‘ബത്‌ലഹേം കുടുംബ യൂണിറ്റ്’ ട്രെയിലർ പുറത്ത്

‘Bethlehem Family Unit’ trailer released.

 നിവിൻ പോളിയും ഗിരീഷ് എ.ഡിയും ഒന്നിക്കുന്ന ഏറ്റവും പുതിയ ചിത്രമായ ‘ബത്‌ലഹേം കുടുംബ യൂണിറ്റ്’ സിനിമയുടെ ചിരിനിറച്ച ട്രെയിലർ പുറത്തിറങ്ങി. പൂർണ്ണമായും ഗ്രാമീണ പശ്ചാത്തലത്തിൽ ഒരു സത്യൻ അന്തിക്കാടൻ ചിത്രത്തിന്റെ ശൈലിയിലൊരുക്കിയ ഈ കോമഡി എന്റർടൈനർ ഓഗസ്റ്റ് 21-നാണ് ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ റിലീസ് ചെയ്യുന്നത്. മൂന്ന് മിനിറ്റോളം നീളുന്ന ട്രെയിലർ ചിത്രം ഒരു കംപ്ലീറ്റ് ഓണം പാക്കേജ് ആയിരിക്കുമെന്നതിന്റെ സൂചനയാണ് നൽകുന്നത്.

നിവിൻ പോളിയും മമിത ബൈജുമാണ് ചിത്രത്തിൽ ജസ്റ്റിൻ, ആഷ്‌ലി എന്നീ പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്. ഇവരുടെ കെമിസ്ട്രി ചിത്രത്തിന് വലിയ ഫ്രഷ്നസ് നൽകുമെന്ന് ട്രെയിലർ വ്യക്തമാക്കുന്നു. ‘തണ്ണീർ മത്തൻ ദിനങ്ങൾ’, ‘പ്രേമലു’ തുടങ്ങിയ സൂപ്പർ ഹിറ്റുകൾക്ക് ശേഷം ഗിരീഷ് എ.ഡി സംവിധാനം ചെയ്യുന്ന ചിത്രമാണിത്. ഭാവന സ്റ്റുഡിയോസിന്റെ ബാനറിൽ ദിലീഷ് പോത്തൻ, ഫഹദ് ഫാസിൽ, ശ്യാം പുഷ്കരൻ എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ആറാമത്തെ ചിത്രമാണിത്. ഗിരീഷ് എ.ഡിയും കിരൺ ജോസിയും ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥയൊരുക്കിയിരിക്കുന്നത്.

സംഗീത് പ്രതാപ്, സുരേഷ് കൃഷ്ണ, ബിന്ദു പണിക്കർ, വിനയ് ഫോർട്ട്, റോഷൻ ഷാനവാസ്, ശ്യാം മോഹൻ, ശ്രിന്ദ, മീനാക്ഷി രവീന്ദ്രൻ തുടങ്ങി വൻ താരനിരയാണ് ചിത്രത്തിലുള്ളത്. വിഷ്ണു വിജയ് സംഗീത സംവിധാനവും അജ്‌മൽ സാബു ഛായാഗ്രഹണവും നിർവ്വഹിച്ചിരിക്കുന്നു. ഓണം ഫൺ ഫിൽഡ് ആക്കാൻ കുടുംബസമേതം തിയേറ്ററുകളിലേക്ക് എത്താവുന്നൊരു മികച്ച ചിത്രമായിരിക്കും ‘ബത്‌ലഹേം കുടുംബ യൂണിറ്റ്’ എന്നാണ് ട്രെയിലർ നൽകുന്ന ഉറപ്പ്. 

Tags