'ബസൂക്ക' വലിയ നഷ്ടം, 'കളങ്കാവൽ‌' വാഗ്‍ദാനവും ലംഘിക്കപ്പെട്ടു' ; ട്രൂത്ത് ഗ്ലോബൽ ഫിലിംസിനെതിരെ നിയമനടപടിക്കൊരുങ്ങി അമേരിക്കയിലെ വിതരണക്കാർ

Bazooka new poster out

 മമ്മൂട്ടി ചിത്രം ‘ബസൂക്ക’യുടെ വിതരണവുമായി ബന്ധപ്പെട്ട് പ്രമുഖ ഓവർസീസ് വിതരണക്കാരായ ട്രൂത്ത് ഗ്ലോബൽ ഫിലിംസിനെതിരെ ഗുരുതര ആരോപണങ്ങളുമായി നോർത്ത് അമേരിക്കൻ ഡിസ്ട്രിബ്യൂട്ടർമാരായ അച്ചായൻസ് ഫിലിം ഹൗസ് രംഗത്ത്. വലിയ തുക മിനിമം ഗ്യാരണ്ടി (MG) നൽകി ഏറ്റെടുത്ത ‘ബസൂക്ക’ ബോക്സ് ഓഫീസിൽ പരാജയപ്പെട്ടതോടെ തങ്ങൾക്ക് വൻ സാമ്പത്തിക നഷ്ടം ഉണ്ടായെന്നും, ഈ നഷ്ടം വരാനിരിക്കുന്ന ‘കളങ്കാവൽ’ എന്ന ചിത്രത്തിലൂടെ പരിഹരിക്കാമെന്ന വാഗ്ദാനം ലംഘിക്കപ്പെട്ടെന്നുമാണ് അച്ചായൻസ് ഫിലിം ഹൗസിന്റെ പരാതി. കരാർ വ്യവസ്ഥകൾ പാലിക്കാത്ത ട്രൂത്ത് ഗ്ലോബൽ ഫിലിംസിനെതിരെ നിയമനടപടികൾക്ക് ഒരുങ്ങുകയാണെന്നും അവർ ഔദ്യോഗികമായി വ്യക്തമാക്കി.

വിഷയത്തിൽ ട്രൂത്ത് ഗ്ലോബൽ ഫിലിംസ് ഉടമ സമദ് ട്രൂത്ത് വഞ്ചനാപരമായ സമീപനമാണ് സ്വീകരിച്ചതെന്ന് അച്ചായൻസ് ഫിലിം ഹൗസ് പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു. ബസൂക്കയിലുണ്ടായ നഷ്ടം നികത്താൻ ‘കളങ്കാവലി’ന്റെ റൈറ്റ്‌സ് നൽകാമെന്ന് ഉറപ്പുണ്ടായിരുന്നെങ്കിലും ചിത്രം റിലീസിനെത്തിയപ്പോൾ വിതരണാവകാശം മറ്റാർക്കോ ആണെന്ന മറുപടിയാണ് ലഭിച്ചത്. താൻ വെറുമൊരു ഇടനിലക്കാരൻ മാത്രമാണെന്നും പണം മമ്മൂട്ടി കൈപ്പറ്റിയെന്നുമാണ് സമദ് ട്രൂത്തിന്റെ വിശദീകരണം. കഴിഞ്ഞ ഒരു വർഷമായി ബന്ധപ്പെടാൻ ശ്രമിച്ചിട്ടും ഫോൺ കോളുകൾക്കോ മെസേജുകൾക്കോ മറുപടി ലഭിക്കാത്ത സാഹചര്യത്തിലാണ് തങ്ങൾ പരസ്യപ്രതികരണത്തിന് മുതിരുന്നതെന്ന് വിതരണക്കാർ അറിയിച്ചു.

സിനിമയിലെ കീഴ്വഴക്കമായ പരസ്പര വിട്ടുവീഴ്ചകൾക്ക് ട്രൂത്ത് ഗ്ലോബൽ തയ്യാറാകാത്തത് ഇൻഡസ്ട്രിയിൽ വലിയ ചർച്ചകൾക്ക് വഴിതുറന്നിരിക്കുകയാണ്. കാര്യങ്ങളിൽ സുതാര്യത ഉറപ്പാക്കാനും മറ്റ് വിതരണക്കാർ ഇത്തരം കെണികളിൽ വീഴാതിരിക്കാനുമാണ് ഈ വെളിപ്പെടുത്തലെന്ന് അച്ചായൻസ് ഫിലിം ഹൗസ് നിർമ്മാതാക്കളിലൊരാളായ ബിജോ വ്യക്തമാക്കി. വിദേശത്തുള്ള മറ്റ് പങ്കാളികൾ എത്തിയ ശേഷം വാർത്താ സമ്മേളനം വിളിച്ച് കൂടുതൽ വിവരങ്ങൾ പുറത്തുവിടാനും ശക്തമായ നിയമപോരാട്ടവുമായി മുന്നോട്ട് പോകാനുമാണ് ഇവരുടെ തീരുമാനം.

Tags