‘രാമായണ’ ആദ്യ ഭാഗത്തിന്റെ അഡ്വാൻസ് ബുക്കിങ് ഇന്ന് മുതൽ
ചലച്ചിത്ര ലോകം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന നിതീഷ് തിവാരിയുടെ ബ്രഹ്മാണ്ഡ ചിത്രം ‘രാമായണ’ ആദ്യ ഭാഗത്തിന്റെ റിലീസിനായുള്ള കാത്തിരിപ്പിലാണ് ആരാധകർ. 2026 നവംബർ 5-ന് ചിത്രം തിയേറ്ററുകളിൽ എത്തുമ്പോൾ, ചിത്രത്തിന്റെ അഡ്വാൻസ് ടിക്കറ്റ് ബുക്കിങ് ഇന്ന് (ഒക്ടോബർ 20) മുതൽ ആരംഭിക്കുകയാണ്. മലയാളം, ഹിന്ദി, കന്നഡ, തെലുങ്ക്, തമിഴ് എന്നീ അഞ്ച് ഭാഷകളിലായി പാൻ-ഇന്ത്യൻ തലത്തിലാണ് ചിത്രം റിലീസ് ചെയ്യുന്നത്. ഔദ്യോഗിക റിലീസ് ഡേറ്റ് പോസ്റ്ററും അടുത്തിടെ പുറത്തിറങ്ങിയ ട്രെയിലറും ഇതിനോടകം തന്നെ ചലച്ചിത്ര ലോകത്ത് വലിയ തരംഗമാണ് സൃഷ്ടിച്ചിരിക്കുന്നത്.
നമിത് മൽഹോത്രയുടെ പ്രൈം ഫോക്കസ് സ്റ്റുഡിയോസും, എട്ട് തവണ ഓസ്കർ പുരസ്കാരം നേടിയ പ്രമുഖ വിഷ്വൽ ഇഫക്റ്റ്സ് സ്റ്റുഡിയോയായ ഡിഎൻഇജിയും, യഷിന്റെ മോൺസ്റ്റർ മൈൻഡ് ക്രിയേഷൻസും സംയുക്തമായാണ് ചിത്രം നിർമ്മിക്കുന്നത്. ഇന്ത്യൻ സിനിമയിലെ ഏറ്റവും വലിയ താരനിരയാണ് ഈ ഇതിഹാസ സിനിമയ്ക്കായി അണിനിരക്കുന്നത്. ശ്രീരാമനായി രൺബീർ കപൂറും, സീതാദേവിയായി സായ് പല്ലവിയും എത്തുമ്പോൾ, ലോകസിനിമ കണ്ട ഏറ്റവും ശക്തനായ പ്രതിനായകനായ രാവണനായി സൂപ്പർ താരം യഷ് വേഷമിടുന്നു. കൂടാതെ മലയാളികളുടെ പ്രിയനടി ശോഭന കൈകേയിയായും, അരുൺ ഗോവിൽ ദശരഥ മഹാരാജാവായും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. രവി ദുബെ (ലക്ഷ്മണൻ), അജിങ്ക്യ ദേവ് (വിശ്വാമിത്രൻ), കുനാൽ കപൂർ (ഇന്ദ്രദേവൻ), രാകുൽ പ്രീത് സിംഗ് (ശൂർപ്പണഖ) തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നു.
ഓസ്കർ ജേതാക്കളായ സംഗീത ഇതിഹാസങ്ങൾ ഹാൻസ് സിമ്മറും എ.ആർ. റഹ്മാനും ആദ്യമായി ഒന്നിക്കുന്നുവെന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. ശ്രീധർ രാഘവനാണ് തിരക്കഥയൊരുക്കിയിരിക്കുന്നത്. സോണി പിക്ചേഴ്സ് അന്താരാഷ്ട്ര വിതരണം ഏറ്റെടുത്തിരിക്കുന്ന ചിത്രം, ഉത്തരേന്ത്യയിൽ ധർമ്മ പ്രൊഡക്ഷൻസാണ് തിയറ്ററുകളിലെത്തിക്കുന്നത്. രണ്ട് ഭാഗങ്ങളായി പുറത്തിറങ്ങുന്ന ഈ സിനിമാ പരമ്പരയുടെ ആദ്യ ഭാഗം ഇന്ത്യൻ സിനിമയിലെ തന്നെ ഏറ്റവും ചെലവേറിയതും വലിയതുമായ പ്രൊജക്ടുകളിലൊന്നാണ്. പി.ആർ.ഒ: ആതിര ദിൽജിത്ത്.
.jpg)


