ശങ്കരൻ നായരായി അക്ഷയ് കുമാർ; കേസരി 2 ട്രെയിലർ പുറത്ത്


ബോളിവുഡ്താരം അക്ഷയ് കുമാറിനെ നായകനാക്കി കരൺസിങ് ത്യാഗി സംവിധാനം ചെയ്യുന്ന ‘കേസരി 2: ദ് അൺടോൾഡ് സ്റ്റോറി ഓഫ് ജാലിയൻ വാലാബാഗ്’ ന്റെ ട്രെയിലർ എത്തി. ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ അധ്യക്ഷസ്ഥാനത്തെത്തിയ ഏക മലയാളിയും വൈസ്രോയി കൗൺസിലിലെ ഏക ഇന്ത്യക്കാരനുമായിരുന്ന സർ ചേറ്റൂർ ശങ്കരൻ നായരുടെ ജീവിതമാണ് ചിത്രത്തിന്റെ പ്രമേയം.
അക്ഷയ് കുമാർ ശങ്കരൻ നായരുടെ വേഷത്തിലെത്തുന്നു. സി.ശങ്കരൻ നായരുടെ കൊച്ചുമകനായ രഘു പാലാട്ടും പുഷ്‍പ പാലാട്ടും ചേർന്ന് എഴുതിയ ‘ദ് ഷേക്ക് ദാറ്റ് ഷൂക്ക് ദ് എംപയർ’ എന്ന പുസ്‍തകത്തെ ആസ്‍പദമാക്കിയാണ് സിനിമ. ജാലിയൻ വാലാബാഗ് കൂട്ടക്കൊലയുടെ കാരണക്കാരനായ ജനറൽ മൈക്കിൾ ഡയറിനെതിരെയും ക്രൂരമായ മാർഷൽ നിയമത്തിനെതിരെയുമുള്ള സി ശങ്കരൻ നായരുടെ കോടതിപോരാട്ടങ്ങളുടെ കഥയാണ് സിനിമയുടെ പ്രമേയം.ഏപ്രിൽ 18ന് റിലീസിന് എത്തുന്ന ചിത്രം ഹിന്ദി,തെലുങ്ക്,തമിഴ് എന്നീ ഭാഷകളിൽ തീയേറ്ററുകളിൽ എത്തും.

മാധവൻ, അനന്യ പാണ്ഡെ എന്നിവരാണ് മറ്റ് പ്രധാന അഭിനേതാക്കൾ. കരൺ ജോഹറിന്റെ ധർമ പ്രൊഡക്‌ഷൻസ്, കേപ് ഓഫ് ഗുഡ് ഫിലിംസ്, ലിയോ മീഡിയ കലക്ടീവ് പ്രസന്റ് എന്നീ ബാനറുകൾ ചേർന്നാണ് നിർമാണം.
വാർത്തപ്രചരണം: പി ശിവപ്രസാദ്