ആദ്യ ദിനം തന്നെ ബോക്സ് ഓഫീസിൽ റെക്കോർഡിട്ട് 'വാഴ 2'
നവാഗതനായ സവിൻ എസ് എ സംവിധാനം ചെയ്ത 'വാഴ II - ബയോപിക് ഓഫ് ബില്യൺ ബ്രോസ്' പ്രദർശനത്തിനെത്തി. പുതുമുഖങ്ങൾക്ക് പ്രാധാന്യം നൽകി പുറത്തിറക്കിയ ചിത്രം വൻ അഭിപ്രായമാണ് നേടികൊണ്ടിരിക്കുന്നത്. നവാഗതർ അണി നിരക്കുന്ന ചിത്രത്തിന് ആദ്യ ദിവസം തന്നെ അഞ്ച് കോടിക്ക് മുകളിലാണ് ആഗോള കളക്ഷൻ കിട്ടിയിരിക്കുന്നത്. മലയാള സിനിമ ചരിത്രത്തിൽ തന്നെ ഇതാദ്യമായിട്ടാണ് നവാഗതരെ മുൻ നിർത്തി നവാഗത സംവിധായകൻ സംവിധാനം ചെയ്ത ഒരു സിനിമക്ക് ആദ്യ ദിനം തന്നെ അഞ്ച് കോടിക്ക് മുകളിൽ കളക്ഷൻ കിട്ടുന്നത്. ഓൺലൈൻ ടിക്കറ്റ് ബുക്കിങ്ങിൽ സൂപ്പർതാര ചിത്രത്തിന് ലഭിക്കുന്ന ബുക്കിങ് നമ്പേഴ്‌സാണ് വാഴ 2വിന് ലഭിക്കുന്നത്.
ഹാഷിർ, അലൻ ബിൻ സിറാജ്, അജിൻ ജോയ്, വിനായക്, അമീൻ തുടങ്ങിയ ഒരുപറ്റം യുവതാരങ്ങൾക്കൊപ്പം സുധീഷ്, വിജയ് ബാബു, അജു വർഗീസ്, അരുൺ, അൽഫോൻസ് പുത്രൻ, വിനോദ് കെടാമംഗലം തുടങ്ങിയ പ്രമുഖരും അഭിനയിക്കുന്ന ചിത്രം കോമഡി ഡ്രാമ ഫോർമുലയിലൂടെയാണ് കഥ പറയുന്നതെങ്കിലും ഹ്യൂമറിൽ തുടങ്ങി ഇമോഷണൽ ഡ്രാമയിലൂടെ കടന്ന് ശുഭപര്യവസായിയാണ് ചിത്രം അവസാനിക്കുന്നത്. നിറയെ പൊട്ടിച്ചിരികളുമായി കഥ പറഞ്ഞ് പോകുന്ന ഫസ്റ്റ് ഹാഫും, ജീവിതത്തിന്റെ റിയാലിറ്റി വരച്ചു കാണിക്കുന്ന സെക്കന്റ് ഹാഫും മാത്രമല്ല ചിത്രത്തിൽ ഉള്ളത്, അധ്യാപകർ വിദ്യാർത്ഥികളിലുണ്ടാക്കുന്ന മാനസിക പീഡനം, വിദ്യാർത്ഥികൾ മയക്കുമരുന്നിലേക്കെത്തിപ്പെടാനുള്ള കാരണങ്ങൾ, സിബ്ലിങ് ലൗ തുടങ്ങിയവയൊക്കെ ചിത്രം വിശദമായി തന്നെ പറഞ്ഞ് പോകുന്നുണ്ട്.
ഹ്യൂമറും ഇമോഷനും എല്ലാം ചേർന്ന മികച്ചൊരു എന്റെർറ്റൈനെർ തന്നെയാണ് വാഴ 2 എന്നാണ് പ്രേക്ഷക പ്രതികരണങ്ങൾ. ആദ്യ ഭാഗമായ ബയോപിക്ക് ഓഫ് എ ബില്യന്‍ ബോയ്‌സ് നല്‍കിയ എല്ലാ ഹൈപ്പും പവറും നിലനിർത്താൻ കഴിയുന്നുണ്ട് വാഴ 2 വിനും. വാഴയേയും വാഴ 2നേയും ചേര്‍ത്തു നിര്‍ത്തുന്നതില്‍ തിരക്കഥയുടെ ബ്രില്ല്യന്‍സ് എടുത്തു പറയേണ്ടതുണ്ട്. വാഴയിലെ ഒരു സൂചന പോലും നല്‍കാതെ അതിലെ കഥാപാത്രങ്ങളുടെ ഇപ്പോഴത്തെ അവസ്ഥ കോട്ടയം നസീറിനേയും അസീസ് നെടുമങ്ങാടിനേയും പ്രത്യേക സ്ഥലങ്ങളില്‍ പ്രത്യേക ഷോട്ടുകളിലൂടെ അവതരിപ്പിച്ച് വാഴ 2 വ്യക്തമാക്കുന്നു. നിറഞ്ഞ കൈയ്യടികളോടെയാണ് സിനിമ കണ്ട പ്രേക്ഷകർ തീയേറ്റർ വിട്ട് പോകുന്നതെന്നത് ഏറെ ശ്രദ്ധേയകരമാണ്. ഹിറ്റ് സംവിധായകൻ വിപിന്‍ ദാസ് ആണ് ചിത്രത്തിന്‍റെ തിരക്കഥയും സംഭാഷണവും ഒരുക്കിയത്. സൗഹൃദത്തിന്‍റെ തീവ്ര വികാരങ്ങളും നൊസ്റ്റാൾജിയയും അടങ്ങുന്ന വിധത്തിൽ മനോഹരമായാണ് തിരക്കഥ കൈകാര്യം ചെയ്തിരിക്കുന്നത്. ചിത്രത്തിന്റെ സാങ്കേതിക വശങ്ങളും മികച്ച നിൽക്കുന്നുണ്ട്. ഓരോ നിമിഷവും പ്രേക്ഷകരെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യുന്നതിൽ സംവിധായകൻ സവിനും തിരക്കഥകൃത്ത് വിപിൻ ദാസും വിജയിച്ചിട്ടുണ്ട്.
.jpg)


