ബോക്സ് ഓഫീസിൽ കുതിച്ച് ‘ഭൗമ’

bouma

 തിയേറ്ററുകളിൽ മികച്ച പ്രേക്ഷക-നിരൂപക പ്രശംസ നേടി മുന്നേറുന്ന ഗോഥിക് ഹൊറർ മിസ്റ്ററി ത്രില്ലർ ചിത്രം ‘ഭൗമ’ വിജയകരമായി രണ്ടാം വാരത്തിലേക്ക് കടന്നു. 90 തിയേറ്ററുകളിൽ റിലീസ് ചെയ്ത ചിത്രം, ലഭിച്ച മികച്ച സ്വീകാര്യതയെത്തുടർന്ന് 145 തിയേറ്ററുകളിലേക്കാണ് രണ്ടാം വാരത്തിൽ പ്രദർശനം വ്യാപിപ്പിച്ചിരിക്കുന്നത്. ചിത്രത്തിന് ലഭിച്ച വൻ വിജയത്തിന് പിന്നാലെ ‘ഭൗമ’യുടെ രണ്ടാം ഭാഗത്തിൻറെ ഔദ്യോഗിക പ്രഖ്യാപനവും അണിയറപ്രവർത്തകർ കഴിഞ്ഞ ദിവസം നടത്തി. ആദ്യ ഭാഗത്തിലെ ദുരൂഹതകളുടെ തുടർച്ചയായാണ് രണ്ടാം ഭാഗവും ഒരുങ്ങുന്നതെന്നാണ് അണിയറപ്രവർത്തകർ നൽകുന്ന സൂചന.

‘പെൻഡുലം’ എന്ന ചിത്രത്തിന് ശേഷം റെജിൻ എസ്. ബാബു രചനയും സംവിധാനവും നിർവ്വഹിച്ച ചിത്രത്തിൽ ദിലീഷ് പോത്തൻ അവതരിപ്പിച്ച ‘ഈശോ’ എന്ന പോലീസ് കഥാപാത്രത്തിന് വലിയ കയ്യടിയാണ് ലഭിക്കുന്നത്. വിനീത്, സാഗർ സൂര്യ, രേവതി ശർമ്മ, ലെന, അതിഥി ബാലൻ, മധുപാൽ, മോക്ഷ സെൻഗുപ്ത, മെറിൻ ഫിലിപ്പ്, രഘുനാഥ് പലേരി, ജാഫർ ഇടുക്കി, വിജയ് ബാബു, മണിക്കുട്ടൻ, സജിൻ ചെറുകയിൽ, പ്രവീണ, നിൽജ, ജെയ്ൻ ആൻഡ്രൂസ്, ബിനോജ് വില്യ, കാവ്യ എസ് ഭാനു, നസ്ലിൻ ജമീല, നൗഷാദ്, സെന്തിൽ, ഭഗത് മാനുവൽ തുടങ്ങി വലിയൊരു താരനിര തന്നെ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. ചിത്രത്തിൻറെ ക്ലൈമാക്സ് രംഗങ്ങളും അതിലൂടെ ചുരുളഴിയുന്ന രഹസ്യങ്ങളും പ്രേക്ഷകർക്കിടയിൽ ഇതിനോടകം വലിയ ചർച്ചയായി മാറിക്കഴിഞ്ഞു.

ആറ്റസ് ഫിലിംസിൻറെ ബാനറിൽ ബസം കാദിയാർ നിർമ്മിച്ച ‘ഭൗമ’ മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളിലായാണ് പ്രദർശനത്തിനെത്തിയത്. ക്രിസ്റ്റോ സേവ്യറിൻറെ സംഗീതവും ശരൺ വേലായുധൻറെ ഛായാഗ്രഹണവും ചിത്രത്തിൻറെ നിഗൂഢമായ അന്തരീക്ഷം ഒരുക്കുന്നതിൽ പ്രധാന പങ്കുവഹിച്ചിട്ടുണ്ട്. എം. ആർ. രാജാകൃഷ്ണൻ (ശബ്ദമിശ്രണം), അപ്പുണ്ണി സാജൻ (പ്രൊഡക്ഷൻ ഡിസൈൻ), ജയദേവൻ ചക്കാടത്ത് (സൗണ്ട് ഡിസൈൻ), സൂരജ് ഇ. എസ് (എഡിറ്റിംഗ്), ലിജു പ്രഭാകർ (കളറിസ്റ്റ്) എന്നിവരാണ് മറ്റ് അണിയറപ്രവർത്തകർ. ഭാവന റിലീസാണ് ചിത്രം കേരളത്തിലെ തിയേറ്ററുകളിലെത്തിച്ചത്.

Tags