സഞ്ജയ് ദത്തിനൊപ്പം വീണ്ടും അഭിനയിക്കാൻ സാധിച്ചത് ഏറെ സന്തോഷകരമായ അനുഭവമായിരുന്നു : നടി സമീറ റെഡ്ഡി

It was a very happy experience to be able to act alongside Sanjay Dutt again: Actress Sameera Reddy

 വിവാഹശേഷം സിനിമയിൽ നിന്ന് വിട്ടുനിന്ന് ഗോവയിൽ തന്റെ രണ്ട് മക്കളോടൊപ്പം കുടുംബജീവിതം നയിക്കുകയാണ് പ്രശസ്ത നടി സമീറ റെഡ്ഡി. വർഷങ്ങൾക്ക് ശേഷം സഞ്ജയ് ദത്ത് നായകനായ 'ആഖിരി സവാൽ' എന്ന ചിത്രത്തിലൂടെ അവർ വീണ്ടും വെള്ളിത്തിരയിലേക്ക് തിരിച്ചെത്തിയിരിക്കുകയാണ്. സിനിമയിൽ സജീവമായിരുന്നില്ലെങ്കിലും സോഷ്യൽ മീഡിയയിലൂടെ ആരാധകരുടെ മനസ്സിൽ അവർ എപ്പോഴും ഉണ്ടായിരുന്നു.

സഞ്ജയ് ദത്തിനൊപ്പം വീണ്ടും അഭിനയിക്കാൻ സാധിച്ചത് ഏറെ സന്തോഷകരമായ അനുഭവമായിരുന്നുവെന്ന് സമീറ പറയുന്നു. മുൻപ് അദ്ദേഹത്തോടൊപ്പം രണ്ടുമൂന്ന് സിനിമകളിൽ പ്രവർത്തിച്ചിട്ടുള്ളതിനാൽ സെറ്റിൽ വളരെ വേഗം ഇണങ്ങിച്ചേരാൻ സാധിച്ചു. ഗോവയിൽ താമസിക്കുന്ന താൻ മക്കളുടെ എല്ലാ കാര്യങ്ങളും നേരിട്ട് നോക്കുന്ന ഒരമ്മയാണെന്നും അതിനാൽ ആഴ്ചകളോളം അവരെ വിട്ടുനിന്ന് ഷൂട്ടിങിൽ പങ്കെടുക്കാൻ പ്രയാസമായിരുന്നുവെന്നും സമീറ വ്യക്തമാക്കി.

എന്നാൽ ചിത്രത്തിന്റെ നിർമാതാവ് കൂടിയായ സഞ്ജയ് ദത്ത് തന്റെ സാഹചര്യം മനസ്സിലാക്കി വാരാന്ത്യങ്ങളിൽ മാത്രം വന്ന് അഭിനയിച്ചാൽ മതിയെന്ന നിർദ്ദേശം മുന്നോട്ട് വെക്കുകയായിരുന്നു. അങ്ങനെ രണ്ടുമൂന്ന് മാസങ്ങളോളം വാരാന്ത്യങ്ങളിൽ മാത്രം ഷൂട്ടിങിൽ പങ്കെടുത്താണ് താൻ ആ സിനിമ പൂർത്തിയാക്കിയതെന്നും ആ അനുഭവം ഏറെ ആസ്വദിച്ചെന്നും താരം കൂട്ടിച്ചേർത്തു.

പുതിയതായി അമ്മമാരായ നടിമാരുടെ ജോലി സമയത്തെക്കുറിച്ച് സിനിമാ മേഖലയിൽ നടക്കുന്ന ചർച്ചകളോടും സമീറ പ്രതികരിച്ചു. മുംബൈയിൽ നിന്നല്ലാതെ യാത്ര ചെയ്ത് വരുന്നതിനാൽ നിർമാതാവിന് നഷ്ടമുണ്ടാകാതിരിക്കാൻ താൻ തുടർച്ചയായും അധിക ഷിഫ്റ്റുകളിലുമൊക്കെ ജോലി ചെയ്തിട്ടുണ്ട്. എങ്കിലും ഒരു അമ്മ നേരിടുന്ന മാനസികവും ശാരീരികവുമായ സമ്മർദ്ദങ്ങൾ ചെറുതല്ലെന്ന് അവർ ചൂണ്ടിക്കാട്ടി.

മുലയൂട്ടലും ഹോർമോൺ വ്യതിയാനങ്ങളും കൈകാര്യം ചെയ്തുകൊണ്ട് ജോലി ചെയ്യുന്നത് അത്ര എളുപ്പമല്ല. നിർമാതാക്കൾക്ക് നടിയുടെ ഈ സാഹചര്യം മനസ്സിലാക്കി വിട്ടുവീഴ്ച ചെയ്യാൻ സാധിക്കുമെങ്കിൽ അത് വലിയ കാര്യമാണ്. അതേസമയം ഒരു സിനിമാ സെറ്റിൽ ഓരോ ദിവസവും വലിയ തുകയുടെ സാമ്പത്തിക നിക്ഷേപമാണ് നടക്കുന്നത് എന്നതിനാൽ നിർമാതാവിന്റെ ഭാഗത്തുനിന്നും കാര്യങ്ങൾ ചിന്തിക്കേണ്ടതുണ്ട്.

തെന്നിന്ത്യൻ സിനിമയിലെയും ബോളിവുഡിലെയും തന്റെ അനുഭവങ്ങളെക്കുറിച്ച് സംസാരിക്കുമ്പോൾ തെന്നിന്ത്യൻ ചലച്ചിത്ര ലോകത്തോടുള്ള തന്റെ പ്രത്യേക സ്നേഹം സമീറ മറച്ചുവെച്ചില്ല. ചിരഞ്ജീവി, ജൂനിയർ എൻ.ടി.ആർ, സൂര്യ, അജിത്, മോഹൻലാൽ തുടങ്ങിയ മുൻനിര താരങ്ങൾക്കൊപ്പം പ്രവർത്തിക്കാൻ സാധിച്ചത് മികച്ച അനുഭവമായിരുന്നു. ബോളിവുഡിനേക്കാൾ എത്രയോ മുകളിലായിരുന്നു തെന്നിന്ത്യൻ സിനിമയിൽ തനിക്ക് ലഭിച്ച സ്ഥാനം.

അവിടെ നിന്ന് ലഭിച്ച ബഹുമാനവും, കലാപരമായ മൂല്യവും, പ്രതിഫലവും, താരപദവിയും ഹിന്ദി സിനിമയിൽ തനിക്ക് ലഭിച്ചതിനേക്കാൾ വളരെ വലുതായിരുന്നുവെന്ന് സമീറ തുറന്നുപറഞ്ഞു. 18 വർഷങ്ങൾക്ക് ശേഷവും തെന്നിന്ത്യൻ ആരാധകർ തന്നോട് കാണിക്കുന്ന സ്നേഹം അവിശ്വസനീയമാണ്. ബോളിവുഡ് ആരാധകർ തന്നെ വെറുമൊരു പഴയ നടിയായി മാത്രം ഓർക്കുമ്പോൾ തെന്നിന്ത്യൻ ആരാധകർ ഇന്നും 'വാരണം ആയിരം' എന്ന ചിത്രത്തിലെ മേഘ്നയായാണ് തന്നെ സ്നേഹത്തോടെ സ്വീകരിക്കുന്നത്. അതുകൊണ്ടുതന്നെ, താൻ എപ്പോഴും സ്വയം ഒരു തെന്നിന്ത്യൻ നടിയായിട്ടാണ് കാണുന്നതെന്നും സമീറ അഭിമാനത്തോടെ പറഞ്ഞു. 

Tags