അക്ഷയ് കുമാറിന്റെ മകളെ ഓൺലൈൻ ഗെയിമിലൂടെ സൈബർ കെണിയിൽപ്പെടുത്താൻ ശ്രമം ; പ്രതി അറസ്റ്റിൽ

Akshay

 മുംബൈ: ബോളിവുഡ് താരം അക്ഷയ് കുമാറിന്റെ മകൾ നിതാര കുമാറിനെ ഓൺലൈൻ ഗെയിമിലൂടെ സൈബർ കെണിയിൽപ്പെടുത്താൻ ശ്രമിച്ച കേസിൽ പ്രതിയെ അറസ്റ്റ് ചെയ്തതായി മഹാരാഷ്ട്ര സൈബർ വിഭാഗം അറിയിച്ചു. ഓൺലൈൻ ഗെയിം കളിക്കുന്നതിനിടെ അപരിചിതനായ വ്യക്തി നിതാരയോട് നഗ്നചിത്രങ്ങൾ ആവശ്യപ്പെടുകയായിരുന്നു. ആർ.ഡി. നാഷണൽ കോളജിൽ നടന്ന സൈബർ സുരക്ഷാ ബോധവൽക്കരണ പരിപാടിയിൽ എ.ഡി.ജി.പി യശസ്വി യാദവാണ് ഈ വിവരം വെളിപ്പെടുത്തിയത്.

തന്റെ കുടുംബത്തിന് നേരിടേണ്ടി വന്ന ഈ ദുരനുഭവം നേരത്തെ ഒരു വിഡിയോയിലൂടെ അക്ഷയ് കുമാർ വിവരിച്ചിരുന്നു. ഈ വിഡിയോയും പരിപാടിയിൽ പ്രദർശിപ്പിച്ചു. ‘കുറച്ചു മാസങ്ങൾക്ക് മുമ്പ് മകൾ വീട്ടിലിരുന്ന് ഓൺലൈൻ വിഡിയോ ഗെയിം കളിക്കുകയായിരുന്നു. അപരിചിതരായ ആളുകളുമായി ഒന്നിച്ച് കളിക്കാവുന്ന ഗെയിമായിരുന്നു അത്. തുടക്കത്തിൽ വളരെ മാന്യമായ രീതിയിലായിരുന്നു സന്ദേശങ്ങൾ എത്തിയിരുന്നത്. നന്നായി കളിക്കുന്നു, നന്ദി എന്നിങ്ങനെയുള്ള സന്ദേശങ്ങൾ കണ്ട് അത് ആദരവോടെയുള്ള പെരുമാറ്റമാണെന്ന് മകൾ കരുതി.

സംസാരത്തിനിടയിൽ മകൾ മുംബൈയിൽ നിന്നാണെന്നും പെൺകുട്ടിയാണെന്നും മനസ്സിലാക്കിയതോടെയാണ് സന്ദേശങ്ങളുടെ സ്വഭാവം മാറിയത്. പെട്ടെന്ന് ആ വ്യക്തി മകളോട് നഗ്നചിത്രങ്ങൾ ആവശ്യപ്പെടുകയായിരുന്നു. എന്നാൽ ഭയപ്പെടാതെ നിതാര ഉടൻ തന്നെ ഗെയിം ഓഫ് ചെയ്യുകയും അമ്മയെ വിവരമറിയിക്കുകയും ചെയ്തു. മകൾ ഇക്കാര്യം തുറന്നുപറഞ്ഞത് വലിയ കാര്യമാണെന്നും ഇതിലൂടെയാണ് തങ്ങൾക്ക് നിയമനടപടികൾ സ്വീകരിക്കാൻ കഴിഞ്ഞതെന്നും’ അക്ഷയ് കുമാർ വിഡിയോയിൽ വ്യക്തമാക്കി.

കുട്ടികൾ ഇത്തരം ചതിക്കുഴികളിൽ വീഴാൻ സാധ്യത കൂടുതലാണെന്നും ഇത് പിന്നീട് പണം തട്ടുന്നതിലേക്കും ആത്മഹത്യകളിലേക്കും നയിക്കുമെന്നും അക്ഷയ് കുമാർ മുന്നറിയിപ്പ് നൽകി. സ്കൂൾ പാഠ്യപദ്ധതിയിൽ സൈബർ സുരക്ഷാ ക്ലാസുകൾ ഉൾപ്പെടുത്തണമെന്ന് താൻ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസിനോട് അഭ്യർത്ഥിച്ചിട്ടുണ്ടെന്നും താരം പറഞ്ഞു.

മകൾ കാണിച്ച ധീരതയാണ് കേസ് കൈകാര്യം ചെയ്യാൻ പൊലീസിനെ സഹായിച്ചതെന്ന് എ.ഡി.ജി.പി യശസ്വി യാദവ് വിദ്യാർഥികളോട് പറഞ്ഞു. ഡിജിറ്റൽ ലോകത്തെ ചതിക്കുഴികളെക്കുറിച്ചും സോഷ്യൽ മീഡിയ ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ചും സെഷനിൽ വിദ്യാർഥികൾക്ക് അവബോധം നൽകി.

Tags