മികച്ച പ്രതികരണങ്ങളോടെ തിയേറ്ററുകളിൽ മുന്നേറി ‘ബാലൻ’

BALAN

 ‘ജാൻ എ മൻ’, ‘മഞ്ഞുമ്മൽ ബോയ്‌സ്’ എന്നീ സൂപ്പർഹിറ്റ് ചിത്രങ്ങൾക്ക് ശേഷം ചിദംബരം സംവിധാനം ചെയ്ത ‘ബാലൻ’ തിയേറ്ററുകളിൽ മികച്ച പ്രേക്ഷക പ്രതികരണങ്ങളോടെ മുന്നേറുകയാണ്. ഒരുപിടി പുതുമുഖങ്ങളെ അണിനിരത്തി ഒരുക്കിയ ഈ ചിത്രം തന്റെ മുൻ സിനിമകളേക്കാൾ ചെയ്യാൻ ഏറെ പ്രയാസമുള്ളതായിരുന്നു എന്ന് വെളിപ്പെടുത്തുകയാണ് സംവിധായകൻ ചിദംബരം. ഒരു അഭിമുഖത്തിലാണ് അദ്ദേഹം തന്റെ സിനിമാനുഭവങ്ങൾ പങ്കുവെച്ചത്.

തന്റെ മുൻ ചിത്രങ്ങളിലെ വലിയ താരനിരയുമായി താരതമ്യം ചെയ്യുമ്പോൾ ബാലനിലെ വെല്ലുവിളി മറ്റൊന്നായിരുന്നു എന്ന് ചിദംബരം വ്യക്തമാക്കുന്നു. ഞാൻ ആദ്യം ചെയ്ത ജാൻ എ മന്നിലും മഞ്ഞുമ്മൽ ബോയിസിലും ഒരുപാട് ആർട്ടിസ്റ്റുകൾ ഉണ്ടായിരുന്നു. എന്നാൽ അവയുമായി നോക്കുമ്പോൾ ബാലനിലാണ് ആർട്ടിസ്റ്റുകൾ ഏറ്റവും കുറവുള്ളത്. പക്ഷേ, ആളുകൾ കുറവായതുകൊണ്ട് സിനിമ ഒട്ടും ഈസി ആയിരുന്നില്ല. പ്രധാനപ്പെട്ട മൂന്ന് കഥാപാത്രങ്ങളുടെ ഇമോഷനിലൂടെയാണ് ഈ സിനിമ മുന്നോട്ട് പോകുന്നത്. ഇവരുടെ മുഖഭാവങ്ങളിലൂടെ വേണം സിനിമയുടെ കഥ മുഴുവൻ പ്രേക്ഷകർ വായിച്ചെടുക്കാൻ. മഞ്ഞുമ്മലിൽ എല്ലാം ക്യാമറ വളരെ വൈഡ് ആയിരുന്നു. എന്നാൽ ബാലനിൽ ക്യാമറ വളരെ വ്യക്തിപരമാണ്, മിക്കതും ക്ലോസ് ഷോട്ടുകളാണ്. അതുകൊണ്ട് തന്നെ ആ ഡ്രാമ കൃത്യമായി സ്ക്രീനിൽ എത്തിക്കുക എന്നത് വളരെ ബുദ്ധിമുട്ടായിരുന്നു.

വ്യത്യസ്തമായ ആഖ്യാന ശൈലികൊണ്ട് മലയാള സിനിമയിൽ തനതായ ഇടം കണ്ടെത്തിയ രണ്ട് സംവിധായകരുടെ കൂടിച്ചേരൽ കൂടിയാണ് ഈ ചിത്രം. ചിദംബരം സംവിധാനം ചെയ്ത ഈ ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് ‘രോമാഞ്ചം’, ‘ആവേശം’ എന്നീ ബ്ലോക്ക്ബസ്റ്റർ ചിത്രങ്ങളുടെ സംവിധായകനായ ജിത്തു മാധവനാണ്. മനുഷ്യന്റെ വ്യക്തിത്വം, സ്വത്വം, അതിജീവനം എന്നീ ഗൗരവമേറിയ വിഷയങ്ങളിൽ ഊന്നി, ആഴത്തിലുള്ള വൈകാരിക തലങ്ങളിലൂടെ സഞ്ചരിക്കുന്ന ഒരു വ്യത്യസ്ത സിനിമാനുഭവമാണ് ‘ബാലൻ ദി ബോയ്’ പ്രേക്ഷകർക്ക് സമ്മാനിക്കുന്നത്. കെ.വി.എൻ പ്രൊഡക്ഷൻസും തെസ്പിയൻ ഫിലിംസും ചേർന്നാണ് ചിത്രം നിർമ്മിച്ച് തിയേറ്ററുകളിൽ എത്തിച്ചിരിക്കുന്നത്.

Tags