ബാലയ്യ-കൊരട്ടാല ശിവ കൂട്ടുകെട്ടിലെ പുത്തൻ ചിത്രം പ്രഖ്യാപിച്ചു

balayya

 തെലുങ്ക് സിനിമാ ലോകം ഏറെ ആകാംക്ഷയോടെ കാത്തിരുന്ന മാസ് കോമ്പോ ഒടുവിൽ യാഥാർത്ഥ്യമാകുന്നു. സൂപ്പർതാരം നന്ദമുരി ബാലകൃഷ്ണയും പ്രമുഖ സംവിധായകൻ കൊരട്ടാല ശിവയും ആദ്യമായി ഒന്നിക്കുന്ന ‘NBK 112’ എന്ന് താൽക്കാലികമായി പേരിട്ടിരിക്കുന്ന പുതിയ ചിത്രം ഔദ്യോഗികമായി പ്രഖ്യാപിച്ചു. എസ്.എൽ.വി സിനിമാസ്, യുവസുധ ആർട്സ് എന്നിവയുടെ ബാനറിൽ സുധാകർ ചെറുകുരിയും സുധാകർ മിക്കിളിനേനിയും ചേർന്നാണ് ഈ ബിഗ് ബജറ്റ് ചിത്രം നിർമ്മിക്കുന്നത്. ആന്ധ്രാപ്രദേശിന്റെ തലസ്ഥാനമായ അമരാവതിയിൽ നടന്ന പരമ്പരാഗത പൂജാ ചടങ്ങുകളോടെയാണ് ചിത്രത്തിന് തുടക്കമായത്. ആന്ധ്രയിൽ ഇത്രയും വലിയൊരു ചലച്ചിത്ര ലോഞ്ച് നടക്കുന്നത് കഴിഞ്ഞ രണ്ട് പതിറ്റാണ്ടിനിടയിൽ ഇതാദ്യമായാണെന്ന് ചടങ്ങിൽ സംസാരിച്ച നന്ദമുരി ബാലകൃഷ്ണ ചൂണ്ടിക്കാട്ടി.

സിനിമാ-രാഷ്ട്രീയ രംഗങ്ങളിലെ പ്രമുഖർ പങ്കെടുത്ത ചടങ്ങിൽ ആന്ധ്രാപ്രദേശ് മന്ത്രിമാരായ നരാ ലോകേഷ്, കണ്ടൂല ദുർഗേഷ് എന്നിവർ മുഖ്യാതിഥികളായി എത്തി. കണ്ടൂല ദുർഗേഷ് ക്യാമറ സ്വിച്ച് ഓൺ ചെയ്തപ്പോൾ, നരാ ലോകേഷ് ചിത്രത്തിന്റെ ഫസ്റ്റ് ക്ലാപ്പ് അടിച്ചു. ബാലകൃഷ്ണയുടെ മകൾ നന്ദമുരി തേജസ്വിനിയാണ് ചിത്രത്തിന്റെ പൂജാ ഷോട്ട് സംവിധാനം ചെയ്തത്. മുഖ്യമന്ത്രി എൻ. ചന്ദ്രബാബു നായിഡുവിന്റെ നേതൃത്വത്തിൽ അമരാവതിയെ ലോകോത്തര ചലച്ചിത്ര ആവാസവ്യവസ്ഥയാക്കി മാറ്റാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്ന് നരാ ലോകേഷ് ചടങ്ങിൽ വ്യക്തമാക്കി. എൻ.ടി.ആറും എ.എൻ.ആറും പോലുള്ള ഇതിഹാസങ്ങൾ ജനിച്ച മണ്ണിൽ സിനിമാ വ്യവസായം വളരേണ്ടതുണ്ടെന്നും, വിനോദസഞ്ചാര-അടിസ്ഥാന സൗകര്യ വികസനത്തിലൂടെ ആന്ധ്രയെ വലിയൊരു ചിത്രീകരണ കേന്ദ്രമാക്കി മാറ്റുമെന്നും ബാലകൃഷ്ണയും കൂട്ടിച്ചേർത്തു.

Tags