അണലി’ വെബ് സീരീസിന്റെ റിലീസ് വിലക്കി കോടതി
കൂടത്തായി കൂട്ടക്കൊലക്കേസ് പ്രമേയമാക്കി ഒരുക്കിയ ‘അണലി’ വെബ് സീരീസിന്റെ റിലീസ് എറണാകുളം അഡീഷണൽ മുൻസിഫ് കോടതി വിലക്കി. മുഖ്യപ്രതി ജോളിയുടെ ഹർജി പരിഗണിച്ചാണ് കോടതിയുടെ ഉത്തരവ്. കേസുകളുടെ വിചാരണ പൂർത്തിയാകുന്നതുവരെയാണ് വെബ് സീരീസിന് വിലക്കേർപ്പെടുത്തിയിരിക്കുന്നത്.
വിചാരണ തീരുന്നതിന് മുൻപ് തന്നെ തന്നെ കുറ്റവാളിയായി ചിത്രീകരിക്കുന്നത് സ്വകാര്യത, അന്തസ്സ്, നീതിയുക്തമായ വിചാരണ എന്നിവയെ ഗുരുതരമായി ബാധിക്കുമെന്ന് ജോളി ഹർജിയിൽ ചൂണ്ടിക്കാട്ടിയിരുന്നു. നിയമപ്രകാരം കുറ്റം തെളിയിക്കുന്നതുവരെ നിരപരാധിയാണെന്ന അവകാശം ഹർജിക്കാരിക്കുണ്ടെന്ന് കോടതി വ്യക്തമാക്കി. മുഖ്യകഥാപാത്രമായി കണ്ട് യഥാർഥ കുറ്റവാളിയായി ചിത്രീകരിക്കുന്നത് വഴി സത്കീർത്തിക്കുണ്ടാകുന്ന ഹാനി പിന്നീട് നഷ്ടപരിഹാരം നൽകി നികത്താനാവില്ലെന്നും കോടതി നിരീക്ഷിച്ചു.
മിഥുൻ മാനുവൽ തോമസ് സംവിധാനം ചെയ്ത് നിഖിലാ വിമലും ലിയോണ ലിഷോയിയും മുഖ്യവേഷത്തിലെത്തുന്നതാണ് ഈ വെബ് സീരീസ്. ഇതിന് മുമ്പ് മുൻസിഫ് കോടതി താത്കാലിക സ്റ്റേ അനുവദിച്ചിരുന്നുവെങ്കിലും, സംപ്രേഷണം വൈകുന്നത് സാമ്പത്തിക നഷ്ടമുണ്ടാക്കുമെന്ന് ചൂണ്ടിക്കാട്ടി നിർമ്മാതാക്കളായ ജിയോ ഹോട്ട്സ്റ്റാർ ഇന്ത്യ ഹൈക്കോടതിയെ സമീപിച്ചിരുന്നു. തുടർന്ന് ഹർജി വേഗത്തിൽ തീർപ്പാക്കാൻ ഹൈക്കോടതി മുൻസിഫ് കോടതിക്ക് നിർദേശം നൽകുകയും, ഇടക്കാല സ്റ്റേ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഒ.ടി.ടി. പ്ലാറ്റ്ഫോം നൽകിയ ഹർജി കോടതി തള്ളുകയുമായിരുന്നു.
.jpg)


