ബിക്കിനി ലുക്ക് അമ്മയെ വിഷമിപ്പിച്ചു ; മനസ്സ് തുറന്ന് ഗായത്രി സുരേഷ്

Bikini look upset her mother; Gayathri Suresh opens up

 ഉല്ലാസ് ചെമ്പൻ സംവിധാനം ചെയ്യുന്ന പുതിയ ബിഗ് ബജറ്റ് ചിത്രം ‘ഡിസ്കോ’യുടെ ടീസർ പുറത്തുവന്നതിന് പിന്നാലെ സോഷ്യൽ മീഡിയയിൽ ഏറ്റവും കൂടുതൽ ചർച്ചയായത് നടി ഗായത്രി സുരേഷിന്റെ വേറിട്ട ലുക്ക് ആയിരുന്നു. തന്റെ അഭിനയ കരിയറിൽ ഇതാദ്യമായാണ് ഗായത്രി ഇത്രയും ബോൾഡ് ആയ ഒരു ബിക്കിനി ലുക്കിൽ സ്ക്രീനിൽ പ്രത്യക്ഷപ്പെടുന്നത്. എന്നാൽ ഈ രംഗം കണ്ടതിന് ശേഷം തന്റെ അമ്മയ്ക്ക് വലിയ വിഷമമായെന്ന് തുറന്നുപറഞ്ഞിരിക്കുകയാണ് നടി ഇപ്പോൾ. ബിക്കിനി ധരിച്ച കാര്യം അമ്മയോട് മുൻകൂട്ടി പറഞ്ഞിരുന്നില്ലെന്നും കഥാപാത്രത്തിന്റെ പൂർണതയ്ക്ക് വേണ്ടിയാണ് ഇങ്ങനെയൊരു ലുക്ക് സ്വീകരിക്കാൻ താൻ തയ്യാറായതെന്നും ഗായത്രി വ്യക്തമാക്കുന്നു.

“ജീവിതത്തിൽ ഒരിക്കലും റിവീലിങ് വസ്ത്രങ്ങളോ ബിക്കിനിയോ ഇടില്ലെന്ന് ശപഥമെടുത്ത ആളായിരുന്നു ഞാൻ. എന്നാൽ കാലക്രമേണ എന്റെ ചിന്താഗതിയിലും ജീവിതത്തോടുള്ള കാഴ്ചപ്പാടിലും മാറ്റങ്ങൾ വന്നു. ബിഗ് ബജറ്റ് സിനിമ ലഭിക്കാനായി ഞാൻ കുറെ നാളുകളായി മാനിഫെസ്റ്റ് ചെയ്യുകയായിരുന്നു. അങ്ങനെയാണ് ഉല്ലാസേട്ടൻ ഈ കഥാപാത്രവുമായി വരുന്നത്. ഇതുവരെ ചെയ്തതിൽ നിന്ന് തികച്ചും വ്യത്യസ്തമായ ഒന്നായിരിക്കും ഇതെന്ന് അദ്ദേഹം ഉറപ്പുതന്നു” – ഗായത്രി പറഞ്ഞു.

“ടീസറിലെ ബിക്കിനി സീൻ കണ്ടപ്പോൾ അമ്മയ്ക്ക് ഭയങ്കര വിഷമമായി. ഞാൻ ഇക്കാര്യം നേരത്തെ അമ്മയോട് പറഞ്ഞിട്ടുണ്ടായിരുന്നില്ല. എന്നാലും കുഴപ്പമില്ല. ആദ്യമായി ബിക്കിനി ഇടാനുള്ള ധൈര്യം എനിക്കുണ്ടായിരുന്നില്ല. എന്നാൽ ഇട്ടു കഴിഞ്ഞപ്പോൾ അതത്ര വൃത്തികേടായി തോന്നിയതുമില്ല, വലിയ വൾഗാരിറ്റിയൊന്നും അതിൽ ഉണ്ടായിരുന്നില്ല” ഗായത്രി കൂട്ടിച്ചേർത്തു.

‘അഞ്ചക്കള്ളകോക്കാൻ’ എന്ന ഹിറ്റ് ചിത്രത്തിന് ശേഷം ഉല്ലാസ് ചെമ്പൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ഡിസ്കോ’. ചെമ്പൻ വിനോദ് ജോസ് തിരക്കഥയെഴുതുന്ന ഈ ചിത്രം ചെമ്പോസ്കി മോഷൻ പിക്ചേഴ്സിന്റെ ബാനറിൽ ചെമ്പൻ വിനോദും അഹമ്മദ് ഗോൾച്ചനും ചേർന്നാണ് നിർമ്മിക്കുന്നത്. ആന്റണി വർഗീസ് പെപ്പെ, ദേവ് മോഹൻ, ലുക്ക്മാൻ, അർജുൻ അശോകൻ, സാഗർ സൂര്യ, വിഷ്ണു ഉണ്ണികൃഷ്ണൻ, ഫെമിന ജോർജ്, മീര വാസുദേവ് തുടങ്ങി വമ്പൻ താരനിരതന്നെ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.

Tags