ഒരുമിച്ച് ജീവിക്കുമ്പോൾ എന്റെ അക്കൗണ്ട് നിന്റെ അക്കൗണ്ട് എന്നൊക്കെയുണ്ടോ? എല്ലാ ആരോപണങ്ങൾക്കും മറുപടി നൽകും ; രവി മോഹനോട് ആർതിയുടെ അമ്മ
വിവാഹജീവിതവുമായി ബന്ധപ്പെട്ട് നടൻ രവി മോഹൻ നടത്തിയ പ്രസ്മീറ്റ് വലിയ വിവാദങ്ങൾക്കാണ് തിരികൊളുത്തിയത്. മുൻഭാര്യ ആർതിക്കെതിരെ നിരവധി ആരോപണങ്ങൾ ഉന്നയിച്ച രവി മോഹൻ താൻ മരിക്കുന്നത് കാണാനാണ് അവർ ആഗ്രഹിക്കുന്നതെന്ന് പോലും പറഞ്ഞു.
ഇപ്പോഴിതാ രവി മോഹൻ ഉയർത്തിയ ആരോപണങ്ങളിൽ വിശദീകരണവുമായി എത്തിയിരിക്കുകയാണ് രവിയുടെ ഭാര്യാമാതാവ് സുജാത വിജയകുമാർ. രവി മോഹൻ ഉന്നയിച്ച ആരോപണങ്ങൾ തെറ്റാണെന്ന് സുജാത മാധ്യമങ്ങളോട് പറഞ്ഞു.
സുജാതയുടെ വാക്കുകൾ
‘‘ ഒരു വർഷമായി കോടതിയിലിരിക്കുന്ന വിഷയമാണ് രവി മോഹൻ ഇപ്പോൾ പരസ്യമായി പറഞ്ഞിരിക്കുന്നത്. ഇതിന് മുൻപും ഒരുപാട് വ്യാജ ആരോപണങ്ങൾ ഞങ്ങൾക്കെതിരെ ഉയർത്തിയിരുന്നു. കേസ് കോടതിയിൽ നടക്കുന്നതുകൊണ്ടാണ് അതിനൊന്നും മറുപടി പറയാതിരുന്നത്.അദ്ദേഹത്തിന്റെ സമ്മർദം എന്താണെന്ന് അറിയില്ല, വൈകാരികമായാണ് സംസാരിക്കുന്നത് കണ്ടത്. ഞാൻ ഇവിടെ കരയാനോ വൈകാരിക പ്രകടനം നടത്താനോ ഉദ്ദേശിക്കുന്നില്ല, എന്തെന്നാൽ ഞാൻ ഒരു തെറ്റും ചെയ്തിട്ടില്ല. എല്ലാ ആരോപണങ്ങൾക്കും മറുപടിയുണ്ടാകും. പക്ഷേ അത് നിയമോപദേശം തേടിയതിന് ശേഷം മാത്രമാകും.
ഒരുകാര്യം ഞാൻ പറയാം, എന്റെ പേരക്കുട്ടി ഇന്ന് പത്താം ക്ലാസ് പരീക്ഷ എഴുതുകയായിരുന്നു. ഇന്ന് അവന്റെ മാനസികാവസ്ഥ എന്തായിരിക്കുമെന്ന് നിങ്ങൾ ആലോചിച്ച് നോക്കൂ. പരീക്ഷ എഴുതി എഴുതി പുറത്തുവരുന്ന അവൻ എത്രത്തോളം മാനസിക വിഷമം അനുഭവിക്കുമെന്ന് നിങ്ങൾ ആലോചിക്കൂ.
ആ കുട്ടികൾ കാണാൻ പാടില്ലാത്തതെല്ലാം കാണുകയും കേൾക്കാൻ പാടില്ലാത്തതെല്ലാം കേൾക്കുകയും ചെയ്തു. വലിയ മനോവിഷമത്തിലാണ് അവരുള്ളത്. അവരെ ഇനിയും സമ്മർദത്തിലേക്ക് തള്ളിവിടാതിരിക്കാനുള്ള ഉത്തരവാദിത്വം എനിക്കുണ്ട്. എല്ലാ ആരോപണങ്ങൾക്കും തീർച്ചയായും മറുപടി നൽകും.
കുട്ടികളെ കാണാൻ അനുവദിക്കുന്നില്ലെന്ന ആരോപണം നുണയാണ്. അത് ആർക്കും ചെയ്യാൻ കഴിയുന്ന ഒന്നല്ല. 2008ൽ വികടൻ മാസികയിൽ ഒരു അഭിമുഖം വന്നിട്ടുണ്ട്. ആരാണ് കൈത്തണ്ട മുറിച്ച്, ബ്ലാക്ക് മെയിൽ ചെയ്ത് വിവാഹം കഴിക്കാൻ നിർബന്ധിച്ചത് എന്ന് ആ ഇന്റർവ്യൂയിലുണ്ട്.
സ്വന്തം കാശ് ചിലവാക്കാൻ സമ്മതിക്കുന്നില്ലെന്ന രവി മോഹന്റെ വാദവും സുജാത തള്ളി. ‘സ്വന്തം കാശ് ചിലവാക്കാൻ സമ്മതിക്കുന്നില്ലെന്ന ആരോപണം അദ്ദേഹം കോടതിയിലും ഉന്നയിച്ചിട്ടുണ്ട്. ഒരു കുടുംബമായി ജീവിക്കുന്ന ദമ്പതികൾക്കിടയിൽ എന്റെ അക്കൗണ്ട് നിന്റെ അക്കൗണ്ട് എന്നൊക്കെയുണ്ടോ? എനിക്കറിയില്ല, എല്ലാം ഒന്നാണെന്നാണ് എനിക്ക് തോന്നുന്നത്.
തമിഴ്നാട്ടിൽ ഒരു സ്ത്രീക്കെതിരെ അതിക്രമം നടന്നാൽ എല്ലാ സ്ത്രീകളും പിന്തുണ നൽകും, അതാണ് തമിഴ്നാടിന്റെ രീതി. അങ്ങനെയുള്ളപ്പോൾ, ഒന്നുരണ്ട് പേരുടെ മാത്രം പേരെടുത്ത് പറഞ്ഞ് ആരോപണം ഉന്നയിക്കുന്നത് ശരിയല്ല.
ദശലക്ഷക്കണക്കിന് ആളുകൾ ഞങ്ങളെ പിന്തുണയ്ക്കുന്നതായി കാണാം. ഇതിൽ കൂടുതൽ എനിക്കൊന്നും പറയാനില്ല, അത് കോടതിയലക്ഷ്യമാകും. എല്ലാ ആരോപണങ്ങൾക്കും ഞങ്ങൾ നേരിൽ വന്ന് മറുപടി നൽകും, കുറച്ചു സമയം തരൂ.’ സുജാതയുടെ വാക്കുകൾ.
.jpg)

