ബാലൻ നാളെ മുതൽ തിയേറ്ററുകളിൽ

BALAN

 ‘മഞ്ഞുമ്മൽ ബോയ്‌സ്’ എന്ന മെഗാ ഹിറ്റിന് ശേഷം ചിദംബരം സംവിധാനം ചെയ്യുന്ന ‘ബാലൻ- ദി ബോയ്’ സിനിമയുടെ റിലീസിന് മുന്നോടിയായി ചിത്രത്തിലെ രണ്ടാമത്തെ ഗാനമായ ‘എങ്ങോട്ടാ..’ പുറത്തിറങ്ങി. മലയാളത്തിലെ ട്രെൻഡ് സെറ്റർ സംഗീത സംവിധായകൻ സുഷിൻ ശ്യാം ഈണമിട്ട ഗാനം ആലപിച്ചിരിക്കുന്നതും സുഷിൻ തന്നെയാണ്. അൻവർ അലിയുടേതാണ് വരികൾ.

പാൻ ഇന്ത്യൻ റിലീസായി ഒരുങ്ങുന്ന ചിത്രം നാളെ (ജൂൺ 19, വെള്ളി) മുതൽ മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി എന്നീ 5 ഭാഷകളിലായി തിയേറ്ററുകളിലെത്തും. ചിത്രത്തിന്റെ അഡ്വാൻസ് ബുക്കിങ് ഇതിനകം ആരംഭിച്ചു കഴിഞ്ഞു. ‘ആവേശം’ എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന് ശേഷം ജിത്തു മാധവൻ തിരക്കഥയെഴുതുന്നു എന്ന പ്രത്യേകതയും ‘ബാലൻ’ എന്ന ചിത്രത്തിനുണ്ട്. കൂടാതെ ടൊവിനോ തോമസും ചിത്രത്തിൽ ഒരു കഥാപാത്രമായി എത്തുന്നുണ്ട്. ചിത്രത്തിലെ ആദ്യ ഗാനമായ ‘താക്കോൽ’ റിലീസ് ചെയ്ത് ദിവസങ്ങൾ പിന്നിട്ടിട്ടും ഇപ്പോഴും യൂട്യൂബിൽ വൻ ട്രെൻഡിങ്ങായി തുടരുകയാണ്. കാൻ ഫിലിം ഫെസ്റ്റിവലിന്റെ ഭാഗമായുള്ള ‘മാർഷേ ഡു ഫിലിമിൽ’ പ്രദർശിപ്പിച്ച ചിത്രം അന്താരാഷ്ട്ര തലത്തിൽ മികച്ച അഭിപ്രായം നേടിയിരുന്നു.

സെൻസർ ബോർഡിന്റെ U/A 16+ സർട്ടിഫിക്കറ്റ് ലഭിച്ച ചിത്രത്തിന്റെ ആകെ ദൈർഘ്യം 2 മണിക്കൂർ 27 മിനിറ്റ് ആണ്. ഒരു സർവൈവൽ-ത്രില്ലർ മൂഡിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. കെ.വി.എൻ പ്രൊഡക്ഷൻസും തെസ്പിയൻ ഫിലിംസും ചേർന്ന് നിർമ്മിക്കുന്ന ചിത്രത്തിൽ വൻ താരനിരയാണ് അണിനിരക്കുന്നത്. ഫർസാന പാലത്തിങ്കൽ, ആദിശേഷൻ, മുഹമ്മദ് സിനാൻ, ഡോളി ജൂൺ, ജീൻ പോൾ ലാൽ, ഗിരീഷ് എ ഡി, ബീന ആന്റണി എന്നിവർ മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

Tags