മുംബൈയിലെ നാല് ആഡംബര ഫ്ലാറ്റുകൾ വൻ ലാഭത്തിൽ വിറ്റഴിച്ച് അക്ഷയ് കുമാർ
മുംബൈയിലെ തന്റെ ഉടമസ്ഥതയിലുള്ള നാല് ആഡംബര ഫ്ലാറ്റുകൾ വൻ ലാഭത്തിൽ വിറ്റഴിച്ച് ബോളിവുഡ് താരം അക്ഷയ് കുമാർ. പ്രമുഖ പ്രോപ്പർട്ടി രജിസ്ട്രേഷൻ ഡാറ്റാ വെബ്‌സൈറ്റായ ‘സിആർഇ മാട്രിക്സ്’ പുറത്തുവിട്ട റിപ്പോർട്ടുകൾ പ്രകാരം, മുലുണ്ട് വെസ്റ്റിലും ബോറിവാലിയിലുമായാണ് ഈ ഇടപാടുകൾ നടന്നിരിക്കുന്നത്. കൊവിഡിന് ശേഷം മുംബൈയിലെ സബർബൻ മേഖലകളിൽ ആഡംബര വീടുകൾക്ക് വലിയ ഡിമാൻഡ് ഉണ്ടായതാണ് താരത്തിന് റെക്കോർഡ് ലാഭം നേടിക്കൊടുത്തത്.
മുലുണ്ട് വെസ്റ്റിലെ എൽബിഎസ് റോഡിലുള്ള ‘ഒബറോയ് എനിഗ്മ’ എന്ന പ്രീമിയം പ്രോജക്റ്റിലെ രണ്ട് ആഡംബര ഫ്ലാറ്റുകളാണ് അക്ഷയ് കുമാർ വിറ്റഴിച്ചത്. ബി ടവറിലെ പതിനെട്ടാം നിലയിൽ സ്ഥിതിചെയ്യുന്ന ഓരോ ഫ്ലാറ്റിനും 6.19 കോടി രൂപ വീതം മൊത്തം 12.38 കോടി രൂപയാണ് താരം സ്വന്തമാക്കിയത്. 2017 ഒക്ടോബറിൽ വാങ്ങിയ ഈ ഫ്ലാറ്റുകൾക്കായി 74.28 ലക്ഷം രൂപ സ്റ്റാമ്പ് ഡ്യൂട്ടിയായി നൽകിയിട്ടുണ്ട്. മൂന്ന് കാറുകൾ വരെ പാർക്ക് ചെയ്യാവുന്ന സൗകര്യമുള്ള ഈ ഫ്ലാറ്റുകൾ ‘സണ്ണി ഹോം കെയർ പ്രൈവറ്റ് ലിമിറ്റഡ്’ എന്ന കമ്പനിയാണ് സ്വന്തമാക്കിയത്.
ബോറിവാലിയിലെ സ്കൈ സിറ്റി പ്രോജക്റ്റിലെ രണ്ട് ഫ്ലാറ്റുകൾ 7.1 കോടി രൂപയ്ക്കാണ് വിറ്റുപോയത്. 2017 നവംബറിൽ ഏകദേശം 3.68 കോടി രൂപയ്ക്ക് വാങ്ങിയ ഈ പ്രോപ്പർട്ടികൾക്ക് വർഷങ്ങൾക്കിപ്പുറം വൻ വിലവർദ്ധനവാണ് ഉണ്ടായത്. 35-ാം നിലയിലുള്ള ഈ ഫ്ലാറ്റുകളുടെ വിൽപ്പനയിലൂടെ ഏകദേശം 99 ശതമാനത്തോളം ലാഭമാണ് അക്ഷയ് കുമാറിന് ലഭിച്ചത്. ഇതിനായി 35.5 ലക്ഷം രൂപ സ്റ്റാമ്പ് ഡ്യൂട്ടിയായി അടച്ചിട്ടുണ്ട്. കഴിഞ്ഞ വർഷം ജൂണിലും ഇതേ പ്രോജക്റ്റിലെ രണ്ട് ഫ്ലാറ്റുകൾ താരം 7.1 കോടി രൂപയ്ക്ക് വിറ്റഴിച്ചിരുന്നു.
.jpg)

