‘ബാലന്റെ’ റിലീസ് തീയതി പുറത്ത്
ആഗോളതലത്തിൽ തരംഗമായ ‘മഞ്ഞുമ്മൽ ബോയ്സിന്’ ശേഷം ചിദംബരം സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ബാലന്റെ’ റിലീസ് തീയതി പ്രഖ്യാപിച്ചു. ചിത്രം ജൂൺ 19-ന് തിയേറ്ററുകളിൽ എത്തും. ചിദംബരവും ‘രോമാഞ്ചം’, ‘ആവേശം’ എന്നീ ചിത്രങ്ങളുടെ സംവിധായകൻ ജിത്തു മാധവനും ആദ്യമായി ഒന്നിക്കുന്ന ചിത്രം കൂടിയാണിത് എന്നത് സിനിമാ പ്രേമികളിൽ വലിയ പ്രതീക്ഷയാണ് നൽകുന്നത്. കെ.വി.എൻ പ്രൊഡക്ഷൻസും തെസ്പിയൻ ഫിലിംസും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.
പൂർണ്ണമായും പുതുമുഖങ്ങളെ അണിനിരത്തി ഒരുക്കുന്ന ‘ബാലന്റെ’ വേൾഡ് പ്രീമിയർ മെയ് 14-ന് കാൻ ഫിലിം ഫെസ്റ്റിവലിലെ മാർക്കറ്റ് സ്‌ക്രീനിങ്ങ് വിഭാഗത്തിൽ നടക്കും. സുഷിൻ ശ്യാമാണ് ചിത്രത്തിന് സംഗീതം ഒരുക്കുന്നത്. ടൊവിനോ തോമസ് ചിത്രത്തിൽ അതിഥി വേഷത്തിൽ എത്തുന്നുണ്ടെന്ന് റിപ്പോർട്ടുകളുണ്ടെങ്കിലും ഇക്കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല. ഷൈജു ഖാലിദ് ഛായാഗ്രഹണവും വിവേക് ഹർഷൻ എഡിറ്റിംഗും നിർവഹിക്കുന്നു.
അജയൻ ചാലിശ്ശേരി (പ്രൊഡക്ഷൻ ഡിസൈൻ), ഗണപതി (കാസ്റ്റിംഗ് ഡയറക്ടർ/ എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ), സപ്ന കാജാ റാവുത്തർ (വസ്ത്രാലങ്കാരം), റോണക്സ് സേവ്യർ (മേക്കപ്പ്) എന്നിങ്ങനെ മലയാള സിനിമയിലെ പ്രമുഖരായ അണിയറപ്രവർത്തകർ ചിത്രത്തിന് പിന്നിലുണ്ട്.
.jpg)

