'അതിമനോഹരം' ചിത്രത്തിന്റെ അനധികൃത പ്രചാരണ പ്രവർത്തനങ്ങൾ ഒഴിവാക്കണമെന്ന് തരുൺ മൂർത്തി

tharunmoorthi

 മോഹൻലാൽ നായകനാകുന്ന പുതിയ ചിത്രം 'അതിമനോഹര'ത്തിന്റെ അനധികൃത പ്രചാരണ പ്രവർത്തനങ്ങൾ ഒഴിവാക്കണമെന്ന് അഭ്യർത്ഥിച്ച് സംവിധായകൻ തരുൺ മൂർത്തി. നിർമാണ കമ്പനിയുടെ അനുമതിയില്ലാതെ ആരാധകർ തയാറാക്കുന്ന ഫ്ലെക്സുകളും പോസ്റ്ററുകളും പ്രേക്ഷകരിൽ ആശയക്കുഴപ്പമുണ്ടാക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. സിനിമയുടെ ഔദ്യോഗിക പ്രചാരണ പദ്ധതികൾ അണിയറപ്രവർത്തകർ ആസൂത്രണം ചെയ്ത രീതിയിൽ തന്നെ മുന്നോട്ട് കൊണ്ടുപോകാൻ അനുവദിക്കണമെന്നും തരുൺ മൂർത്തി കുറിപ്പിലൂടെ ആവശ്യപ്പെട്ടു.

നിർമാണ സംഘത്തിന്റെ അറിവോ പങ്കാളിത്തമോ ഇല്ലാതെ പ്രചാരണ സാമഗ്രികൾ പ്രചരിക്കുന്നത് ശ്രദ്ധയിൽപ്പെട്ടതോടെയാണ് സംവിധായകൻ വിഷയത്തിൽ പ്രതികരിച്ചത്. നിർമാതാക്കളുടെ അനുമതിയില്ലാതെ കട്ടൗട്ടുകൾ സ്ഥാപിക്കുന്നത് ചിത്രത്തിന്റെ ഔദ്യോഗിക പ്രചാരണങ്ങളെക്കുറിച്ച് പ്രേക്ഷകരിൽ തെറ്റായ ധാരണയുണ്ടാക്കുമെന്ന് തരുൺ മൂർത്തി ചൂണ്ടിക്കാട്ടി.

‘ഒരു സ്രഷ്ടാവ് എന്ന നിലയിൽ, ആരാധകർ സ്വന്തം നിലയിൽ നടത്തുന്ന ഇത്തരം പ്രചാരണങ്ങൾ ആശയക്കുഴപ്പമുണ്ടാക്കുന്നതും തെറ്റിദ്ധരിപ്പിക്കുന്നതുമായാണ് എനിക്ക് തോന്നുന്നത്. നിർമാണ സംഘത്തിന്റെ അറിവോ അനുമതിയോ ഇല്ലാതെ സ്റ്റാൻഡികൾ (കട്ടൗട്ടുകൾ) വെക്കുന്നത് പ്രത്യേകിച്ച് നിർമാണ കമ്പനിയുടെ ലോഗോയും സംവിധായകന്റെ പേരും ഉപയോഗിക്കുന്നത് പ്രേക്ഷകർക്കിടയിൽ അനാവശ്യ ആശയക്കുഴപ്പങ്ങൾ സൃഷ്ടിക്കും.’ സിനിമയുടെ ക്രിയേറ്റീവ് ടീമും നിർമ്മാണ കമ്പനിയും ചേർന്നാണ് ഔദ്യോഗിക പ്രചാരണ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതെന്ന് തരുൺ മൂർത്തി വ്യക്തമാക്കി.

ആരാധകരുടെ പിന്തുണ അംഗീകരിക്കുന്നതിനൊപ്പം, അണിയറപ്രവർത്തകർ തയാറാക്കിയ തന്ത്രങ്ങൾക്ക് ഒപ്പം നിൽക്കണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു. ‘ഒരു ടീം എന്ന നിലയിൽ, എന്റെ ക്രിയേറ്റീവ് ടീമും ഞങ്ങളുടെ നിർമാണ കമ്പനിയും, ഏറ്റവും പ്രധാനമായി ലാലേട്ടന്റെ യഥാർത്ഥ ആരാധകരും ചേർന്ന് പ്രോജക്റ്റിന്റെ ജോണർ, ടോൺ, മൂഡ് എന്നിവക്ക് കൃത്യമായി നിരക്കുന്ന രീതിയിൽ കൃത്യമായ ഇടവേളകളിൽ ഉള്ളടക്കങ്ങൾ പുറത്തുവിടാൻ പ്രവർത്തിച്ചുകൊണ്ടിരിക്കുകയാണ്.

പുറത്തുവിടുന്ന ഓരോ പ്രചാരണ ഉള്ളടക്കവും സിനിമയുടെ യഥാർത്ഥ സ്വഭാവം പ്രതിഫലിപ്പിക്കണമെന്നാണ് ടീം ആഗ്രഹിക്കുന്നതെന്നും, അണിയറക്കാർ ഉദ്ദേശിച്ച രീതിയിൽ തന്നെ പ്രേക്ഷകർ സിനിമ അനുഭവിക്കണമെന്ന ആഗ്രഹം തനിക്ക് വലിയ സമ്മർദമുണ്ടാക്കുന്നുണ്ടെന്നും അദ്ദേഹം സൂചിപ്പിച്ചു. അതിമനോഹരം എന്ന ചിത്രത്തിന്റെ സ്വഭാവത്തെക്കുറിച്ചും തരുൺ മൂർത്തി കൂടുതൽ വ്യക്തത വരുത്തി. ഫാമിലി ഡ്രാമയും പൊലീസ് പ്രൊസീജറൽ ഘടകങ്ങളും ഒത്തുചേരുന്ന ചിത്രമാണിതെന്നും തരുൺ പറഞ്ഞു. 

Tags