റിലീസിന് മണിക്കൂറുകൾ മാത്രം; 'ബസൂക്ക'യുടെ പ്രീ റിലീസ് ടീസർ പുറത്ത്

bazookka
bazookka

നവാഗത സംവിധായകന്‍ ഡീനോ ഡെന്നിസ് മെഗാസ്റ്റാര്‍ മമ്മൂട്ടിയെ നായകനാക്കി  സംവിധാനം ചെയ്ത 'ബസൂക്ക'യുടെ പ്രീ റിലീസ് ടീസര്‍ പുറത്ത്. മമ്മൂട്ടിയുടെ ഗംഭീര ആക്ഷനും പഞ്ച് ഡയലോഗുകളും നിറഞ്ഞ ഒരു സ്‌റ്റൈലിഷ് ടീസറാണ് റിലീസിന് തൊട്ടുമുമ്പായി അണിയറ പ്രവര്‍ത്തകര്‍ പുറത്ത് വിട്ടിരിക്കുന്നത്. വ്യാഴാഴ്ചയാണ് ചിത്രം ആഗോള റിലീസായി എത്തുന്നത്.

ചിത്രത്തിന്റെ കേരളത്തിലെ അഡ്വാന്‍സ് ടിക്കറ്റ് ബുക്കിങ് രണ്ടുദിവസം മുമ്പ് ആരംഭിച്ചിരുന്നു. മികച്ച അഡ്വാന്‍സ് ബുക്കിങ്ങാണ് ചിത്രത്തിന് കേരളത്തില്‍ ലഭിച്ചു കൊണ്ടിരിക്കുന്നത്. സരിഗമ ഇന്ത്യ ലിമിറ്റഡും, തീയേറ്റര്‍ ഓഫ് ഡ്രീംസിന്റെ ബാനറില്‍ ജിനു വി. അബ്രഹാമും, ഡോള്‍വിന്‍ കുര്യാക്കോസുമാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. ആദ്യം റിലീസ് ചെയ്ത ടീസറിനും പിന്നീടെത്തിയ ട്രെയിലറിനും ഏതാനും ദിവസങ്ങള്‍ക്കു മുമ്പെത്തിയ ചിത്രത്തിലെ ആദ്യ ഗാനത്തിനും മികച്ച പ്രേക്ഷകപ്രതികരണമാണ് ലഭിച്ചത്.

വമ്പന്‍ ആഗോള റിലീസായി എത്തുന്ന 'ബസൂക്ക' കേരളത്തിലെ മുന്നൂറോളം സ്‌ക്രീനുകളിലാണ് റിലീസ് ചെയ്യുന്നതെന്നാണ് സൂചന. ബിഗ് ബജറ്റ് ചിത്രമായി ഒരുക്കിയ 'ബസൂക്ക' മലയാളത്തിലെ ആദ്യത്തെ ഗെയിം ത്രില്ലറായാണ് അവതരിപ്പിക്കുന്നത്. അള്‍ട്രാ സ്‌റ്റൈലിഷ് ലുക്കിലാണ് ചിത്രത്തില്‍ മമ്മൂട്ടിയെ അവതരിപ്പിച്ചിരിക്കുന്നത് എന്ന് ടീസര്‍, ട്രെയ്‌ലര്‍, പോസ്റ്ററുകള്‍ എന്നിവ സൂചിപ്പിക്കുന്നു.

മമ്മൂട്ടിക്കൊപ്പം പ്രശസ്ത തമിഴ് നടനും സംവിധായകനുമായ ഗൗതം വാസുദേവ് മേനോനും നിര്‍ണായകമായ ഒരു കഥാപാത്രത്തെ ഈ ചിത്രത്തില്‍ അവതരിപ്പിക്കുന്നു. ബെഞ്ചമിന്‍ ജോഷ്വാ എന്ന് പേരുള്ള പോലീസ് ഓഫീസര്‍ കഥാപാത്രമായാണ് ഗൗതം മേനോന്‍ ചിത്രത്തില്‍ അഭിനയിച്ചിരിക്കുന്നത്. ഇവരെ കൂടാതെ സിദ്ധാര്‍ഥ് ഭരതന്‍, ബാബു ആന്റണി, ഹക്കീം ഷാജഹാന്‍, ഭാമ അരുണ്‍, ഡീന്‍ ഡെന്നിസ്, സുമിത് നേവല്‍, ദിവ്യാ പിള്ള, സ്ഫടികം ജോര്‍ജ് എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന താരങ്ങള്‍.


 

Tags