സിനിമാ ഷൂട്ടിങ്ങിനിടെ നടൻ കാര്‍ത്തിക്ക് പരിക്ക്


സിനിമാ ചിത്രീകരണത്തിനിടയില്‍ തമിഴ് നടന്‍ കാര്‍ത്തിക്ക് പരിക്കേറ്റതായി റിപ്പോര്‍ട്ട്. സര്‍ദാര്‍ 2 എന്ന സിനിമയിലെ ഒരു സുപ്രധാന രംഗം ചിത്രീകരണത്തിനിടയിലാണ് കാര്‍ത്തിക്ക് കാലിന് പരിക്കേറ്റത്. ഷൂട്ടിങ് ഒരാഴ്ചത്തേക്ക് താല്‍ക്കാലികമായി നിര്‍ത്തിവെച്ചിരിക്കുകയാണെന്നും അദ്ദേഹം സുഖം പ്രാപിച്ച ശേഷം പുനരാരംഭിക്കുമെന്നും ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
മൈസൂരുവില്‍ ഒരു ആക്ഷന്‍ രംഗം ചിത്രീകരിക്കുന്നതിനിടെയാണ് കാര്‍ത്തിയുടെ കാലിന് പരിക്കേറ്റത്. ഉടന്‍ തന്നെ നടനെ ആശുപത്രിയിലേക്ക് മാറ്റുകയും ഡോക്ടര്‍മാര്‍ അദ്ദേഹത്തിന് ഒരാഴ്ചത്തെ വിശ്രമം നിര്‍ദ്ദേശിക്കുകയുമായിരുന്നു. ഇതേ തുടര്‍ന്നാണ് സിനിമയുടെ ചിത്രീകരണം താല്‍ക്കാലികമായി നിര്‍ത്തിവെച്ചത്. കാര്‍ത്തി ആരോഗ്യം വീണ്ടെടുത്തയുടന്‍ ചിത്രത്തിന്റെ ഷൂട്ടിംഗ് പുനരാരംഭിക്കുമെന്നാണ് വിവരം.
2022ല്‍ പുറത്തിറങ്ങി വലിയ വിജയം നേടിയ സര്‍ദാര്‍ എന്ന സിനിമയുടെ രണ്ടാം ഭാഗമാണിത്. പിഎസ് മിത്രന്‍ തന്നെയാണ് സര്‍ദാര്‍ 2വിന്റെയും സംവിധായകന്‍. സര്‍ദാര്‍ 2 വില്‍ എസ്‌ജെ സൂര്യയാണ് കാര്‍ത്തിയുടെ വില്ലനായി എത്തുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. എസ് ലക്ഷ്മണ്‍ കുമാര്‍ നിര്‍മ്മാതാവും എ വെങ്കിടേഷ് സഹനിര്‍മ്മാതാവുമായ ചിത്രത്തിന് യുവന്‍ ശങ്കര്‍ രാജയാണ് സംഗീതം. ജോര്‍ജ്ജ് സി വില്യംസാണ് ഛായാഗ്രാഹകന്‍. ചിത്രസംയോജനം: വിജയ് വേലുക്കുട്ടി.
