ബോക്സ് ഓഫീസിൽ കുതിച്ച് ‘ടോക്സിക്’

toxic

യാഷിനെ നായകനാക്കി ഗീതു മോഹൻദാസ് സംവിധാനം ചെയ്ത ബിഗ് ബഡ്ജറ്റ് ചിത്രം ‘ടോക്സിക്’ തിയേറ്ററുകളിൽ വിജയകരമായി മുന്നേറുകയാണ്. മികച്ച പ്രേക്ഷക പ്രതികരണങ്ങളോടെ തിയേറ്ററുകളിൽ പ്രദർശനം തുടരുന്ന ചിത്രം ബോക്സ് ഓഫീസിലും വലിയ നേട്ടമാണ് കൊയ്യുന്നത്. യാഷിന്റെയും കിയാരാ അദ്വാനിയുടെയും മികച്ച പ്രകടനമാണ് ചിത്രത്തിന്റെ പ്രധാന ഹൈലൈറ്റ് എന്നാണ് പ്രേക്ഷകരുടെ വിലയിരുത്തൽ. ഇതിനിടയിൽ ചിത്രത്തിന്റെ ഇംഗ്ലീഷ് പതിപ്പും റിലീസിനൊരുങ്ങുകയാണ്.  

ചിത്രത്തിൽ യാഷ് ഇരട്ട വേഷത്തിലാണ് എത്തിയിരിക്കുന്നത്. സാൿനിൽക്കിന്റെ റിപ്പോർട്ട് പ്രകാരം റിലീസ് ചെയ്ത് മൂന്ന് ദിവസംകൊണ്ട് ആഗോളതലത്തിൽ 221.35 കോടി രൂപയാണ് ചിത്രം സ്വന്തമാക്കിയത്. ആദ്യ ദിനം തന്നെ 150 കോടി ക്ലബ്ബിൽ ഇടംനേടാനും ചിത്രത്തിന് സാധിച്ചിരുന്നു. സംവിധായിക ഗീതുമോഹൻദാസിനൊപ്പം യാഷും ചേർന്നാണ് ചിത്രത്തിന് തിരക്കഥയൊരുക്കിയിരിക്കുന്നത്. ക്രൈം, കുടുംബം, വിശ്വസ്തത, വഞ്ചന, അധികാരം എന്നിവയെല്ലാം പരസ്പരം ഇഴചേർന്നുള്ള സങ്കീർണ്ണമായ ഒരു ലോകമാണ് ചിത്രം അവതരിപ്പിക്കുന്നത്.

നയൻതാര, കിയാര അദ്വാനി, ഹുമ ഖുറേഷി, താര സുതാരിയ, രുക്മിണി വസന്ത് തുടങ്ങി വൻ താരനിരയാണ് ചിത്രത്തിലുള്ളത്. റായ, ടിക്കറ്റ് എന്നീ കഥാപാത്രങ്ങളെ ചുറ്റിപ്പറ്റിയാണ് സിനിമയുടെ കഥ മുന്നോട്ട് പോകുന്നത്. രാജീവ് രവി (ഛായാഗ്രഹണം), രവി ബസ്രൂർ (സംഗീതം), ഉജ്വൽ കുൽക്കർണി (എഡിറ്റിംഗ്), ടി.പി. അബിദ് (പ്രൊഡക്ഷൻ ഡിസൈൻ) എന്നിവരാണ് ചിത്രത്തിന്റെ അണിയറപ്രവർത്തകർ. ഹോളിവുഡ് ആക്ഷൻ ഡയറക്ടർ ജെ.ജെ. പെറി (ജോൺ വിക്ക്), ദേശീയ അവാർഡ് ജേതാക്കളായ അൻപറിവ്, കേച ഖംഫാക്ഡി എന്നിവർ ചേർന്നാണ് ചിത്രത്തിന്റെ ആക്ഷൻ രംഗങ്ങൾ ഒരുക്കിയിരിക്കുന്നത്. KVN പ്രൊഡക്ഷൻസ്, മോൺസ്റ്റർ മൈൻഡ് ക്രിയേഷൻസ് എന്നീ ബാനറുകളിൽ വെങ്കട് കെ. നാരായണയും യാഷും ചേർന്ന് നിർമ്മിക്കുന്ന ചിത്രത്തിന്റെ പി.ആർ.ഒ പ്രതീഷ് ശേഖറാണ്.

Tags