ആ സമയത്ത് കമല്‍ സാര്‍ പറയും, 'നീയാണ് ഇവരെ രണ്ടുപേരെയും ചീത്തയാക്കുന്നതെന്ന്'; സ്വപ്നകൂട് ഓര്‍മകളില്‍ ജയസൂര്യ

jayasurya

സിനിമയില്‍ ഇവര്‍ സ്‌കോര്‍ ചെയ്യുമോ, അവര്‍ സ്‌കോര്‍ ചെയ്യുമോ എന്ന ചിന്ത അന്നും ഉണ്ടായിരുന്നില്ല

'സ്വപ്നക്കൂട്' സിനിമയില്‍ അഭിനയിച്ച കാലത്തെ രസകരമായ ഓര്‍മകള്‍ പങ്കുവെച്ച് ജയസൂര്യ. സിനിമയില്‍ ആര് കൂടുതല്‍ ശ്രദ്ധിക്കപ്പെടുമെന്നോ ആര് മറ്റുള്ളവരെക്കാള്‍ നന്നായി അഭിനയിക്കുമെന്നോ അന്ന് തങ്ങള്‍ ചിന്തിച്ചിരുന്നില്ലെന്ന് ജയസൂര്യ പറയുന്നു. പകരം, ഓരോരുത്തര്‍ക്കും സിനിമയിലേക്ക് എന്ത് സംഭാവന ചെയ്യാന്‍ കഴിയുമെന്നതായിരുന്നു പ്രധാനമെന്നും നടന്‍ പറഞ്ഞു. 
'സ്വപ്നക്കൂട് കാണുമ്പോള്‍ എനിക്ക് ഇപ്പോഴും ഒരുപാട് ഓര്‍മകളാണ്. സിനിമയില്‍ ഇവര്‍ സ്‌കോര്‍ ചെയ്യുമോ, അവര്‍ സ്‌കോര്‍ ചെയ്യുമോ എന്ന ചിന്ത അന്നും ഉണ്ടായിരുന്നില്ല. അത് സ്വപ്നക്കൂട് ചെയ്യുമ്പോഴായാലും അമര്‍ അക്ബര്‍ അന്തോണി ചെയ്യുമ്പോഴായാലും അങ്ങനെയൊരു ചിന്തയില്ല. ഓരോരുത്തര്‍ക്കും എന്തെല്ലാം സംഭാവന ചെയ്യാന്‍ കഴിയും എന്നതുമാത്രമാണ് ചിന്തിച്ചിരുന്നത്. മറ്റുള്ളവരെ തോല്‍പ്പിക്കണം എന്നൊന്നും കരുതിയിട്ടില്ല'.

'അന്ന് ഞങ്ങള്‍ മൂന്നുപേരും കുറച്ചുകൂടി ചെറുപ്പമായിരുന്നു. സെറ്റില്‍ ഭയങ്കര കോമഡി ആയിരുന്നു. അതില്‍ ഞാന്‍ തന്നെയാണ് ബ്രാന്‍ഡ് അംബാസഡര്‍. കാരണം, രാജുവും ചാക്കോച്ചനും കുറച്ചുകൂടി ഗൗരവമുള്ള പശ്ചാത്തലങ്ങളില്‍നിന്നും സിനിമകളില്‍നിന്നുമൊക്കെയാണ് വരുന്നത്. ഞാന്‍ മിമിക്രിയും കാര്യങ്ങളുമൊക്കെയായിട്ടാണ് സിനിമയിലെത്തിയത്. കമല്‍ സാര്‍ ദേഷ്യപ്പെടുമ്പോള്‍ പറയും, 'നീ ഒറ്റ ഒരുത്തന്‍ കാരണമാണ് ഇവര്‍ രണ്ടുപേരെയും ചീത്തയാക്കുന്നത്' എന്ന്. അതൊക്കെ ഭയങ്കര രസമുള്ള ഓര്‍മകളാണ്', ജയസൂര്യ പറഞ്ഞു.

'രാജുവും ചാക്കോച്ചനും ഞാനും തമ്മിലുള്ള സൗഹൃദം ഭയങ്കര രസമുള്ളതായിരുന്നു. നമ്മുടെ നാട് വിട്ട് പുറത്തുപോയി ഷൂട്ട് ചെയ്യുക എന്നതൊക്കെ പുതിയൊരു അനുഭവമല്ലേ. ഭാവനയും മീരയും ലൊക്കേഷനില്‍ എപ്പോഴും ബഹളവും തമാശയും കളിയും ചിരിയുമൊക്കെയായി ഉണ്ടാകും. കമല്‍ സാറിന് അവിടെ നിന്ന് 'സൈലന്‍സ്' എന്ന് പറയാനേ നേരമുണ്ടായിരുന്നുള്ളൂ', സ്വപ്നകൂട് ഷൂട്ടിങ് ലൊക്കേഷനില്‍ കൂടുതല്‍ സ്വാതന്ത്രം ഉണ്ടായിരുന്നെന്നും അവിടെ നിന്ന് കുറെ കാര്യങ്ങള്‍ പഠിക്കാനും സാധിച്ചെന്നും നടന്‍ കൂട്ടിച്ചേര്‍ത്തു.

Tags