തമിഴിൽ ലഭിക്കാത്ത വേഷവും അംഗീകാരവും മലയാളത്തിൽ ലഭിച്ചു; 'മഞ്ഞുമ്മൽ ബോയ്സി’ന്റെ സംവിധായകന് നന്ദി; വികാരാധീനനായി തമിഴ് നടൻ

vijay muthu

കേരളത്തിന് പുറമെ തമിഴ്‌നാട്ടിലും തരംഗം സൃഷ്ടിച്ചു മുന്നേറുകയാണ് 'മഞ്ഞുമ്മൽ ബോയ്സ്'. ഇപ്പോഴിതാ തമിഴ്‍നാട്ടിലെ കൊടെക്കനാലിലെ ഗുണ കേവില്‍ 2006 ല്‍ നടന്ന സംഭവം അടിസ്ഥാനമാക്കി എടുത്ത ചിത്രത്തിലെ വേഷത്തെക്കുറിച്ച് വികാരാധീനനാവുകയാണ് തമിഴ് നടൻ വിജയ് മുത്തു. മൂന്നു പതിറ്റാണ്ടിലേറെയായി തമിഴ് സിനിമളിൽ അഭിനയിച്ചിട്ടും ലഭിക്കാത്ത വേഷവും അംഗീകാരവുമാണ് മഞ്ഞുമ്മൽ ബോയ്സിലൂടെ ലഭിച്ചതെന്നാണ് വിജയ് മുത്തു പറയുന്നത്. ഒരു തമിഴ് മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് കരഞ്ഞുകൊന്ദ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

മഞ്ഞുമ്മല്‍ ബോയ്സിലെ നിങ്ങളുടെ റോള്‍ ഏറെ ചര്‍ച്ച ചെയ്യപ്പെടുന്നു. അത് എത്രത്തോളം സന്തോഷം ഉണ്ടാക്കുന്നു എന്നായിരിക്കുന്ന വിജയ് മുത്തുവിനോടുള്ള ചോദ്യം. കണ്ണീര്‍ വരും.. എന്നായിരുന്നു അദ്ദേഹത്തിന്‍റെ ആദ്യ പ്രതികരണം. പിന്നീട് കണ്ണീരോടെ കുറച്ച് സമയം മിണ്ടാതെയിരുന്നു. അങ്കര്‍ ആദ്യദിനം തന്നെ തീയറ്ററില്‍ പോയി ചിത്രം കണ്ടോ എന്ന് വീണ്ടും ചോദിച്ചപ്പോൾ പിന്നീട് വാക്കുകള്‍ കിട്ടാതെ നടന്‍ കരയുകയായിരുന്നു. 

‘‘തമിഴിൽ ഞാൻ ഇനി കാണാത്ത സംവിധായകരില്ല. ഒരുപാടു പേരുടെ സിനിമകളിൽ അഭിനയിച്ചു. അപ്പോഴൊക്കെ, നല്ലൊരു വേഷത്തിനായി പലരോടും കെഞ്ചി ചോദിച്ചിട്ടുണ്ട്. ആരും തന്നില്ല. എവിടെ നിന്നും കിട്ടിയില്ല. ഇതിപ്പോൾ, ഒരു മലയാളി സംവിധായകനാണ് എനിക്ക് നല്ലൊരു വേഷം തന്നത്. എന്നിലെ നടനെ അദ്ദേഹം വിശ്വസിച്ചു. പണമല്ല, ഒരു അഭിനേതാവ് എന്ന നിലയിൽ കിട്ടുന്ന അംഗീകാരമില്ലേ? ഈ സിനിമയിലൂടെ പ്രേക്ഷകർ എന്നെ നല്ല നടനെന്നു വിശേഷിപ്പിക്കുന്നു. 

12ാം വയസ്സിൽ മനസിൽ കയറിക്കൂടിയ സ്വപ്നമാണ് സിനിമ. എന്റെ കുടംബത്തോട് എത്രമാത്രം സ്നേഹമുണ്ടോ അതുപോലെയാണ് എനിക്ക് സിനിമയും. ഈ സിനിമ തന്നെയാണ് എന്റെ മക്കൾക്ക് ജീവിതം പഠിപ്പും ജീവിതവും നൽകിയത്. പക്ഷേ, സിനിമയിൽ നമുക്കൊരു സ്വപ്നമുണ്ടാകില്ലേ? അതു തേടിയാണല്ലോ സിനിമയിലേക്ക് വരുന്നത്.  32 വർഷമെടുത്തു ഇങ്ങനെയൊരു നിമിഷം സംഭവിക്കാൻ! അതിനായി, എത്രയോ കഷ്ടപ്പാടുകൾ... വേദനകൾ. പല സംവിധായകരും എന്നെ കളിയാക്കിയിട്ടുണ്ട്. അതൊന്നും പറയാൻ എനിക്കു വാക്കുകളില്ല. അതിനെക്കുറിച്ച് ആലോചിക്കുമ്പോഴേ ഞാൻ ഇമോഷനൽ ആകും.’ എന്നായിരുന്നു വിജയ് മുത്തു പറഞ്ഞത്.

ചിദംബരമാണ് മഞ്ഞുമ്മല്‍ ബോയ്‍സ് സംവിധാനം ചെയ്‍തിരിക്കുന്നത്. ചിത്രത്തിൽ ഒരു പൊലീസ് ഉദ്യോഗസ്ഥന്റെ വേഷത്തിലാണ് വിജയ് മുത്തു എത്തുന്നത്. ഗുണ കേവ്സിൽ സുഹൃത്ത് വീണുവെന്നും സഹായിക്കണമെന്നും അഭ്യർഥിച്ച് പൊലീസ് സ്റ്റേഷനിലെത്തുന്ന സംഘത്തെ സംശയത്തോടെ നേരിടുന്ന ക്രൂരനായ പൊലീസ് ഉദ്യോഗസ്ഥന്റെ കഥാപാത്രമായിരുന്നു വിജയ് മുത്തുവിന്റേത്. 

കാക്ക മുട്ടൈയിലൂടെ അഭിനയരംഗത്തെത്തിയ വിജയ് മുത്തു വിക്രം വേദ, സാർപ്പട്ടൈ പരമ്പരൈ, ജയിലർ തുടങ്ങിയ ചിത്രങ്ങളിലാണ്  കുറച്ചെങ്കിലും ശ്രദ്ധിക്കപ്പെടുന്ന വേഷങ്ങളിൽ അഭിനയിച്ചത്.

മഞ്ഞുമ്മൽ ബോയ്സിൽ സൗബിൻ ഷാഹിർ, ശ്രീനാഥ് ഭാസി, ബാലു വർഗീസ്, ഗണപതി, ഖാലിദ് റഹ്‌മാൻ, ലാൽ ജൂനിയർ, ചന്തു സലീംകുമാർ, അഭിറാം രാധാകൃഷ്‍ണൻ, ദീപക് പറമ്പോൽ, വിഷ്‍ണു രഘു, അരുൺ കുര്യൻ തുടങ്ങിയവരാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സുശിന്‍ ശ്യാം ആണ് ചിത്രത്തിന്‍റെ സംഗീതം.