‘കേക്ക് സ്റ്റോറി’ക്ക് ക്ലീൻ യു സർട്ടിഫിക്കറ്റ്


സംവിധായകൻ സുനിൽ ഒരിടവേളയ്ക്ക് ശേഷം സംവിധാനം ചെയ്യുന്ന ‘കേക്ക് സ്റ്റോറി’ചിത്രത്തിന് ക്ലീൻ യു സർട്ടിഫിക്കറ്റ് ലഭിച്ചു. ഏപ്രിൽ 19നാണ് ചിത്രം തിയേറ്ററുകളിലേക്ക് എത്തുന്നത്. ഒരു കേക്കിന് പിന്നിലെ രസകരവും ഒപ്പം ഉദ്വേഗ ജനകവുമായ കഥയുമായെത്തുന്ന ചിത്രത്തിൽ സംവിധായകൻ സുനിലിൻ്റെ മകൾ വേദ സുനിലാണ് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.
അതേസമയം ചിത്രത്തിൻറെ തിരക്കഥ ഒരുക്കിയിരിക്കുന്നതും വേദ സുനിലാണ്. ചിത്രവേദ റീൽസിൻ്റേയും ജെകെആർ ഫിലിംസിൻ്റേയും ബാനറിൽ ബിന്ദു സുനിലും ജയന്തകുമാർ അമൃതേശ്വരിയും ചേർന്നാണ് ‘കേക്ക് സ്റ്റോറി’ നിർമ്മിക്കുന്നത്. കൂടാതെ തമിഴ് നടനായ റെഡിൻ കിൻസ്ലി ആദ്യമായി മലയാള സിനിമയിൽ അഭിനയിക്കുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. അദ്ദേഹം ഈ സിനിമയിൽ വളരെ പ്രധാനപ്പെട്ട ഒരു മുഴുനീള കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത്. അച്ഛനോടൊപ്പം നാല് ചിത്രങ്ങളിൽ അസിസ്റ്റൻറ് ഡയറക്ടറായും, മറ്റൊരു ചിത്രത്തിൽ എഡിറ്റർ ആയും പ്രവർത്തിച്ച വേദയുടെ ആദ്യ തിരക്കഥയാണ് ‘കേക്ക് സ്റ്റോറി’. ‘പന്ത്രണ്ട് മണിയും പതിനെട്ടു വയസ്സും’ എന്ന പേരിലുള്ള ഒരു പുസ്തകവും വേദ രചിച്ചിട്ടുണ്ട്.
