“51 മുറിവ്, ഒന്നര വയസ്സ്, ക്രൂരതയെ സ്വഭാവമായി കാണരുത് “ ; ഒന്നര വയസ്സുകാരന്റെ കൊലപാതകത്തിൽ അശ്വതി ശ്രീകാന്ത്

"51 wounds, one and a half years old, cruelty should not be seen as a trait"; Aswathy Srikanth on the murder of one and a half year old boy

 തിരുവനന്തപുരം: നെടുമങ്ങാട് ഒന്നര വയസ്സുകാരൻ ക്രൂരമർദനമേറ്റ് കൊല്ലപ്പെട്ട സംഭവത്തിൽ പ്രതികരണവുമായി നടി അശ്വതി ശ്രീകാന്ത്. ഇത്തരം ക്രൂരമായ പെരുമാറ്റങ്ങൾ ഒറ്റദിവസം കൊണ്ട് ഉണ്ടാവുന്നതല്ലെന്നും, പലപ്പോഴും വർഷങ്ങളായി ഇത്തരം സ്വഭാവങ്ങളുടെ മുന്നറിയിപ്പുകൾ ഉണ്ടാവുമെന്നും അശ്വതി തന്റെ ഇൻസ്റ്റാഗ്രാം കുറിപ്പിലൂടെ ചൂണ്ടിക്കാട്ടി. സഹാനുഭൂതിയില്ലായ്മയും ആക്രമണോത്സുകതയും കണ്ടിട്ടും പലരും അത് കാണാതെ വിടുകയാണ്. കുടുംബങ്ങൾ ഇത്തരം സ്വഭാവങ്ങളെ ‘ദേഷ്യം’ എന്ന ലേബലിൽ ഒതുക്കി നിസാരവത്കരിക്കുമ്പോൾ, അത്തരം ആളുകൾ ചുറ്റുമുള്ളവരുടെ ന്യായീകരണങ്ങളിലാണ് ഒളിച്ചിരിക്കുന്നതെന്നും അവർ കുറിച്ചു.

“51 മുറിവ്, ഒന്നര വയസ്സ്. ക്രൂരതയെ സ്വഭാവമായി കാണരുത്. മുന്നറിയിപ്പുകളെ അവഗണിക്കരുത്. സഹാനുഭൂതിയും കുറ്റബോധവും തീരെയില്ലാത്ത, ക്രൂരതയിൽ ഹരം കൊള്ളുന്ന ഈ മനുഷ്യരൊന്നും ഒറ്റയടിക്ക് ഉണ്ടാകുന്നതല്ല. അവർ ഇത്രനാളും വാർത്തയാവാതിരുന്നത് പലരും കണ്ണടച്ച് ഇരുട്ടാക്കിയത് കൊണ്ടാണ്. ഒടുവിൽ അതിന്റെ വില കൊടുക്കേണ്ടി വരുന്നത് സമൂഹത്തിലെ ഏറ്റവും ദുർബലരായ ആരെങ്കിലുമായിരിക്കും. കുട്ടികളെ സംരക്ഷിക്കുക എന്നത് എല്ലാവരുടെയും ഉത്തരവാദിത്തമാണ്”, അശ്വതി ശ്രീകാന്ത് പറഞ്ഞു.

നെടുമങ്ങാട് പനവൂർ കരിക്കുഴിയിലെ വാടക വീട്ടിൽ അമ്മയ്ക്കും അമ്മയുടെ പങ്കാളിക്കുമൊപ്പം താമസിച്ചിരുന്ന ഒന്നര വയസ്സുകാരനാണ് കൊല്ലപ്പെട്ടത്. തൊണ്ടയിൽ ഭക്ഷണം കുരുങ്ങി കുട്ടി ഛർദിച്ചുവെന്ന് പറഞ്ഞ് അമ്മയുടെ പങ്കാളി അഷ്കർ കുട്ടിയെ എസ്‌എടി ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. എന്നാൽ ശനിയാഴ്ച പുലർച്ചയോടെ കുട്ടി മരണപ്പെട്ടു.

തുടർന്ന് നടന്ന പോസ്റ്റ്‌മോർട്ടം പരിശോധനയിലാണ് കുട്ടി അതിക്രൂരമായ മർദനത്തിന് ഇരയായെന്ന് വ്യക്തമായത്. ശരീരത്തിൽ 51-ഓളം മുറിവുകൾ കണ്ടെത്തിയിരുന്നു. ഈ കണ്ടെത്തലിന്റെ അടിസ്ഥാനത്തിൽ കുട്ടിയുടെ അമ്മ അഖില, പങ്കാളി അഷ്കർ എന്നിവരെ പോലീസ് കസ്റ്റഡിയിലെടുക്കുകയും പിന്നീട് അറസ്റ്റ് രേഖപ്പെടുത്തുകയും ചെയ്തു.

Tags