‘ഭാസ്കരഭരണം’ തിയേറ്ററുകളിലേക്ക് എത്താൻ ഒരുങ്ങുന്നു

'Bhaskarabharanam' is getting ready to hit theaters

 ‘തീവ്രം’, ‘യൂ ടു ബ്രൂട്ടസ്’ എന്നീ ചിത്രങ്ങൾക്ക് ശേഷം രൂപേഷ് പീതാംബരൻ സംവിധാനം ചെയ്ത് പ്രധാന വേഷത്തിലെത്തുന്ന പുതിയ ചിത്രം ‘ഭാസ്കരഭരണം’ തിയേറ്ററുകളിലേക്ക് എത്താൻ ഒരുങ്ങുന്നു. ചിത്രത്തിലെ പ്രേക്ഷകർ ഏറെ കാത്തിരുന്ന ആദ്യ ഗാനം പുറത്തിറങ്ങി. “റെയ്സ് ഓഫ് നാഗ” എന്ന് പേരിട്ടിരിക്കുന്ന ഈ ഗാനം പുള്ളുവൻ പാട്ടുകളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് ഒരുക്കിയിരിക്കുന്നത്. അരുൺ കെ നാരായൺ വരികളെഴുതിയ ഗാനം ആലപിച്ചിരിക്കുന്നത് ഫൗസിയ വില്ലോയാണ്. ഗോഡ്‌വിൻ തോമസ് ഈണം പകർന്ന ഈ ഗാനം പനോരമ മ്യൂസിക്കിലൂടെയാണ് പ്രേക്ഷകരിലേക്ക് എത്തിയിരിക്കുന്നത്. വരും ദിവസങ്ങളിൽ പാട്ട് സോഷ്യൽ മീഡിയയിൽ തരംഗമാകുമെന്നാണ് സൂചന. ജൂൺ 26 ന് ചിത്രം ആഗോളതലത്തിൽ തിയേറ്ററുകളിലെത്തും.

ഒരു പക്കാ ഡാർക്ക് കോമഡി ത്രില്ലർ ഗണത്തിൽപ്പെടുന്നതാണ് സിനിമയെന്നാണ് മുൻപ് പുറത്തുവന്ന ടീസർ നൽകുന്ന സൂചന. സ്വന്തം കുടുംബാംഗങ്ങളും വീട്ടിലെ ജോലിക്കാരനും ചേർന്ന് അച്ഛനെ കൊല്ലാൻ പദ്ധതിയിടുന്ന രസകരവും ഉദ്വേഗഭരിതവുമായ ദൃശ്യങ്ങളായിരുന്നു ടീസറിലുണ്ടായിരുന്നത്. ഇത് പ്രേക്ഷകർക്കിടയിൽ വലിയ ചർച്ചയായിരുന്നു. ‘സ്ഫടികം’ എന്ന എക്കാലത്തെയും സൂപ്പർഹിറ്റ് ചിത്രത്തിൽ മോഹൻലാലിന്റെ കുട്ടിക്കാലം അഭിനയിച്ച് മലയാളി മനസ്സുകളിൽ ഇടംനേടിയ രൂപേഷ് പീതാംബരന്റെ ഈ പുതിയ പരീക്ഷണം തിയേറ്ററുകളിൽ വലിയ വിരുന്നാകുമെന്നാണ് സിനിമാപ്രേമികളുടെ പ്രതീക്ഷ.

നികാഫും ഗുഡ് ഫെല്ലാസ് ഇൻ ഫിലിംസും ചേർന്നാണ് ഈ ചിത്രം നിർമ്മിക്കുന്നത്. ആറുമുഖം കെ ഗൗഡ, റൂബി പീതാംബരൻ, രൂപേഷ് പീതാംബരൻ എന്നിവരാണ് പ്രധാന നിർമ്മാതാക്കൾ. സോണിക മീനാക്ഷി, അജയ് പവിത്രൻ, മിഥുൻ എം ദാസ്, പാർവ്വതി കളരിക്കൽ തുടങ്ങി വലിയൊരു താരനിര തന്നെ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. ഉമ കുമാരപുരം ക്യാമറ ചലിപ്പിച്ച ചിത്രത്തിന്റെ എഡിറ്റിങ്ങും കളറിങ്ങും നിർവഹിച്ചിരിക്കുന്നത് റഷിൻ അഹമ്മദാണ്. കലാസംവിധാനം ദുന്തു രഞ്ജിവ് രാധയും വിതരണം ഗുഡ് ഫെല്ലാസുമാണ് നിർവഹിക്കുന്നത്.

Tags