മൺമറഞ്ഞ കലാകാരന്മാരെ ഒരിക്കൽക്കൂടി കാണാം; ഛോട്ടാമുംബൈ റീ റിലീസിന്


മോഹൻലാൽ-അൻവർ റഷീദ് ടീമിന്റെ സൂപ്പർഹിറ്റ് ചിത്രം ഛോട്ടാ മുംബൈ റീ റിലീസിന് ഒരുങ്ങുകയാണ്. ജൂൺ 6 നാണ് ചിത്രം ബിഗ് സ്ക്രീനിലേക്ക് തിരിച്ചെത്തുന്നത്. ചിത്രം ബിഗ് സ്ക്രീനിലേക്ക് തിരിച്ചെത്തുമ്പോൾ മൺമറഞ്ഞുപോയ അഭിനേതാക്കളെ ഒരിക്കൽ കൂടി കാണാമെന്ന പ്രത്യേകതയുമുണ്ട്.
tRootC1469263">കലാഭവൻ മണി, രാജൻ പി. ദേവ്, ശരണ്യ, കൊച്ചുപ്രേമൻ, കൊച്ചിൻ ഹനീഫ, സന്തോഷ് ജോഗി, കലാഭവൻ ഹനീഫ് തുടങ്ങിയവരാണ് ഛോട്ടാ മുംബൈയിലെ നമ്മളെ വിട്ടുപിരിഞ്ഞ അഭിനേതാക്കൾ. കലാഭവൻ മണിയുടെ നടേശനില്ലാതെ ഛോട്ടാ മുംബൈ പൂർണമാകില്ല. വളരെ കൂൾ ആയി എന്നാൽ ഭയമുളവാക്കുന്ന തരത്തിൽ ഭീഷണിപ്പെടുത്തുന്ന നടേശൻ കയ്യടി നേടിയ വില്ലനായിരുന്നു. വയലൻസിന്റെയോ ക്രൂരതയുടെയോ അതിപ്രസരമില്ലാതെ നോട്ടം കൊണ്ടും സംസാരരീതികൊണ്ടും കലാഭവൻ മണിയുടെ നടേശൻ ഭയപ്പെടുത്തി. എന്നെന്നും ഓർമിക്കപ്പെടുന്ന വില്ലനായി ഛോട്ടാ മുംബൈയിലെ നടേശൻ മാറി. 2016 മാർച്ച് 6 നായിരുന്നു കലാഭവൻ മണി നമ്മെ വിട്ടു പിരിഞ്ഞത്.

ചിത്രത്തിലെ പാമ്പ് ചാക്കോച്ചനെ ആരും മറക്കാനിടയില്ല. മുഴുവൻ സമയവും മദ്യലഹരിയിൽ നടന്ന് ഒപ്പം ചിരിപ്പിക്കുകയും ചെയ്ത രാജ് പി ദേവിന്റെ കഥാപാത്രം ഇന്നും നമ്മൾ ഓർക്കുന്നു. ചിത്രത്തിൽ അഭിനയിക്കുമ്പോൾ രാജൻ പി ദേവിന് കാഴ്ചനഷ്ടമായിരുന്നു. വെളുത്ത നിറം മാത്രമായിരുന്നു ആകെ തിരിച്ചറിയാൻ കഴിഞ്ഞിരുന്നത്. ഡയലോഗ് പറയേണ്ടിടത്ത് വെള്ള തുണി വീശി കാണിക്കുമ്പോൾ ആ സ്ഥലത്തേക്ക് നോക്കി ഡയലോഗ് പറഞ്ഞാണ് അദ്ദേഹം പാമ്പ് ചാക്കോച്ചനായി അഭിനയിച്ചത്. ചിത്രത്തിലെ മോഹൻലാൽ-രാജൻ പി ദേവ് കോംബോ നിരവധി നല്ല മുഹൂർത്തങ്ങളാണ് സമ്മാനിച്ചത്. 2009 ജൂലൈ 29നാണ് രാജൻ പി. ദേവ് അന്തരിച്ചത്.
ചിത്രത്തിൽ മോഹൻലാലിന്റെ സഹോദരിയുടെ വേഷത്തിലാണ് നടി ശരണ്യ എത്തിയത്. ഷെറിൻ എന്ന കഥാപാത്രമായി ശരണ്യയും ചിത്രത്തിലൂടെ തിളങ്ങി. 2021 ആഗസ്റ്റ് 9 നാണ് ശരണ്യ അന്തരിച്ചത്. ചിത്രത്തിലെ തലയുടെ വീടിനെ ജപ്തി ചെയ്യൻ വരുന്ന ബാങ്ക് മാനേജർ പ്രേമചന്ദ്രനെ ആരും മറന്നുകാണില്ല. ചെറുതെങ്കിലും അവിസ്മരണീയമായ ഒരു കഥാപാത്രത്തെയായിരുന്നു നടൻ കൊച്ചുപ്രേമൻ സിനിമയിൽ അവതരിപ്പിച്ചത്. തല ഗ്യാങ്ങും കൊച്ചു പ്രേമനും തമ്മിലുള്ള രംഗമെല്ലാം ഇന്നും മലയാളികൾ കണ്ട് ചിരിക്കുന്നവയാണ്. 2022 ഡിസംബർ 3 മൂന്നിന് ആണ് കൊച്ചുപ്രേമൻ നമ്മെ വിട്ടു പിരിഞ്ഞത്.
കുറച്ച് നേരമേ ഉള്ളെങ്കിലും തലയെയും ഗ്യാങ്ങിനെയും പറ്റിച്ച് കടന്നു കളയുന്ന വാസൂട്ടൻ പ്രേക്ഷകരെ ചിരിപ്പിച്ച കഥാപാത്രമായിരുന്നു. കൊച്ചിൻ ഹനീഫ എന്ന അതുല്യ കലാകാരൻ അഭിനയിച്ച് അവിസ്മരണീയമാക്കിയ വാസൂട്ടൻ ഛോട്ടാ മുംബൈയിൽ ചിരിപടർത്തിയ അനേകം കഥാപാത്രങ്ങളിൽ ഒരാളാണ്. തീർച്ചയായും കൊച്ചിൻ ഹനീഫയെന്ന അഭിനേതാവിനെ വീണ്ടും സ്‌ക്രീനിൽ കാണുമ്പോൾ നിരവധി തമാശ നിറഞ്ഞ മുഹൂർത്തങ്ങൾ മലയാളി മനസിലേക്ക് കടന്നുവരുമെന്ന് തീർച്ച. ചിത്രത്തിലെ നടേശന്റെ കൂട്ടാളിയായിട്ടാണ് സന്തോഷ് ജോഗി എത്തിയത്. അധികം സ്‌ക്രീൻ ടൈം ഇല്ലെങ്കിൽ ചിത്രം വീണ്ടുമെത്തുമ്പോൾ സന്തോഷിനെയും മലയാളികൾ ഓർക്കും.ചിത്രത്തിൽ തലയേയും ലതയെയും ഒന്നിപ്പിക്കുന്ന ബ്രോക്കറുടെ വേഷത്തിലായിരുന്നു കലാഭവൻ ഹനീഫ് എത്തിയത്. ചെറുതെങ്കിലും ഹനീഫിന്റെ കഥാപാത്രവും സിനിമയിൽ ശ്രദ്ധ നേടി. 2023 നവംബർ ഒൻപതിനായിരുന്നു കലാഭവൻ ഹനീഫ് അന്തരിച്ചത്.