അപൂർവ ചലച്ചിത്ര ഫോട്ടോകളുമായി 'അനർഘനിമിഷം' പ്രദർശനം

google news
bsv

കോട്ടയം: എഴുപതുകളുടെ സിനിമാക്കാല സ്മരണയുണർത്തി പുനലൂർ രാജന്റെ ശേഖരത്തിലുള്ള അപൂർവ ചിത്രങ്ങളുടെ പ്രദർശനം. കോട്ടയം രാജ്യാന്തര ചലച്ചിത്ര മേളയുടെ ഭാഗമായി തിരുനക്കര പഴയ പൊലീസ് മൈതാനത്ത് തമ്പ് സാംസ്‌കാരിക വേദിയിൽ പ്രത്യേകം തയാറാക്കിയ തമ്പിൽ നടന്ന പ്രദർശനം ഛായാഗ്രാഹകൻ സണ്ണി ജോസഫ് ഉദ്ഘാടനം ചെയ്തു. മലയാള സിനിമാ ചരിത്രവും കേരളത്തിന്റെ ഡോക്യുമെന്റേഷനും ഏറ്റവും മികച്ച രീതിയിൽ നടത്തിയ ഛായാഗ്രാഹകനാണ് പുനലൂർ രാജനെന്ന് സണ്ണി ജോസഫ് പറഞ്ഞു. മനുഷ്യാവസ്ഥയുടെ ഏറ്റവും നല്ല മുഖങ്ങളെ കാണിച്ച് കൊടുക്കാൻ പുനലൂർ രാജനായെന്നും അദ്ദേഹം പറഞ്ഞു.

ഇരുട്ടിന്റെ ആത്മാവ്, ഏണിപ്പടികൾ,വിൽക്കാനുണ്ട് സ്വപ്നങ്ങൾ, ഓളവും തീരവും, അപ്പുണ്ണി തുടങ്ങി വിവിധ സിനിമകളിൽ നിന്നുള്ള ചിത്രങ്ങളും എം.വി ദേവൻ, അരവിന്ദൻ, മന്നാഡേ, ഭരതൻ, പ്രേം പ്രകാശ്, ശങ്കരാടി, തോപ്പിൽ ഭാസി, അടൂർ ഗോപാലകൃഷ്ണൻ, ശാരദ, ജയഭാരതി തുടങ്ങി മലയാള സിനിമയിലെ മഹാരഥന്മാരുടെ എക്കാലത്തും ഓർമിക്കപ്പെടേണ്ട ചിത്രങ്ങളാണ് പ്രദർശനത്തിൽ ഒരുക്കിയിരുന്നത്. പ്രദർശനം 28 വരെ നീളും.

മങ്ങാട്ട് രത്‌നാകരൻ, സി. പ്രദീപ് ചന്ദ്രകുമാർ എന്നിവരാണ് പ്രദർശനത്തിന്റെ ക്യൂറേറ്റർമാർ. ഉദ്ഘാടനചടങ്ങിൽ സംവിധായകനും ഫെസ്റ്റിവൽ സംഘാടക സമിതി ചെയർമാനുമായ ജയരാജ്, സംവിധായകൻ ജോഷി മാത്യു, ചലച്ചിത്ര അക്കാദമി ജനറൽ കൗൺസിൽ അംഗം കുക്കു പരമേശ്വരൻ, ചിത്രാ കൃഷ്ണൻകുട്ടി, ജില്ലാ ഇൻഫർമേഷൻ ഓഫീസർ എ. അരുൺ കുമാർ, ഫെസ്റ്റിവൽ സംഘാടക സമിതി കൺവീനർ പ്രദീപ് നായർ, ചലച്ചിത്ര അക്കാദമി ഡെപ്യൂട്ടി ഡയറക്ടർമാരായ എച്ച്. ഷാജി, എൻ.പി സജീഷ്, സി. സി. സജിത്ത്, ചലച്ചിത്ര നിരൂപകൻ എ. ചന്ദ്രശേഖർ, തേക്കിൻകാട് ജോസഫ് തുടങ്ങിയവർ പങ്കെടുത്തു.
 

Tags