അന്ന് 'ഭരതനാട്യം' കൈവിട്ടുപോയി, പക്ഷേ സൈജു എന്നെക്കാള്‍ മനോഹരമായി ചെയ്തു: വിനയ് ഫോര്‍ട്ട്
'കൃഷ്ണദാസ് എന്നോടാണ് ആദ്യം ഭരതനാട്യത്തിന്റെ കഥ പറയുന്നത്. പക്ഷേ എനിക്ക് അതിലേക്ക് എത്തിപ്പെടാനോ ആ കഥാപാത്രം ചെയ്യാനോ സാധിച്ചില്ല.
സംവിധായകന്‍ കൃഷ്ണദാസ് ആദ്യം തന്നോട് ചര്‍ച്ച ചെയ്ത 'ഭരതനാട്യം' എന്ന സിനിമയില്‍ അഭിനയിക്കാന്‍ സാധിക്കാതെ പോയതിനെക്കുറിച്ചും, പിന്നീട് 'മോഹിനിയാട്ടം' എന്ന ചിത്രത്തിലേക്ക് എത്തിയതിനെക്കുറിച്ചും മനസ് തുറന്ന് നടന്‍ വിനയ് ഫോര്‍ട്ട്. ഭരതനാട്യം സിനിമ തിയേറ്ററിലും ഒടിടിയിലും പരാജയപ്പെട്ടിട്ടും സംവിധായകന്റെ പോസിറ്റീവ് മനോഭാവവും, അദ്ദേഹത്തോടുള്ള കമ്മിറ്റ്മെന്റും കാരണമാണ് താന്‍ മോഹിനിയാട്ടം സിനിമയുടെ ഭാഗമായതെന്ന് വിനയ് ഫോര്‍ട്ട് പറയുന്നു.
'കൃഷ്ണദാസ് എന്നോടാണ് ആദ്യം ഭരതനാട്യത്തിന്റെ കഥ പറയുന്നത്. പക്ഷേ എനിക്ക് അതിലേക്ക് എത്തിപ്പെടാനോ ആ കഥാപാത്രം ചെയ്യാനോ സാധിച്ചില്ല. സിനിമയില്‍ സൈജു ചെയ്ത കഥാപാത്രം ആദ്യം എന്നോട് പറഞ്ഞതായിരുന്നു. ഒരുപാട് കാര്യങ്ങള്‍ ഒരുമിച്ച് ചേരുമ്പോഴാണല്ലോ ഒരു സിനിമ ഉണ്ടാകുന്നത്. അന്ന് എനിക്ക് അത് ചെയ്യാന്‍ സാധിച്ചില്ല. പക്ഷേ സൈജു അത് എന്നെക്കാള്‍ മനോഹരമായി ചെയ്തു.
ഭരതനാട്യം കഴിഞ്ഞിട്ട് ഞാന്‍ കൃഷ്ണദാസിനെ വിളിക്കുകയോ പ്രത്യേകിച്ച് ഫോളോ അപ്പ് ചെയ്യുകയോ ഒന്നും ചെയ്തിരുന്നില്ല. എന്നിട്ടും അദ്ദേഹം വീണ്ടും എന്റെ അടുത്തേക്ക് വന്നു. അങ്ങനെയാണ് മോഹിനിയാട്ടത്തിലെ കഥാപാത്രം എന്നോട് പറയുന്നത്. ഒരു സിനിമയുടെ ഭാഗമാകുമ്പോള്‍ സ്വാഭാവികമായും ഫിലിം മേക്കറോട് ഒരു കമ്മിറ്റ്‌മെന്റ് തോന്നും. അവരുടെ സിനിമയ്ക്ക് വേണ്ടി എന്തും ചെയ്യണമെന്നൊരു അവസ്ഥയിലേക്ക് നമ്മള്‍ എത്തും. അവര്‍ പ്രത്യേകിച്ച് ഒന്നും ചെയ്യണമെന്നില്ല, പക്ഷേ അവരുടെ ഒരു എനര്‍ജി നമുക്ക് ഫീല്‍ ചെയ്യാന്‍ പറ്റും. അതെനിക്ക് അപ്പോ തോന്നി; വിനയ് പറഞ്ഞു.
.jpg)

