'ബ്രില്യന്റ് മമ്മൂട്ടി സാര്‍'; 'നന്‍പകലി'ന് കൈയടിച്ച് ബോളിവുഡ് സംവിധായകന്‍

mammootty

മലയാള സിനിമകളില്‍ ഒടിടി റിലീസിലൂടെ ഭാഷയുടെ അതിര്‍വരമ്പുകള്‍ക്കപ്പുറത്ത് ശ്രദ്ധ നേടിയ ചിത്രങ്ങളിലൊന്ന് നന്‍പകല്‍ നേരത്ത് മയക്കമാണ്. ലിജോ ജോസ് പെല്ലിശ്ശേരിയുടെ ഫ്രെയിമുകളിലേക്ക് മമ്മൂട്ടി ആദ്യമായി എത്തിയ സിനിമ. ഒടിടിയില്‍ എത്തി രണ്ടാഴ്ച പിന്നിടുമ്പോഴും ചിത്രം പുതുതായി കണ്ട് പ്രശംസയുമായി സോഷ്യല്‍ മീഡിയയില്‍ എത്തുന്നവരുണ്ട്. അക്കൂട്ടത്തില്‍ സാധാരണ പ്രേക്ഷകരും സിനിമാ പ്രവര്‍ത്തകരുമൊക്കെയുണ്ട്. ഇപ്പോഴിതാ ചിത്രത്തെയും മമ്മൂട്ടിയുടെ പ്രകടനത്തെയും പ്രശംസിച്ച് എത്തിയിരിക്കുകയാണ് ബോളിവുഡ് സംവിധായകന്‍ ഹന്‍സല്‍ മെഹ്ത.
ശരിക്കും ഞെട്ടിക്കുന്ന സിനിമ. നന്‍പകല്‍ നേരത്ത് മയക്കം. മമ്മൂട്ടി സാറിന്റെ ഉജ്ജ്വലമായ അഭിനയ മുഹൂര്‍ത്തങ്ങള്‍ ഉള്ള ഒരു ലിജോ ജോസ് പെല്ലിശ്ശേരി ചിത്രം. രണ്ട് മികച്ച കലാകാരന്മാരുടെ മികവിന്റെ സാക്ഷ്യമാണ് ഈ ചിത്രവും അതിലെ പ്രകടനവും, ഹന്‍സല്‍ മെഹ്ത ട്വിറ്ററില്‍ കുറിച്ചു.
മമ്മൂട്ടി കമ്പനി എന്ന പേരില്‍ താന്‍ പുതുതായി ആരംഭിച്ച നിര്‍മ്മാണ കമ്പനിയിലൂടെ മമ്മൂട്ടി ആദ്യമായി നിര്‍മ്മിച്ച ചിത്രമാണ് നന്‍പകല്‍ നേരത്ത് മയക്കം. വ്യത്യസ്ത തലത്തിലുള്ള അവതരണവും കഥാപാത്ര സൃഷ്ടിയുമാണ് നന്‍പകല്‍ നേരത്ത് മയക്കത്തിന്റെ പ്രത്യേകത. തന്റെ മുന്‍ സിനിമകളില്‍ നിന്ന് സമീപനത്തില്‍ വ്യത്യസ്തതയുമായാണ് ലിജോ നന്‍പകല്‍ ഒരുക്കിയിരിക്കുന്നത്. 

Share this story