'ബാഹുബലി' റീ റിലീസ് ഒറ്റച്ചിത്രമായി; ഒക്ടോബറിൽ തീയേറ്ററുകളിൽ


എസ്.എസ്. രാജമൗലി ചിത്രം ബാഹുബലി വീണ്ടും വരുന്നു. നേരത്തെ രണ്ടുവർഷത്തിന്റെ ഇടവേളയിൽ രണ്ടുഭാഗങ്ങളായി പുറത്തിറങ്ങിയ ചിത്രം ഒറ്റഭാഗമായാണ് റീ റിലീസ് ചെയ്യുക. ആദ്യഭാഗം പുറത്തിറങ്ങിയതിന്റെ പത്താംവാർഷികത്തിലാണ് നിർമാതാക്കളുടെ പുതിയ നീക്കം.
2015-ലായിരുന്നു ആദ്യഭാഗമായ 'ബാഹുബലി: ദി ബിഗിനിങ്' പുറത്തിറങ്ങിയത്. രണ്ടുവർഷങ്ങൾക്കുശേഷം 2017-ൽ പുറത്തിറങ്ങിയ 'ബാഹുബലി: ദി കൺക്ലൂഷ'നും ബോക്‌സ് ഓഫീസിൽ വലിയ തരംഗം തീർത്തു. ഈ വർഷം ജൂലായിലാണ് ആദ്യഭാഗത്തിന്റെ റിലീസ് പത്തുവർഷം പൂർത്തിയാക്കുന്നത്.
tRootC1469263">ഒക്ടോബറോടെ ചിത്രം ആഗോളതലത്തിൽ റീ റിലീസ് ചെയ്യുമെന്ന് നിർമാതാക്കൾ നേരത്തേ പ്രഖ്യാപിച്ചിരുന്നു. തീയതി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും പ്രഭാസിന്റെ പിറന്നാളിനോട് അനുബന്ധിച്ച് പ്രദർശനത്തിനെത്തിക്കാനാണ് തീരുമാനമെന്നാണ് വിവരം.
ഒന്നും രണ്ടും ഭാഗങ്ങൾ ദൈർഘ്യംകുറച്ച് ഒറ്റഭാഗമായി റീ എഡിറ്റുചെയ്യുന്ന പ്രവൃത്തികൾ നടന്നുകൊണ്ടിരിക്കുകയാണെന്നാണ് തെലുങ്ക് മാധ്യമങ്ങൾ റിപ്പോർട്ടുചെയ്യുന്നത്. രണ്ടുഭാഗങ്ങൾ ചേർത്ത് ഒരു സിനിമയായി ഇറക്കുമ്പോൾ, പുതിയൊരു അനുഭവമായിരിക്കും സിനിമാ പ്രേക്ഷകർക്ക് സമ്മാനിക്കുക എന്നാണ് കരുതപ്പെടുന്നത്. ഭാഷാന്തരങ്ങൾ ഭേദിച്ച് ബോക്‌സ് ഓഫീസിൽ ചരിത്രം തീർത്ത സിനിമയായിരുന്നു ബാഹുബലി ഒന്നും രണ്ടും ഭാഗങ്ങൾ.
