നല്ലൊരു സിനിമ പ്രേക്ഷകർക്ക് കൊടുക്കണമെന്നായിരുന്നു ആഗ്രഹം, ഒരു പ്രശ്നം വന്നപ്പോൾ ദൈവത്തെപ്പോലെ കൂടെനിന്നു -നിവിൻ പോളി
സർവം മായ എന്ന ചിത്രം നേടിയ വിജയത്തിൽ സന്തോഷം പ്രകടിപ്പിച്ച് നിവിൻ പോളി. മലയാള സിനിമ മുന്നോട്ടുപോയിക്കൊണ്ടിരിക്കുമ്പോൾ ഞങ്ങൾക്ക് ഈ വിജയം വ്യക്തിപരമാണെന്ന് അദ്ദേഹം കൊച്ചിയിൽ തിയേറ്റർ സന്ദർശനത്തിനിടെ പറഞ്ഞു. ഇത് കുടുംബപ്രേക്ഷകർക്കായി ചെയ്ത സിനിമയാണ്. ഇത്തരത്തിലുള്ള സ്വീകരണം കിട്ടുമെന്ന് പ്രതീക്ഷിച്ചിരുന്നില്ല. നല്ലൊരു സിനിമ പ്രേക്ഷകർക്ക് കൊടുക്കണമെന്നായിരുന്നു ആഗ്രഹമെന്നും നിവിൻ പോളി പറഞ്ഞു.
"പല പ്രശ്നങ്ങൾ വരുമ്പോളും നമ്മൾ ദൈവത്തെ വിളിക്കാറുണ്ട്. അപ്പോൾ ഒരു മറുപടി കിട്ടും. എന്റെ കരിയറിൽ പല പ്രശ്നങ്ങളും ബുദ്ധിമുട്ടുകളും വന്നപ്പോൾ ദൈവത്തെപ്പോലെ എന്റെ കൂടെ നിന്നത് പ്രേക്ഷകരാണ്. അതിന് ഒരുപാട് നന്ദി. ഇനി നിങ്ങൾക്ക് വേണ്ടി മാത്രം സിനിമകൾ ചെയ്യണം എന്നാണ് ആഗ്രഹം. നല്ല സിനിമകളും നല്ല കഥാപാത്രങ്ങളും വരട്ടെ. നിങ്ങൾക്ക് ഇനിയും ആസ്വദിക്കാൻ സാധിക്കട്ടെ എന്നു മാത്രം ആഗ്രഹിക്കുന്നു. ഇവിടെ വന്നതിനും നിങ്ങളെ കാണാൻ സാധിച്ചതിലും ഒരുപാട് സന്തോഷം. ഇപ്പോഴുള്ള സ്നേഹവും സപ്പോർട്ടും കൂടെ ഉണ്ടാകുമെന്ന് വിശ്വസിക്കുന്നു," നിവിൻ പോളി പറഞ്ഞു.
അഖിൽ സത്യൻ തിരക്കഥയും എഡിറ്റിങ്ങും സംവിധാനവും നിർവഹിച്ച ചിത്രമാണ് സർവം മായ. ചിത്രം 101 കോടി ആഗോള കളക്ഷൻ നേടിയതായി കഴിഞ്ഞദിവസം അണിയറപ്രവർത്തകർ ഔദ്യോഗികമായി അറിയിച്ചിരുന്നു. റിലീസ് ചെയ്ത് പത്താംദിവസമാണ് ചിത്രം 100 കോടി ക്ലബിൽ ഇടം നേടിയത്. നിവിൻ പോളിയുടെ കരിയറിലെ ആദ്യ 100 കോടി ചിത്രമാണിത്. വലിയൊരിടവേളയ്ക്ക് ശേഷം നിവിന്റെ വമ്പൻ തിരിച്ചുവരവായാണ് ചിത്രം വിശേഷിപ്പിക്കപ്പെടുന്നത്. റിയ ഷിബു, പ്രീതി മുകുന്ദൻ എന്നിവരാണ് നായികമാർ.മലയാള സിനിമയിലെ ഹിറ്റ് കൂട്ടുകെട്ടായ നിവിൻ പോളിയും അജു വർഗീസും ഒന്നിക്കുന്ന പത്താമത്തെ ചിത്രം എന്ന പ്രത്യേകതയും 'സർവ്വം മായ'യ്ക്കുണ്ട്
.jpg)


