്യ സമയ പരിധി എടുത്തുമാറ്റി കേന്ദ്ര സർക്കാർ

The Central Government has removed the 12-minute advertising time limit for television channels.

 ടെലിവിഷൻ ചാനലുകളുടെ പരസ്യ സമയത്തിന് ഏർപ്പെടുത്തിയിരുന്ന 12 മിനിറ്റ് എന്ന പരിധി നീക്കം ചെയ്യുന്നതായി വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം (ഐ & ബി) പ്രഖ്യാപിച്ചു. ന്യായമായ മത്സരം പ്രോത്സാഹിപ്പിക്കുന്നതിനും ‘ഈസ് ഓഫ് ഡൂയിംഗ് ബിസിനസ്സ്’ മെച്ചപ്പെടുത്തുന്നതിനുമാണ് ഈ നിർണായക തീരുമാനം. 1994-ലെ കേബിൾ ടെലിവിഷൻ നെറ്റ്‌വർക്ക് നിയമങ്ങളിൽ ഭേദഗതി വരുത്തിക്കൊണ്ടുള്ള ഗസറ്റ് വിജ്ഞാപനം പുറത്തിറങ്ങുന്നതോടെ തീരുമാനം ഔദ്യോഗികമായി പ്രാബല്യത്തിൽ വരും. 2006-ലാണ് അന്നത്തെ കേബിൾ ടിവി നിയമപ്രകാരം സർക്കാർ 12 മിനിറ്റ് പരസ്യ പരിധി ഏർപ്പെടുത്തിയിരുന്നത്.

കഴിഞ്ഞ രണ്ട് പതിറ്റാണ്ടുകളായി ടെലിവിഷൻ പ്രക്ഷേപണ മേഖലയിൽ ഉണ്ടായ വൻ മാറ്റങ്ങളാണ് പുതിയ തീരുമാനത്തിലേക്ക് സർക്കാരിനെ നയിച്ചത്. 2006-ൽ ഇന്ത്യയിൽ ആകെ 62 ടെലിവിഷൻ ചാനലുകൾ മാത്രമാണുണ്ടായിരുന്നതെങ്കിൽ, നിലവിൽ അത് 900-ൽ അധികമായി ഉയർന്നിട്ടുണ്ട്. അന്നത്തെ അനലോഗ് സാങ്കേതികവിദ്യയിൽ നിന്ന് മാറി കേബിൾ ടെലിവിഷൻ മേഖല പൂർണ്ണമായും ഡിജിറ്റലൈസ് ചെയ്യപ്പെട്ടതോടെ പ്രക്ഷേപണ രംഗം തന്നെ മാറിമറിഞ്ഞു. ഡി.ടി.എച്ച്., കേബിൾ ടിവി, ഐ.പി.ടി.വി. പ്ലാറ്റ്‌ഫോമുകൾ വഴി ഇപ്പോൾ ഒരേസമയം 300 മുതൽ 500-ലധികം ചാനലുകൾ ലഭ്യമാണ്. ഇത് കാഴ്ചക്കാർക്ക് കൂടുതൽ തിരഞ്ഞെടുപ്പുകൾ സമ്മാനിച്ചിട്ടുണ്ട്.

ഡിജിറ്റൽ മീഡിയ പ്ലാറ്റ്‌ഫോമുകൾക്ക് സമാനമായ പരസ്യ സമയ പരിധികൾ ഇല്ലാത്തതിനാൽ പരമ്പരാഗത ടെലിവിഷൻ ചാനലുകൾ കടുത്ത വിപണി മാത്സര്യത്തിൽ പിന്നിലായിരുന്നു. പരസ്യ വരുമാനത്തെ വലിയ തോതി ആശ്രയിക്കുന്ന പേ, ഫ്രീ-ടു-എയർ ചാനലുകൾക്ക് ഈ നിയന്ത്രണം തിരിച്ചടിയായിരുന്നു. പരസ്യ സമയ പരിധി ഒഴിവാക്കുന്നത് ഈ അസമത്വം പരിഹരിക്കാനും, ടിവി വ്യവസായത്തിനുള്ളിലും ഡിജിറ്റൽ മീഡിയയുമായുള്ള മത്സരത്തിലും ചാനലുകൾക്ക് തുല്യാവസരം ഉറപ്പാക്കാനും സഹായിക്കുമെന്ന് മന്ത്രാലയം വ്യക്തമാക്കി.

Tags