46 കോടി തട്ടിയെടുത്തു ; നടി അംബികയ്ക്കെ‌തിരെ ചെക്ക് കേസുമായി സഹോദരി രാധ

radha

 നടി അംബികയ്ക്കെ‌തിരെ ചെക്ക് തട്ടിപ്പ് കേസ് നൽകി നടിയും സഹോദരിയുമായ രാധാ നായർ . അംബികയും സഹോദരനും ചേർന്ന് 46 കോടി തട്ടിയെടുത്തെന്നാണ് രാധ ചെന്നൈ പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നത്. നടി രാധ തന്റെ മൂത്ത സഹോദരിയായ അംബികയ്ക്കെതിരെയാണ് ചെക്കുതട്ടിപ്പു പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്.

തങ്ങൾ ഒരുമിച്ചു താമസിച്ചിരുന്ന സമയത്ത് തന്റെ അറിവില്ലാതെ താൻ ഒപ്പിട്ടുവച്ചിരുന്ന അഞ്ച് ചെക്കുകൾ തട്ടിയെടുത്ത് 46 കോടി രൂപ കൈവശപ്പെടുത്തിയെന്നാണ് രാധയുടെ പരാതി. ഇന്നുരാവിലെ ചെന്നൈ പൊലീസ് കമ്മീഷണർ ഓഫീസിലെത്തിയാണ് രാധ തന്റെ സഹോദരി അംബികയ്ക്കും സഹോദരൻ അർജുനും എതിരെ പരാതി നൽകിയിരിക്കുന്നത്.
അടുത്തിടെ ഈ ബാങ്ക് അക്കൗണ്ടുകൾ സംബന്ധിച്ച വിവരങ്ങൾ പരിശോധിച്ചപ്പോഴാണ് ഇത്രയും വലിയൊരു തുകയുടെ തട്ടിപ്പ് നടന്നതായി അറിയുന്നതെന്ന് രാധ പറയുന്നു. ഇതുമാത്രമല്ല, സ്‌റ്റുഡിയോ ഉൾപ്പെടെയുള്ള മറ്റ് സ്ഥാപനങ്ങളുടെ ഉടമസ്ഥാവകാശവുമായി ബന്ധപ്പെട്ടും ഇവർ തമ്മിൽ തർക്കങ്ങളുണ്ടെന്നാണ് പുറത്തുവരുന്ന വിവരം.

കൂടാതെ കുടുംബപരമായുള്ള സ്വർണം, വ്രജം ഉൾപ്പെടെയുള്ള ആഭരണശേഖരവുമായി ബന്ധപ്പെട്ടും ഇവർക്കിടെയിൽ തർക്കങ്ങൾ നിലനിൽക്കുന്നുണ്ട്. ഇതിനിടെയാണ് പുതിയ പരാതിയുമായി രാധ പൊലീസിനെ സമീപിച്ചിരിക്കുന്നത്. സഹോദരി അംബികയും ഇവരുടെ സഹോദരൻ അർജുനും ചേർന്നാണ് ഈ തട്ടിപ്പ് നടത്തിയത് എന്നാണ് പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നത്. പരാതിയിൽ ചെന്നൈ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Tags