'അമ്മ' സംഘടനയിൽ ഇപ്പോൾ നടക്കുന്നത് ആഭ്യന്തര പ്രശ്‌നം ; സംവിധായകൻ കമൽ
കോഴിക്കോട്: 'അമ്മ' സംഘടനയിൽ ഇപ്പോൾ നടക്കുന്നത് ആഭ്യന്തര പ്രശ്‌നമെന്ന് സംവിധായകൻ കമൽ. 'അമ്മ' വളരെ പാരമ്പര്യമുള്ള സംഘടനയാണെന്നും പ്രശ്‌നങ്ങൾ ആശങ്കപ്പെടുത്തുന്നതാണെന്നും കമൽ പറഞ്ഞു. നടി അൻസിബയെ തീവ്രവാദി, ജിഹാദി എന്നിങ്ങനെ വിളിച്ചത് ആശങ്ക ഉണ്ടാക്കുന്നു. അത് സംഘടനയുടെ ആഭ്യന്തര പ്രശ്‌നം അല്ലെന്നും കമൽ കൂട്ടിച്ചേർത്തു.
'ഒളിഞ്ഞും തെളിഞ്ഞും സംഘപരിവാറിന്റെ സാന്നിധ്യം മലയാള സിനിമയിൽ ഉണ്ട്. ജാഗ്രതയോടെ ഇതിനെ കാണണം. അൻസിബയെ കേൾക്കണം. പറയുന്നത് ഗൗരവമുള്ള കാര്യമാണ്. അൻസിബ വ്യക്തമായ കാഴ്ചപ്പാടുള്ള കുട്ടിയാണ്. ഈ പ്രശ്‌നങ്ങൾ കേൾക്കണം. അല്ലാതെ ആര് പ്രസിഡന്റ്, സെക്രട്ടറി ആവുന്നു എന്നതല്ല പരിഗണിക്കേണ്ടത്', കമൽ പറഞ്ഞു.
മോഹൻലാലും മമ്മൂട്ടിയും സംഘടനയുടെ പ്രശ്‌നങ്ങളിൽ ഇടപെടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. മാറി നിൽക്കാൻ പാടില്ല. 'അമ്മ'യിലെ പ്രശ്‌നം സിനിമയെ ബാധിക്കില്ലെന്നും കമൽ കൂട്ടിച്ചേർത്തു.
.jpg)

