'താൻ ജീവിച്ചിരിപ്പുണ്ട്, ആരോഗ്യത്തോടെയും സന്തോഷത്തോടെയും ഇരിക്കുന്നു' ; മരണവാർത്തകളിൽ മറുപടിയുമായി നടി വടിവുക്കരസി
താൻ മരിച്ചുപോയെന്ന തരത്തിൽ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ച വ്യാജവാർത്തകൾക്ക് മറുപടിയുമായി മുതിർന്ന തമിഴ് ചലച്ചിത്രനടി വടിവുക്കരസി. താൻ ആരോഗ്യത്തോടെയും സന്തോഷത്തോടെയും ഇരിക്കുന്നുവെന്നും ആരാധകരും അഭ്യുദയകാംക്ഷികളും ആശങ്കപ്പെടേണ്ടതില്ലെന്നും താരം വ്യക്തമാക്കി. തന്തി ടിവിയോട് സംസാരിക്കുമ്പോഴായിരുന്നു വടിവുക്കരസിയുടെ പ്രതികരണം.
കഴിഞ്ഞ ദിവസമാണ് നടി അന്തരിച്ചതായി സോഷ്യൽ മീഡിയയിൽ വ്യാജപ്രചാരണമുണ്ടായത്. ഇത് ആരാധകരിലും സിനിമാമേഖലയിലുള്ളവരിലും വലിയ ആശങ്ക സൃഷ്ടിച്ചിരുന്നു. എന്നാൽ വ്യാജവാർത്തകൾമൂലം ഉണ്ടായ അനാവശ്യ ആശങ്കകളിൽ അത്ഭുതം പ്രകടിപ്പിച്ച താരം, തന്നെ വിളിച്ച് വിവരങ്ങൾ അന്വേഷിച്ച എല്ലാവർക്കും നന്ദിയും അറിയിച്ചു.
അഞ്ച് പതിറ്റാണ്ടോളം നീണ്ട അഭിനയജീവിതത്തിൽ തമിഴ്, തെലുങ്ക്, മലയാളം, കന്നഡ ഭാഷകളിലായി 350-ലധികം സിനിമകളിലും 40-ലധികം സീരിയലുകളിലും വടിവുക്കരസി അഭിനയിച്ചിട്ടുണ്ട്. കമലഹാസൻ ചിത്രം ‘സിഗപ്പ് റോജാക്കൾ’ എന്ന ചിത്രത്തിലൂടെയാണ് അവർ അഭിനയരംഗത്തേക്ക് കടന്നുവരുന്നത്. തുടർന്ന് ‘മുതൽ മര്യാദൈ’, ‘പടയപ്പ’, ‘ശിവാജി’ തുടങ്ങിയ ഒട്ടനവധി ചിത്രങ്ങളിലൂടെയും നിരവധി ടെലിവിഷൻ പരമ്പരകളിലൂടെയും ജനപ്രിയ നടിയായി മാറി. അർജുൻ ദാസ്, അന്ന ബെൻ എന്നിവർ പ്രധാനവേഷത്തിലെത്തി ഈ വർഷം പുറത്തിറങ്ങിയ ‘കോൺ സിറ്റി‘ എന്ന ചിത്രത്തിലാണ് താരം അവസാനമായി അഭിനയിച്ചത്.
.jpg)

