ആഗോള ബോക്സ് ഓഫീസിൽ ചരിത്രം കുറിച്ച് ‘കറുപ്പ്’
തമിഴ് സിനിമാ ലോകത്തെ ഈ വർഷത്തെ ഏറ്റവും വലിയ വിജയമായി സൂര്യ ചിത്രം ‘കറുപ്പ്’ മാറുന്നു. ആഗോളതലത്തിൽ ചിത്രം ഇതിനകം 207 കോടി രൂപയിലധികം കളക്ഷൻ നേടിക്കഴിഞ്ഞു. ആർ.ജെ. ബാലാജി സംവിധാനം ചെയ്ത ഈ ആക്ഷൻ എന്റർടൈനർ കേരളത്തിലും മികച്ച മുന്നേറ്റമാണ് നടത്തുന്നത്. കേരളത്തിൽ നിന്ന് മാത്രം ചിത്രം ഇതുവരെ പത്ത് കോടിയിലധികം രൂപയുടെ ഗ്രോസ് കളക്ഷൻ സ്വന്തമാക്കി. പത്ത് വർഷത്തിന് ശേഷമാണ് ഒരു സൂര്യ ചിത്രം കേരളത്തിൽ ഇത്ര വലിയ ലാഭം നേടുന്നത്.
സൂര്യയുടെ അഭിനയ ജീവിതത്തിലെ ഏറ്റവും വലിയ കളക്ഷൻ നേടുന്ന ചിത്രമായി ‘കറുപ്പ്’ മാറിക്കഴിഞ്ഞു. ചിത്രത്തിന്റെ അവസാന പത്ത് മിനിറ്റിലെ സൂര്യയുടെ പ്രകടനം അവിസ്മരണീയമാണെന്ന് ജ്യോതിക അഭിപ്രായപ്പെട്ടു. രണ്ട് പതിറ്റാണ്ടുകൾക്ക് ശേഷം സൂര്യയും തൃഷയും വീണ്ടും ഒന്നിക്കുന്നു എന്നതായിരുന്നു ചിത്രത്തിന്റെ പ്രധാന ആകർഷണം. ഇരുവരുടെയും വ്യത്യസ്തമായ ഗെറ്റപ്പുകൾ പ്രേക്ഷകർക്കിടയിൽ വലിയ ചർച്ചയായി. യുവ സംഗീത പ്രതിഭ സായ് അഭ്യാങ്കറാണ് ചിത്രത്തിന്റെ സംഗീതം നിർവ്വഹിച്ചിരിക്കുന്നത്. ഇന്ദ്രൻസ്, സ്വാസിക, ശിവദ, നാട്ടി തുടങ്ങിയവരും പ്രധാന വേഷങ്ങളിൽ എത്തുന്നു. മാസ്സ് ഘടകങ്ങളും വൈകാരികമായ മുഹൂർത്തങ്ങളും കോർത്തിണക്കിയ ‘കറുപ്പ്’ തിയേറ്ററുകളിൽ വൻ ആഘോഷമാവുകയാണ്.
.jpg)

