ഭർതൃവീട്ടിൽ കടുത്ത ബുദ്ധിമുട്ടുകൾ അനുഭവിച്ച് ജീവിക്കേണ്ടതില്ല, പ്രതിസന്ധി ഘട്ടങ്ങളിൽ മകളോട് തിരികെ വരാൻ പറയാനുള്ള ആർജ്ജവം മാതാപിതാക്കൾ കാണിക്കണം : നടി സ്വാസിക
സീരിയലുകളിലൂടെയും സിനിമകളിലൂടെയും മലയാളി പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ നടി സ്വാസിക, പെൺകുട്ടികൾക്ക് മാതാപിതാക്കൾ നൽകേണ്ട പിന്തുണയെക്കുറിച്ച് പങ്കുവെച്ച വാക്കുകൾ ശ്രദ്ധേയമാകുന്നു. ഭർതൃവീട്ടിൽ കടുത്ത ബുദ്ധിമുട്ടുകൾ അനുഭവിച്ച് ജീവിക്കേണ്ടതില്ലെന്നും, പ്രതിസന്ധി ഘട്ടങ്ങളിൽ മകളോട് തിരികെ വരാൻ പറയാനുള്ള ആർജ്ജവം മാതാപിതാക്കൾ കാണിക്കണമെന്നും സ്വാസിക വ്യക്തമാക്കുന്നു. വിവാഹം പോലെ തന്നെ ജീവിതത്തിൽ ഡിവോഴ്സും സ്വാഭാവികമായ ഒരു കാര്യമായി കാണാൻ സമൂഹത്തിന് സാധിക്കണമെന്നാണ് താരം ഓർമ്മിപ്പിക്കുന്നത്.
സിനിമയിലായാലും മറ്റ് തൊഴിൽ മേഖലകളിലായാലും നേരിടേണ്ടി വരുന്ന ചൂഷണങ്ങൾക്കെതിരെയും ബ്ലാക്ക്‌മെയിലിംഗുകൾക്കെതിരെയും പെൺകുട്ടികൾ ശക്തമായി ശബ്ദമുയർത്തണമെന്ന് സ്വാസിക ആവശ്യപ്പെടുന്നു. ഭയം കാരണം മിണ്ടാതിരുന്നാൽ ഇത്തരം അതിക്രമങ്ങൾ കൂടുകയേ ഉള്ളൂ. പ്രണയകാലത്തെ ചിത്രങ്ങളോ മോർഫ് ചെയ്ത ഫോട്ടോകളോ ഉപയോഗിച്ച് ഭീഷണിപ്പെടുത്താൻ ആരെങ്കിലും ശ്രമിച്ചാൽ, പേടിക്കാതെ അത് മാതാപിതാക്കളോട് തുറന്നുപറയാനുള്ള മാനസികാവസ്ഥ പെൺകുട്ടികൾക്ക് ഉണ്ടാകണം. എന്ത് സംഭവിച്ചാലും തങ്ങൾ കൂടെയുണ്ടാകും എന്ന ഉറപ്പാണ് മാതാപിതാക്കൾ മക്കൾക്ക് നൽകേണ്ടത്.
തന്റെ അമ്മ നൽകിയ വലിയ ഇമോഷണൽ സപ്പോർട്ടാണ് സ്വന്തം കരുത്തെന്നും താരം വെളിപ്പെടുത്തുന്നു. എന്ത് പ്രതിസദ്ധിയുണ്ടായാലും ഒപ്പം നിൽക്കുമെന്ന് അമ്മ തനിക്ക് ഉറപ്പു നൽകിയിട്ടുണ്ട്. ഈ ധൈര്യം ഉള്ളതുകൊണ്ട് തന്നെയാണ് ബസിലും മറ്റും മോശം അനുഭവങ്ങൾ ഉണ്ടായപ്പോൾ പ്രതികരിക്കാൻ തനിക്ക് സാധിച്ചതെന്നും സ്വാസിക കൂട്ടിച്ചേർത്തു.
.jpg)

