'ആലപ്പുഴ ജിംഖാന'യുടെ കിടിലം പഞ്ച്; 24 മണിക്കൂറിൽ വിറ്റത് 120.15K ടിക്കറ്റുകൾ


ഖാലിദ് റഹ്‌മാന്‍ സംവിധാനം ചെയ്യുന്ന ചിത്രമെന്ന കൗതുകത്തോടെ വിഷു റിലീസിന് എത്തിയ 'ആലപ്പുഴ ജിംഖാന' മനസും ബോക്‌സ് ഓഫീസും കീഴടക്കുന്നു. കരിയറിലെ ഏറ്റവും വലിയ വിജയമായിരുന്ന 'പ്രേമലു'വിനു ശേഷം നസ്ലിന്‍ നായകനായ ചിത്രമാണ് 'ആലപ്പുഴ ജിംഖാന'. വിഷു റിലീസുകളില്‍ ഹൈപ്പോടെ എത്തിയ ചിത്രവും ഇതായിരുന്നു. ചിത്രം പ്രേക്ഷക പ്രതീക്ഷകള്‍ക്കൊപ്പം എത്തിയതിന്റെ സൂചയാണ് ബുക്ക് മൈ ഷോയില്‍ വിറ്റ് അഴിഞ്ഞു പോകുന്ന ടിക്കറ്റുകളുടെ കണക്ക്. കഴിഞ്ഞ 24 മണിക്കൂറില്‍ 120,150 ടിക്കറ്റുകളാണ് ബുക്ക് മൈ ഷോ വഴി വിറ്റ് പോയത്.
ചിത്രം ആദ്യ രണ്ട് ദിനം കൊണ്ട് തന്നെ ബോക്‌സ് ഓഫീസില്‍ 10 കോടിയ്ക്ക് മേലേ കളക്ഷനും കുറിച്ച് കഴിഞ്ഞു. സിനിമയ്ക്ക് എല്ലാ കോണുകളില്‍നിന്നും മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ഖാലിദ് റഹ്‌മാന്റെ സംവിധാനമികവ് ആവര്‍ത്തിച്ചുവെന്നാണ് അഭിപ്രായങ്ങള്‍. സ്പോര്‍ട്സ് കോമഡി എന്ന ജോണറിനോട് സിനിമ നീതി പുലര്‍ത്തിയെന്നും അഭിപ്രായങ്ങളുണ്ട്.

പ്ലാന്‍ ബി മോഷന്‍ പിക്‌ചേഴ്‌സിന്റെ ബാനറിലും റീലിസ്റ്റിക് സ്റ്റുഡിയോയുടെ ബാനറിലും ഖാലിദ് റഹ്‌മാന്‍, ജോബിന്‍ ജോര്‍ജ്, സമീര്‍ കാരാട്ട്, സുബീഷ് കണ്ണഞ്ചേരി എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചത്.
പ്ലാന്‍ ബി മോഷന്‍ പിക്‌ചേഴ്‌സിന്റെ ആദ്യ നിര്‍മാണ സംരംഭമാണിത്. ഖാലിദ് റഹ്‌മാനും ശ്രീനി ശശീന്ദ്രനും ചേര്‍ന്ന് തിരക്കഥ രചിച്ച ചിത്രത്തിനായ് സംഭാഷണങ്ങള്‍ തയ്യാറാക്കിയിരിക്കുന്നത് രതീഷ് രവിയാണ്. നസ്ലിന്‍, ഗണപതി, ലുക്ക്മാന്‍, സന്ദീപ് പ്രദീപ്, അനഘ രവി എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തിലെ മറ്റ് സുപ്രധാന വേഷങ്ങള്‍ ഫ്രാങ്കോ ഫ്രാന്‍സിസ്, ബേബി ജീന്‍, ശിവ ഹരിഹരന്‍, ഷോണ്‍ ജോയ്, കാര്‍ത്തിക്, നന്ദ നിഷാന്ത്, നോയില ഫ്രാന്‍സി തുടങ്ങിയവരാണ് കൈകാര്യം ചെയ്യുന്നത്.