12-ാം വയസ്സിൽ ഇംഗ്ലീഷ് നോവലുമായി ആദിദേവ് ; ശ്രദ്ധേയനായി പെരുമ്പാവൂരിന്റെ കൊച്ചു മിടുക്കൻ ; തണ്ടേക്കാട് ജമാ അത്ത് ഹയർസെക്കന്ററി സ്‌കൂളിനിത് അഭിമാന നിമിഷം

Adidev pens an English novel at age 12; the bright young talent from Perumbavoor makes his mark; a proud moment for Thandekkad Jama-ath Higher Secondary School

ഈയൊരു പട്ടികയിലേയ്ക്ക് ആദ്യമായൊരു ഇംഗ്ലീഷ് നോവൽ എഴുതി കടന്നുവന്നിരിക്കുകയാണ് പെരുമ്പാവൂരിലെ ഒരു കൊച്ചു മിടുക്കൻ. തണ്ടേക്കാട് ജമാ അത്ത് ഹയർ സെക്കന്ററിസ്‌കൂളിലെ എട്ടാം ക്ലാസ്സിൽ പഠിയ്ക്കുന്ന 12 വയസ്സുമാത്രം പ്രായമുള്ള ആദിദേവാണ് ആ മിടുക്കനായ നോവലിസ്റ്റ്. 

 പെരുമ്പാവൂർ: സാൻ ഫ്രാൻസിസ്‌കോയിൽ സ്ഥിരതാമസമുള്ള മഹാരാഷ്ട്ര സ്വദേശിനി അനുഷ സുബ്രഹ്മണ്യൻ, കശ്മീരിൽ നിന്നുള്ള മുബൈക്കാരി സോണി ചോപ്ര, ചെന്നൈയിൽ നിന്നുള്ള സംഹിത അർണി, അയോധ്യയിൽ നിന്നുള്ള മൃഗേന്ദ്ര രാജ്, ചെന്നൈയിൽ നിന്നുള്ള മെലിറ്റ ടെസി.. ഇവരൊക്കെ ആരെന്നല്ലെ ? വളരെ ചെറുപ്രായത്തിൽ, അതായത് 10 വയസ്സിനും 16 വയസ്സിനുമിടയിൽ ആംഗലേയ സാഹിത്യത്തിൽ ഇതിഹാസങ്ങളും ഫാന്റസി നോവലുകളും കവിതകളും സയൻസ് ഫിക്ഷനുകളും അഡ്വഞ്ചർ നോവലുകളും ജീവചരിത്രങ്ങളുമൊക്കെ എഴുതി ലോക സാഹിത്യചരിത്രത്തിൽ തങ്ങളുടേതായ ഇടം നേടിയ ഇന്ത്യൻ കുട്ടിപ്രതിഭകളാണിവർ. 

ഈയൊരു പട്ടികയിലേയ്ക്ക് ആദ്യമായൊരു ഇംഗ്ലീഷ് നോവൽ എഴുതി കടന്നുവന്നിരിക്കുകയാണ് പെരുമ്പാവൂരിലെ ഒരു കൊച്ചു മിടുക്കൻ. തണ്ടേക്കാട് ജമാ അത്ത് ഹയർ സെക്കന്ററിസ്‌കൂളിലെ എട്ടാം ക്ലാസ്സിൽ പഠിയ്ക്കുന്ന 12 വയസ്സുമാത്രം പ്രായമുള്ള ആദിദേവാണ് ആ മിടുക്കനായ നോവലിസ്റ്റ്.  എറണാകുളം ജില്ലയിലെ നോർത്ത് എഴിപ്രം മുള്ളൻകുന്ന് 'പുനർജനി'യിൽ രവിചന്ദ്രന്റെയും സ്മിതയുടെയും മകനാണ്. രമിത്ത് സഹോദരനും ആർച്ച സഹോദരിയുമാണ്. ആദിദേവിന്റെ 'ദ ലാസ്റ്റ് റൺവേ ' എന്ന കൃതി ഇക്കഴിഞ്ഞ ദിവസമാണ് പ്രകാശനം ചെയ്യപ്പെട്ടത്. മൂന്ന് ഭാഗങ്ങളുള്ള ഇംഗ്ലീഷ് നോവൽ പരമ്പരയുടെ ആദ്യ ഭാഗമാണ് 'ദ ലാസ്റ്റ് റൺവേ'. എറണാകുളം റൈറ്റേഴ്സ് ഹട്ട്  ആണ് പുസ്തകം പ്രസിദ്ധീകരിച്ചത്.

എറണാകുളം ജില്ലാ കളക്ടർ ജി. പ്രിയങ്ക ഐ.എ.എസ്. ആണ് പ്രകാശനകർമ്മം നിർവ്വഹിച്ചത്. വിദ്യാർഥികൾ വായനക്ക് ഇടം നൽകുന്നവരായി മാറിയാൽ അവർക്ക് വലിയ അത്ഭുതങ്ങൾ കാണിക്കാൻ കഴിയുമെന്ന് എറണാകുളം ജില്ലാ കളക്ടർ ജി പ്രിയങ്ക ഐ.എ.എസ്  പറഞ്ഞു.  പുതിയ കാലത്ത് വായന കുറയുന്നു എന്ന് പറയുമ്പോഴും ഇത്തരത്തിൽ വിദ്യാർത്ഥികൾ ഉൾപ്പെടെയുള്ളവർ പുസ്തക രചനകളുമായി വരുന്നത് ഏറെ പ്രതീക്ഷ നൽകുന്ന ഒന്നാണെന്ന് അവർ പറഞ്ഞു. ഇന്ത്യയുടെ ചരിത്രത്തിൽ ഇതിനുമുമ്പ് 12 വയസ്സുള്ള രണ്ട് വ്യക്തികൾ മാത്രമാണ് പുസ്തകരചന നടത്തിയിട്ടുള്ളത് അതിൽ മൂന്നാമനായി ഈ വിദ്യാലയത്തിലെ ആദിദേവ് മാറിയതിൽ എറണാകുളം ജില്ലയുടെ കളക്ടർ എന്ന നിലക്ക് അഭിമാനം ഉണ്ടെന്നും അവർ പറഞ്ഞു. 

തന്റെ ജീവിതത്തിലെ അനുഭവങ്ങളെ ഒരു പുസ്തകമാക്കി മാറ്റാൻ ആദിദേവിന്റെ പുസ്തകപ്രകാശനച്ചടങ്ങ് പ്രചോദനമായിയെന്നും അവർ കൂട്ടിച്ചേർത്തു. രഹസ്യങ്ങളും സസ്‌പെൻസും നിറഞ്ഞ കഥാവഴികളിലായിരുന്നു ആദിയെന്ന ആദിദേവിന്റെ ഭാവന എന്നും സഞ്ചരിച്ചിരുന്നത്. വായനക്കാരനെ അടുത്ത താളിലേക്ക് ആകാംക്ഷയോടെ നയിക്കുന്ന ഉദ്വേഗഭരിതമായ ഒരു കഥ ജനിപ്പിക്കുക എന്നതായിരുന്നു അവന്റെ ലക്ഷ്യം. ആ ഉദ്വേഗങ്ങൾക്കൊപ്പം തന്നെ സൗഹൃദത്തിന്റെ ഊഷ്മളതയും, വലിയ സ്വപ്നങ്ങളും, പ്രതിസന്ധികളിൽ തളരാത്ത വീര്യവും ഈ കൃതിയിലൂടെ അവൻ വായനക്കാരനിലേക്ക് പകർന്നുനൽകുന്നു. 

മൂവാറ്റുപുഴ ഡിവൈഎസ്പി അബ്ദുൽ മുനീറിന് ആദ്യ കോപ്പി നൽകിയാണ്  ജില്ലാ കളക്ടർ പ്രകാശന കർമ്മം നിർവ്വഹിച്ചത്. സ്കൂൾ മാനേജർ പി.എ. മുക്താർ അധ്യക്ഷനായിരുന്നു. തണ്ടേക്കാട് മുസ്ലിം ജമാഅത്ത് പ്രസിഡന്റ് കെ. കെ. മജീദ്, പെരുമ്പാവൂർ എ.ഇ.ഒ. സജീവ് എ.ബി., പ്രശസ്ത തിരക്കഥാകൃത്ത് ജോയ് ഏബ്രഹാം, മുസ്തഫ ചിറ്റേത്തുകുടി, മുഹമ്മദലി മാലേത്താൻ, കെ.എച്ച്. നിസാമോൾ, വി. എം. മിനിമോൾ എന്നിവരും പ്രകാശന ചടങ്ങിൽ സംസാരിച്ചു. നാട്ടുകാരും സ്‌കൂൾ വിദ്യാർത്ഥികളും ജനപ്രതിനിധികളുമടങ്ങിയ വലിയൊരു സദസിനു മുമ്പിൽ വച്ചായിരുന്നു നോവൽ പ്രകാശനം.  

Tags