'ബാഹുബലി' കരിയറിലെ ഏറ്റവും വലിയ ദുരന്തമായി മാറുമെന്ന് ഭയപ്പെട്ടിരുന്നു ; എസ്.എസ്. രാജമൗലി

bahubali

 ഇന്ത്യൻ സിനിമയുടെ ചരിത്രം തന്നെ മാറ്റിമറിച്ച 'ബാഹുബലി' ഇന്ന് ഇതിഹാസ വിജയത്തിന്റെ പ്രതീകമാണെങ്കിലും, റിലീസ് ദിനത്തിൽ ചിത്രം പരാജയപ്പെടുമോയെന്ന കടുത്ത ആശങ്കയിലായിരുന്നുവെന്ന് സംവിധായകൻ എസ്. എസ്. രാജമൗലി വെളിപ്പെടുത്തി. 'ബാഹുബലി: ദി ടോർച്ച്ബെയറർ' എന്ന പുതിയ ഡോക്യു-സീരീസിലാണ് ചിത്രത്തിന്റെ റിലീസ് ദിവസത്തിൽ അണിയറപ്രവർത്തകർ നേരിട്ട മാനസിക സമ്മർദങ്ങളും ആശങ്കകളും അദ്ദേഹം തുറന്നുപറഞ്ഞത്. പിന്നീട് ഇന്ത്യൻ സിനിമയുടെ ഗതി തന്നെ മാറ്റിയ ഫ്രാഞ്ചൈസിയായി മാറിയ 'ബാഹുബലി'യുടെ വിജയത്തിന് പിന്നിലെ ഈ അപ്രതീക്ഷിത വെളിപ്പെടുത്തലുകളാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്.

ആഗോള ബോക്സ് ഓഫീസിൽ 1,000 കോടി രൂപ കടക്കുന്ന ആദ്യ ഇന്ത്യൻ ചലച്ചിത്ര പരമ്പരയായി ബാഹുബലി മാറിയെങ്കിലും, 2015ൽ 'ബാഹുബലി: ദി ബിഗിനിങ്' തിയറ്ററുകളിൽ എത്തിയ ആദ്യ മണിക്കൂറുകളിൽ അണിയറപ്രവർത്തകർ പൂർണ്ണമായും നിരാശയിലായിരുന്നു. കൃത്യമായ ബജറ്റ് ഇല്ലാതെ നിർമാണം ആരംഭിച്ച ചിത്രത്തിന്, റിലീസ് ദിവസം എല്ലാ വരുമാനവും കിഴിച്ചും 70 കോടി രൂപയുടെ കടബാധ്യത ഉണ്ടായിരുന്നുവെന്ന് അർക്കാ മീഡിയ വർക്സ് നിർമാതാവ് ശോഭു യാർലഗഡ്ഡ വ്യക്തമാക്കുന്നു. നാല് ദിവസത്തെ യുദ്ധരംഗങ്ങൾ ചിത്രീകരിക്കാൻ മാത്രം 1 കോടി രൂപയോളമാണ് അന്ന് ചിലവഴിച്ചിരുന്നത്.

യു.എസ്, ഗൾഫ് മേഖലകളിലും ഹിന്ദി പതിപ്പിനും മികച്ച പ്രതികരണമാണ് ലഭിച്ചതെങ്കിലും, പ്രധാന വരുമാന മാർഗ്ഗമായി കണ്ടിരുന്ന ആന്ധ്രാപ്രദേശ്, തെലങ്കാന സംസ്ഥാനങ്ങളിൽ നിന്ന് കടുത്ത നെഗറ്റീവ് റിവ്യൂകളാണ് ചിത്രത്തിന് ലഭിച്ചത്. പ്രഭാസിന്റെ കഥാപാത്രം ശിവലിംഗത്തിന് പകരം 'സെണ്ടു ബാം' പിടിച്ചുനിൽക്കുന്ന രീതിയിലുള്ള പരിഹാസ ട്രോളുകൾ വരെ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചു.

തിയറ്ററുകളിൽ നിന്നും ഡിസ്ട്രിബ്യൂട്ടർമാരിൽ നിന്നും ലഭിച്ച മോശം പ്രതികരണങ്ങളെ തുടർന്ന് തങ്ങളുടെ കരിയർ അവസാനിച്ചതായി ഉറപ്പിച്ചിരുന്നുവെന്ന് സംവിധായകൻ രാജമൗലി ഡോക്യുമെന്ററിയിൽ ഓർക്കുന്നു. ‘അതൊരു യുദ്ധമായിരുന്നു. നിർമാതാക്കൾ അന്ന് എങ്ങനെ മാനസികമായി അതിജീവിച്ചു എന്ന് എനിക്കറിയില്ല’ എന്ന് നടൻ പ്രഭാസും വെളിപ്പെടുത്തി. ട്രോളുകളും നെഗറ്റീവ് പ്രതികരണങ്ങളും കണ്ട് അസോസിയേറ്റ് പ്രൊഡ്യൂസർ കാർത്തികേയ വിജയ് യാർലഗഡ്ഡ പൊട്ടിക്കരഞ്ഞതായും രാജമൗലി പറഞ്ഞു.

തുടക്കത്തിലെ കനത്ത തിരിച്ചടികൾക്ക് ശേഷം റിലീസ് ദിവസം വൈകുന്നേരത്തോടെയാണ് ചിത്രം അത്ഭുതകരമായ തിരിച്ചുവിരവ് നടത്തിയത്. സിനിമ കണ്ടിറങ്ങിയ സാധാരണക്കാരായ പ്രേക്ഷകരിൽ നിന്ന് മികച്ച അഭിപ്രായങ്ങൾ വരാൻ തുടങ്ങിയതോടെ തിയറ്ററുകളിലേക്ക് ജനപ്രവാഹമുണ്ടായി. തുടർന്ന് ദിവസങ്ങൾക്കുള്ളിൽ തെലുങ്ക് സംസ്ഥാനങ്ങളിലെ കലക്ഷൻ റെക്കോർഡുകൾ ചിത്രം തകർത്തു. കരൺ ജോഹർ വഴി ഹിന്ദി മാർക്കറ്റിൽ വിതരണത്തിന് എത്തിച്ചതും ചിത്രത്തിന് ചരിത്ര വിജയമൊരുക്കാൻ സഹായിച്ചു.

2015ൽ പുറത്തിറങ്ങിയ 'ബാഹുബലി: ദി ബിഗിനിങ്', 2017ൽ പുറത്തിറങ്ങിയ 'ബാഹുബലി 2: ദി കൺക്ലൂഷൻ' എന്നിവ ഇന്ത്യൻ സിനിമയുടെ വിഷ്വൽ എഫക്ട്സ് സാധ്യതകളെയും മാർക്കറ്റിനെയും ആഗോളതലത്തിലേക്ക് ഉയർത്തിയ ചിത്രങ്ങളാണ്. ഇതിൽ രണ്ടാം ഭാഗം മാത്രം ആഗോളതലത്തിൽ 1,788 കോടി രൂപയാണ് വാരിക്കൂട്ടിയത്. ബാഹുബലി ഫ്രാഞ്ചൈസിയുടെ ഇതുവരെ കാണാത്ത പിന്നാമ്പുറ കഥകളും വെല്ലുവിളികളും ഉൾപ്പെടുത്തിയുള്ള 4 എപ്പിസോഡുകളുള്ള ഡോക്യു-സീരീസ് ഇപ്പോൾ നെറ്റ്ഫ്ലിക്സിൽ ലഭ്യമാണ്.

Tags