അമിതാഭ് ബച്ചന്റെ വസതിയുൾപ്പെടെ മുംബൈയിലെ പ്രമുഖ കേന്ദ്രങ്ങൾക്ക് വീണ്ടും ബോംബ് ഭീഷണി

Here is India's richest actor, who has pushed Amitabh Bachchan to second place...

 മുംബൈ: ബോളിവുഡ് താരം അമിതാഭ് ബച്ചന്റെ വസതിയായ ‘ജൽസ’ ഉൾപ്പെടെ മുംബൈയിലെ പ്രമുഖ കേന്ദ്രങ്ങൾക്ക് വീണ്ടും ബോംബ് ഭീഷണി. ബോംബെ ഹൈക്കോടതി, ബോംബെ സ്റ്റോക്ക് എക്‌സ്‌ചേഞ്ച്, വർളി റേസ് കോഴ്‌സ് എന്നിവിടങ്ങളിലാണ് ബോംബ് സ്ഥാപിച്ചിട്ടുണ്ടെന്ന ഭീഷണി സന്ദേശം ലഭിച്ചത്. ഇമെയിൽ വഴിയെത്തിയ സന്ദേശത്തെ തുടർന്ന് മുംബൈ നഗരത്തിലുടനീളം സുരക്ഷ ശക്തമാക്കി. പ്രധാന കേന്ദ്രങ്ങളിൽ അതീവ ജാഗ്രതാ നിർദേശവും പുറപ്പെടുവിച്ചു.

ഭീഷണി സന്ദേശം ലഭിച്ചതിന് പിന്നാലെ ബോംബ് സ്ക്വാഡും പൊലീസും വിവിധ സ്ഥലങ്ങളിലെത്തി പരിശോധന ആരംഭിച്ചു. സംശയാസ്പദമായ വസ്തുക്കൾക്കായി വിശദമായ തിരച്ചിൽ നടത്തിയതോടൊപ്പം ഭീഷണി സന്ദേശത്തിന്റെ ഉറവിടം കണ്ടെത്താനും പൊലീസ് അന്വേഷണം ഊർജിതമാക്കി. സന്ദേശത്തിന് പിന്നിൽ പ്രവർത്തിച്ചവരെ തിരിച്ചറിയാനുള്ള നടപടികളും പുരോഗമിക്കുകയാണ്.

അമിതാഭ് ബച്ചനെ ലക്ഷ്യമിട്ട് അടുത്തിടെ ലഭിക്കുന്ന രണ്ടാമത്തെ ഭീഷണി സന്ദേശമാണിത്. നേരത്തെ മുംബൈയിലെ ഒരു സ്കൂളിനാണ് ഇമെയിൽ വഴി ഭീഷണി ലഭിച്ചത്. ഇതിന് പിന്നാലെ ബച്ചന്റെ സുരക്ഷ വർധിപ്പിച്ചിരുന്നു. ആരാധകരെ കാണാൻ ബുള്ളറ്റ് പ്രൂഫ് ഗ്ലാസിന് പിന്നിൽ പ്രത്യക്ഷപ്പെട്ട താരത്തിന്റെ ദൃശ്യങ്ങൾ അന്ന് സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു.

താരങ്ങളെ ലക്ഷ്യമിട്ട് തുടർച്ചയായി ഭീഷണി സന്ദേശങ്ങൾ ലഭിക്കുന്ന സാഹചര്യത്തിൽ സുരക്ഷ ശക്തമാക്കണമെന്ന ആവശ്യം ഉയർന്നിട്ടുണ്ട്. വിഷയത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഇടപെടൽ ആവശ്യപ്പെട്ട് ഓൾ ഇന്ത്യ സിനി വർക്കേഴ്‌സ് അസോസിയേഷൻ കത്തും നൽകിയിരുന്നു. പുതിയ ഭീഷണിയുടെ പശ്ചാത്തലത്തിൽ മുംബൈയിലെ പ്രമുഖ കേന്ദ്രങ്ങളിലെ സുരക്ഷാ സംവിധാനങ്ങൾ വീണ്ടും പരിശോധനയ്ക്ക് വിധേയമാക്കിയിരിക്കുകയാണ്.

Tags